തിരുവനന്തപുരം : ':പെണ്ണായത് കൊണ്ട് മാത്രം ഇപ്പോൾ വെറുതെ വിടുന്നുവെന്നും , അല്ലെങ്കിൽ ചേംബറിൽ നിന്ന് പിടിച്ചിറക്കി കൈയും കാലും തല്ലിയൊടിക്കുമായിരുന്നുവെന്നും അഭിഭാഷകർ ഭീഷണിപ്പെടുത്തിയതായി വഞ്ചീയൂർ കോടതിയിലെ മജിസ്ട്രേട്ട് ദീപാ മോഹൻ ചീഫ് ജുഡിഷ്യൽ മജിസ്ട്രേട്ടിന് എഴുതി നൽകിയ പരാതിയിൽ പറയുന്നു..
വാഹനാപകട കേസിലെ പ്രതിക്ക് ജാമ്യം നിഷേധിച്ചതിൽ പ്രതിഷേധിച്ച് വ്യാഴാഴ്ചയാണ് മജിസ്ട്രേട്ട് ദീപാ മോഹനെ
ഒരു സംഘം അഭിഭാഷകർ ചേംബറിലെത്തി ഭീഷണിപ്പെടുത്തികയും കൂക്കിവിളിക്കുകയും ചെയ്തതായി പരാതി ഉയർന്നത്..ചേംബറിലെത്തിയ തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റും സെക്രട്ടറിയുമടക്കമുളള അഭിഭാഷകർ പ്രതിക്ക് ജാമ്യം നിഷേധിച്ച തന്റെ ഉത്തരവ് തിരുത്താൻ ആവശ്യപ്പെട്ടു. അതിന് വഴങ്ങാതെ വന്നപ്പോൾ ഭീഷണിപ്പെടുത്തി. '48വർഷം പ്രാക്ടീസുളള അഭിഭാഷകരോടാണോ കളിയ്ക്കുന്നത്. ആദ്യം പോയി നിയമമൊക്കെ പഠിച്ചിട്ട് വാ. ഇനി ഇതിനകത്ത് ഇരുന്നാൽ മതി. പുറത്തേയ്ക്ക് ഇറങ്ങരുത്.' എന്നാക്രോശിച്ചു..തുടർന്ന്, കോടതി മുറിയിലെത്തിയ ബാർ അസോസിയേഷൻ ഭാരവാഹികൾ അവിടെ ഉണ്ടായിരുന്ന മറ്റ് അഭിഭാഷകരോടും കക്ഷികളോടും ഇറങ്ങിപ്പോകാൻ പറഞ്ഞു. 'ഇനി മുതൽ ഈ കോടതി പ്രവർത്തിക്കില്ല. ഇനി ഇങ്ങോട്ട് വരണമോയെന്ന് ഞങ്ങൾ തീരുമാനിക്കു'മെന്ന് പറഞ്ഞ് കോടതി മുറിയുടെ വാതിൽ അടച്ചതായും പരാതിയിൽ പറയുന്നു.
സി.ജെ.എം വഞ്ചിയൂർ പൊലീസിന് കൈമാറിയ പരാതിയിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് കെ.പി.ജയചന്ദ്രൻ, സെക്രട്ടറി പാച്ചല്ലൂർ ജയകൃഷ്ണൻ എന്നിവർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 10 അഭിഭാഷകർക്കെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
ആദ്യഘട്ടത്തിൽ, അന്യായമായി സംഘം ചേർന്ന് ബഹളം ഉണ്ടാക്കിയെന്ന കുറ്റം ചുമത്തി ജാമ്യം ലഭിക്കുന്ന വകുപ്പുകൾ പ്രകാരം കേസെടുക്കാനായിരുന്നു പൊലീസ് നീക്കം. എന്നാൽ മജിസ്ട്രേട്ട് കർശന നിലപാടെടുത്തോടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയെന്ന കുറ്രം കൂടി ചുമത്തി ജാമ്യമില്ലാത്ത വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിട്ടുളളത്. അന്യായമായി തടങ്കലിൽ വച്ചെന്ന കുറ്റവും ചുമത്തിയിട്ടുണ്ട് .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |