SignIn
Kerala Kaumudi Online
Monday, 05 October 2026 6.59 AM IST

കേരള സർവകലാശാല മാർക്ക് തട്ടിപ്പ്: വി.സിയെ വരുത്തി അത‌ൃപ്തി അറിയിച്ച് ഗവർണർ, കമ്പ്യൂട്ടറുകൾ സീൽ ചെയ്തു

arif-

തിരുവനന്തപുരം: കേരള സർവകലാശാല മാർക്ക് തട്ടിപ്പ് വിവാദത്തിൽ വൈസ് ചാൻസലർ ഡോ. വി.പി. മഹാദേവൻ പിള്ളയെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജ്ഭവനിലേക്ക് വിളിച്ചുവരുത്തി. എന്താണ് സർവകലാശാലയിൽ നടക്കുന്നതെന്നും മാർക്ക് തട്ടിപ്പിൽ എന്തൊക്കെ നടപടികളെടുത്തെന്നും ഗവർണർ ചോദിച്ചു. സാങ്കേതിക സമിതിയുടെയും ആഭ്യന്തര സമിതിയുടെയും അന്വേഷണം പുരോഗമിക്കുകയാണെന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ശുപാർശ നൽകിയെന്നും ഗവർണറെ വി.സി അറിയിച്ചു. വി.സിയുടെ വിശദീകരണത്തിൽ അതൃപ്തി അറിയിച്ച ഗവർണർ, പരീക്ഷാ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലുമടക്കം സർവകലാശാലയുടെ നടപടികൾ കൂടുതൽ ശക്തമാക്കണമെന്നും പിഴവുകൾ ഒഴിവാക്കണമെന്നും നിർദ്ദേശിച്ചു. കടുത്ത തുടർനടപടികളുണ്ടാവണമെന്നും നിർദ്ദേശിച്ചു. കൂടിക്കാഴ്ച പത്തുമിനിട്ട് നീണ്ടു.

ഗവർണറുടെ നടപടിക്ക് പിന്നാലെ ഇ.എസ് സെക്‌ഷനിലെ വിവാദ സോഫ്‌റ്റ്‌വെയറിലെ മുഴുവൻ ഡേറ്റയും സർവകലാശാല സീൽ ചെയ്തു. കമ്പ്യൂട്ടറുകളുടെ പ്രവർത്തനം പൂർണമായി നിറുത്തി. കമ്പ്യൂട്ടറുകൾ സീൽ ചെയ്ത് പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ക്രൈംബ്രാഞ്ചിന് കത്ത് നൽകിയതായി വി.സി ഡോ. വി.പി. മഹാദേവൻ പിള്ള പറഞ്ഞു. സർവകലാശാലയ്ക്ക് പുറമെ നിന്നുള്ള ഐ.ടി സംഘമാണ് സാങ്കേതിക പരിശോധന നടത്തുന്നത്.

അതിനിടെ, സോഫ്‌റ്റ്‌വെയറിലെ പിശക് പരിഹരിക്കണമെന്ന് മുൻ വൈസ് ചാൻസലർ ഡോ. പി.കെ. രാധാകൃഷ്‌ണൻ ഇറക്കിയ ഉത്തരവ് കമ്പ്യൂട്ടർ സെന്റർ ഡയറക്ടർ വിനോദ് ചന്ദ്രൻ പൂഴ്ത്തിയതായി അന്വഷണത്തിൽ കണ്ടെത്തി. 2016 നവംബർ19ന് സോഫ്‌റ്റ്‌വെയറിലെ പിഴവുകളെക്കുറിച്ച് പരീക്ഷാ കൺട്രോളർ വി.സിക്ക് നൽകിയ റിപ്പോർട്ടിനെത്തുടർന്നായിരുന്നു 2017 ഫെബ്രുവരി 8ന് വി.സിയുടെ ഉത്തരവ്. എന്നിട്ടും വിനോദ്ചന്ദ്രൻ പിശക് മാറ്റാൻ നടപടിയെടുത്തില്ല. ഇതേക്കുറിച്ച് വിശദീകരണം ആവശ്യപ്പെട്ട് വി.സി, കമ്പ്യൂട്ടർ സെന്റർ ഡയറക്ടർക്ക് ഇന്നലെ നോട്ടീസ് നൽകി. ഡയറക്ടർക്കെതിരെ നടപടിയുണ്ടാവുമെന്നാണ് സൂചന.

അന്വേഷണ ശുപാർശ എവിടെ..?

ക്രൈംബ്രാഞ്ച് അന്വേഷണത്തിന് കേരള സർവകലാശാലാ വൈസ് ചാൻസലറുടെ ശുപാർശ ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ തച്ചങ്കരി പറഞ്ഞു. ഡി.ജി.പി ലോക്നാഥ് ബെഹ്റയ്ക്കും ഇത്തരമൊരു ശുപാർശ ലഭിച്ചിട്ടില്ലെന്നാണ് താൻ അന്വേഷിച്ചപ്പോൾ അറിഞ്ഞത്. ശുപാർശ ലഭിച്ചാലുടൻ ക്രൈംബ്രാഞ്ച് കേസ് ഏറ്റെടുക്കും. അതേസമയം ക്രൈംബ്രാഞ്ചിന് രണ്ട് ശുപാർശ നൽകിയെന്നാണ് വി.സിയുടെ വാദം.

എം.ജിയിൽ വീണ്ടും

തട്ടിപ്പെന്ന് ചെന്നിത്തല

മന്ത്രി കെ.ടി. ജലീലിന്റെ പേഴ്സണൽ സെക്രട്ടറി പങ്കെടുത്ത വിവാദ അദാലത്തിലെ തീരുമാനം റദ്ദാക്കുന്നതിൽ എം.ജി സർവകലാശാല കൈക്കൊണ്ട തീരുമാനങ്ങളിൽ പിഴവുണ്ടെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇന്നലെ വീണ്ടും ഗവർണറെ കണ്ടു. ഒരു വിഷയത്തിന് മാത്രം തോറ്റവരെ ജയിപ്പിക്കാൻ അധിക മോഡറേഷൻ നൽകാനുള്ള അദാലത്തിലെ തീരുമാനങ്ങൾ റദ്ദാക്കിയത് ഭാഗികമായി മാത്രമാണെന്നും വീണ്ടും അട്ടിമറിക്ക് ശ്രമം നടക്കുകയാണെന്നും ചെന്നിത്തല ഗവർണറെ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ARIF
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA