തിരുവനന്തപുരം: യൂണിവേഴ്സിറ്റി ഹോസ്റ്റലിൽ കെ.എസ്.യു യൂണിറ്റ് ജോയിന്റ് സെക്രട്ടറിയുടെ കൈ ചവിട്ടി ഒടിച്ചതായി പരാതി. രണ്ടാം വർഷ എം.എ ഹിസ്റ്ററി വിദ്യാർത്ഥി നിതിൻ രാജിനാണ് മർദ്ദനമേറ്റത്. കൈയ്ക്ക് സാരമായി പരിക്കേറ്റ നിതിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഒരു എസ്.എഫ്.ഐ നേതാവിനെതിരെയാണ് പരാതി. ഹോസ്റ്റലിലെ നിതിന്റെ മുറിയിൽ മറ്രുചിലർക്കൊപ്പം കത്തിയുമായെത്തി ഭീഷണിപ്പെടുത്തുകയും കത്തിയുടെ പിടികൊണ്ട് പുറത്തും നെഞ്ചത്തും ഇടിച്ചശേഷം കൈ ചവിട്ടി ഒടിക്കുകയുമായിരുന്നുവെന്നാണ് നിതിൻ പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നത്.
സംഭവമറിഞ്ഞെത്തിയ മറ്റ് വിദ്യാർത്ഥികളാണ് നിതിനെ ആശുപത്രിയിലെത്തിച്ചത്. കൈയ്ക്കും പുറത്തും പരിക്കേറ്റു. പതിനാറാം വാർഡിൽ ചികിത്സയിലാണ്. എന്നാൽ സംഭവത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന് കന്റോൺമെന്റ് പൊലീസ് വെളിപ്പെടുത്തി. അതേസമയം, കോളേജിലെ ഒരു വിദ്യാർത്ഥിയെ ശാരീരികമായി ഉപദ്രവിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്യുകയും താക്കീത് ചെയ്യുകയും ചെയ്തതിന്റെ പ്രതികാരമാണ് കെ.എസ്.യുവിന്റെ ആരോപണമെന്ന് എസ്.എഫ്.ഐ പറയുന്നു. വിദ്യാർത്ഥിയെ ഉപദ്രവിക്കാൻ ശ്രമിച്ചതിന് വാർഡന് പരാതി നൽകിയതായും എസ്.എഫ്.ഐ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |