കൊച്ചി: നടൻ ഷെയ്‌ൻ നിഗമിനോട് ഇനി സഹകരിക്കില്ലെന്ന് മലയാള സിനിമയിലെ നിർമ്മാതാക്കളുടെ സംഘടന. ഷെയ്‌നിനെ ഇനി തങ്ങളുടെ ഒരു സിനിമയിലും അഭിനയിപ്പിക്കില്ലെന്നും രണ്ട് സിനിമകൾക്കുമായി ചിലവായ ഏഴ് കോടി രൂപ തിരികെ നൽകാതെ സഹകരിപ്പിക്കില്ലെന്നും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. സൂപ്പർ സ്‌റ്റാറുകളിൽ നിന്നുപോലും ഉണ്ടാകാത്ത പെരുമാറ്റമാണ് ഷെയ്‌നിൽ നിന്നും ഉണ്ടായതെന്നും സംഘടനാ നേതാക്കളായ എം.രഞ്ജിത്ത്, ആന്റോ ജോസഫ് എന്നിവർ പറഞ്ഞു.
നിസഹകരണത്തിനൊപ്പം നടനെതിരെ കടുത്ത ആരോപണങ്ങളും നിർമ്മാതാക്കൾ ഉന്നയിക്കുന്നുണ്ട്. മലയാളസിനിമയിലെ ഒരു കൂട്ടം യുവതലമുറ ലഹരിക്കടിമപ്പെട്ടിരിക്കുകയാണെന്നും, എൽ.എസ്.ഡി പോലുള്ള ലഹരി പദാർത്ഥങ്ങൾ ലൊക്കേഷനിൽ എത്തിക്കുന്നുണ്ടെന്നും നിർമ്മാതാക്കൾ ആരോപിച്ചു.
'മോഹൻലാലും മമ്മൂട്ടിയും അടക്കമുള്ളവർ എത്രയോ കാലങ്ങളായി നിർമ്മാതാക്കളുടെ വരുമാനത്തിനനുസരിച്ച് സഹകരിച്ചവരാണ്. ഇന്ന് രണ്ടോ മൂന്നോ സിനിമകഴിഞ്ഞാൽ ഷെയിനിനെ പോലുള്ളവരുടെ പെരുമാറ്റം സഹിക്കാൻ പറ്റാത്തതാണ്. വെയിൽ, കുർബാനി എന്നീ സിനിമകൾ ഇനി വേണ്ട. അതിന്റെ നഷ്‌ടം സഹിക്കാനാണ് നിർമ്മാതാക്കളുടെ തീരുമാനം. ആ സിനിമകൾക്ക് വേണ്ടി ചിലവായ തുകയും അതിന്റെ നഷ്‌ടവും എന്ന് തിരിച്ചു തരുന്നോ അന്നല്ലാതെ ഒരുകാരണവശാലും ഷെയ്ൻ നിഗമിന്റെ സിനിമകളുമായി സഹകരിക്കണ്ട എന്നുതന്നെയാണ് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം.
കൃത്യമായി ലൊക്കേഷനിൽ വരില്ല. എല്ലാദിവസവും എന്തെങ്കിലും കാരണങ്ങൾ പറയും. മലയാളം ഇൻഡസ്‌ട്രിയിൽ അച്ചടക്കമില്ലായ്‌മ ചെറുപ്പക്കാർക്കിടയിൽ ഒരുപാടുണ്ട്. എല്ലാ സിനിമാ സെറ്റുകളും പരിശോധിക്കണം. ഞങ്ങൾക്ക് അക്കാര്യത്തിൽ ഒരുമടിയുമില്ല. ഇതുവളരെ വ്യാപകമായിട്ടുണ്ടെന്ന് ഞങ്ങൾ വ്യക്തമായി പറയുന്നു. ഒരാളും കാരവാനിൽ നിന്ന് പുറത്തിറങ്ങുന്നില്ല. എല്ലാകാരവാനും പരിശോധിക്കണം. ഇതിനെ പറ്റി മലയാള സിനിമയിൽ അന്വേഷണം നടത്തട്ടെ. ഇവർ പലരും അമ്മ സംഘടനയുമായി സഹകരിക്കാറില്ല. കാരണം അമ്മയ്‌ക്ക് വ്യക്തമായ നിലപാടുണ്ട് എന്നതുതന്നെ കാരണം'-എം.രഞ്ജിത്ത് പറഞ്ഞു .
എൽ.എസ്.ഡി പോലുള്ള ലഹരി പദാർത്ഥങ്ങൾ മലയാള സിനിമയിൽ ചിലർ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് അസോസിയേഷൻ നേതാവ് സിയാദ് കോക്കർ ആരോപിച്ചു. എന്തുകൊണ്ട് സിനിമാക്കാരെ പരിശോധിക്കുന്നില്ല. സെലിബ്രിറ്റികളെ മാറ്റി നിറുത്തികൊണ്ട് സാധാരണക്കാരെ അറസ്‌റ്റ് ചെയ്യുന്നതേ കാണുന്നുള്ളൂ. ലൊക്കേഷനുകളിലൊക്കെ നിയന്ത്രിക്കാൻ കഴിയാത്ത അവസ്ഥയായി മാറിയിരിക്കുകയാണെന്നും സിയാദ് കോക്കർ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |