തിരുവനന്തപുരം: 2016ൽ കെ.എം മാണിയുടെ ബഡ്‌ജറ്റ് അവതരണവേളയിൽ സ്‌പീക്കറുടെ ഡയസിൽ കയറി കസേര വലിച്ചെറിഞ്ഞ താൻ ഉൾപ്പെടുന്ന അന്നത്തെ പ്രതിപക്ഷ അംഗങ്ങളുടെ നടപടിയെ ന്യായീകരിച്ച് സ്പീക്കർ ശ്രീരാമകൃഷ്‌ണൻ രംഗത്ത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു സ്പീക്കറുടെ പ്രതികരണം. 2016 -ൽ സഭയിൽ കണ്ടത് പ്രതിപക്ഷത്തിന്റെ സ്വാഭാവികമായ പ്രതിഷേധമായിരുന്നു. അത് ആസൂത്രിതമല്ല. അങ്ങനെ സംഭവിച്ചുപോയി. അന്നും പ്രതിപക്ഷത്തെ ആറ് അംഗങ്ങൾക്കെതിരെ നടപടിയുണ്ടായെങ്കിലും ആരും വായിത്തോന്നിയത് പറഞ്ഞില്ല. കഴിഞ്ഞ ദിവസം സ്പീക്കറുടെ ഡയസിൽ കയറിയതിനെതിരേ നടപടിയെടുത്തത് സഭയുടെ അന്തസ് കാക്കാനാണെന്നും പി. ശ്രീരാമകൃഷ്ണൻ പത്രസമ്മേളനത്തിൽ പറഞ്ഞു.
ഒരിക്കൽ ഒരു സംഭവമുണ്ടായാൽ അതിനെ എല്ലാക്കാലത്തേക്കും സ്ഥിരനിക്ഷേപമാക്കി അതിന്റെ പലിശകൊണ്ട് ജീവിക്കരുതെന്ന് സ്പീക്കർ വിമർശിച്ചു. നിയമസഭയുടെ ചട്ടങ്ങളനുസരിച്ച് സഭയിൽനിന്ന് പുറത്തുപോകണമെന്ന് പറയാൻ അധ്യക്ഷന് കഴിയുമെങ്കിലും പരിമിതമായ നടപടിയാണ് താൻ സ്വീകരിച്ചത്. ശിക്ഷ നൽകേണ്ടയാളുടെ സമ്മതത്തോടെ അത് നൽകാനാകില്ല. ഇങ്ങനെയാണ് സഭ എന്ന് ധരിച്ച ഒരുകൂട്ടം പുതിയ എം.എൽ.എമാരുണ്ട്. അവരെ തിരുത്താൻ പ്രതിപക്ഷനേതാവ് ശ്രമിക്കണമെന്നും സ്പീക്കർ വ്യക്തമാക്കി.
ഒ.രാജഗോപാലിന്റെ അഭിപ്രായം കേട്ടാണ് സ്‌പീക്കർ നടപടിയെടുത്തതെന്ന പ്രതിപക്ഷനേതാവിന്റെ അഭിപ്രായം ആക്ഷേപാർഹമാണ്. സ്പീക്കറെ ചട്ടങ്ങളും കീഴ്‌വഴക്കങ്ങളുമല്ലാതെ മറ്റൊന്നും സ്വാധീനിച്ചിട്ടില്ല. പൊലീസ് മർദനമേറ്റ ഷാഫി പറമ്പിൽ അവകാശ ലംഘന നോട്ടീസൊന്നും നൽകിയിട്ടില്ല. നോട്ടീസ് തന്നാൽ പരിശോധിക്കുമെന്നും സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |