മഹാരാഷ്ട്രയിലെ പുതിയ സഖ്യവും സർക്കാർ രൂപീകരണവുമൊക്കെ ദേശീയ മാദ്ധ്യമങ്ങൾ അടക്കം ഇതിനകം ഒട്ടേറെ ചർച്ചകൾ നടത്തിക്കഴിഞ്ഞിരിക്കുന്നു. മഹാരാഷ്ട്രയിൽ ഹിന്ദുത്വ പ്ലാറ്റ്ഫോം ഉയർത്തി ബി.ജെ.പി- ശിവസേനാസഖ്യവും എൻ.സി.പി - കോൺഗ്രസ് മറ്റൊരു സഖ്യവുമായി തിരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്തു. എന്നാൽ ഒറ്റയ്ക്ക് ഭരിക്കാൻ ഒരു കക്ഷിക്കും അവസരം കിട്ടിയതുമില്ല. എങ്കിലും സഖ്യകക്ഷികൾ എന്ന നിലയിൽ സർക്കാർ രൂപീകരിക്കാൻ ജനങ്ങൾ അവസരം കൊടുത്തത് ബി.ജെ.പി- ശിവസേന സഖ്യത്തിനായിരുന്നു. മുഖ്യമന്ത്രിക്കസേരയിൽ ഉടക്കി ബി.ജെ.പി- ശിവസേന ബന്ധം വഷളാവുകയും അധികാരത്തിനുവേണ്ടി ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ച നയവും പരിപാടിയുമെല്ലാം കാറ്റിൽ പറത്തി നടത്തിയ നാടകങ്ങളുടെയും കാലുവാരലിന്റെയും ഒടുവിൽ വിശാല ത്രികക്ഷിസഖ്യം ഭൂരിപക്ഷം തെളിയിച്ച് ശിവസേനാ നേതാവ് ഉദ്ധവ് താക്കറെ മുഖ്യ മന്ത്രിയായി അധികാരമേറ്റു. 34 ദിവസത്തെ അനിശ്ചിതത്വത്തിനുശേഷം 288 അംഗ നിയമസഭയിൽ എൻ.സി.പി- ശിവസേന- കോൺഗ്രസ് എന്നീ കക്ഷികളും 11 സ്വതന്ത്രന്മാരുടെയും സഹായത്തോടെ 169 പേരുടെ പിന്തുണയുമായിട്ടാണ് ത്രികക്ഷി മഹാസഖ്യത്തിന് സർക്കാർ രൂപീകരണം സാദ്ധ്യമായത്.
ഇതിനിടയിൽ നടന്ന അന്തർനാടകങ്ങളും മുന്നണി മാറ്റവും കാലുവാരലും തിരികെ വന്നതും എല്ലാം ഇന്ത്യൻ ജനാധിപത്യത്തിൽ നടക്കാൻ പാടില്ലാത്തതായിരുന്നു. ഇന്ത്യൻ ഭരണഘടന കൂടുതൽ കരുത്താർജിക്കുന്നതിനും അതിലൂടെ നമ്മുടെ രാജ്യത്തെ ഓരോ പൗരനും ഭരണഘടനയുടെ തണലിൽ സുരക്ഷിതത്വ ബോധത്തോടെ ജീവിക്കുന്നതിനും വേണ്ടി ഭരണഘടനയുടെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്ന ഭരണഘടനാദിനം ആഘോഷിക്കുന്ന ദിനത്തിൽത്തന്നെ ജനാധിപത്യത്തിന് ആശാസ്യമല്ലാത്ത സംഭവവികാസങ്ങൾ മഹാരാഷ്ട്രയിൽ നടന്നത് നമ്മുടെ ഭരണഘടനയ്ക്ക് തീരാക്കളങ്കമാണ്.
ഹിന്ദുത്വ അജൻഡ ആയിരുന്നു ബി.ജെ.പി - ശിവസേന സഖ്യം മുന്നോട്ടു വച്ച് തിരഞ്ഞെടുപ്പിനെ നേരിട്ടത്. യഥാർത്ഥത്തിൽ അവിടുത്തെ ജനങ്ങൾ അംഗീകാരം നൽകിയതും അതിന് തന്നെയായിരുന്നു. അപ്പോൾ തീർച്ചയായിട്ടും ആ മുന്നണി, ഭരണം നടത്തുക എന്നുള്ളതായിരുന്നു ജനാധിപത്യവും, മുന്നണി മര്യാദയും. അതിലെ വലിയ ഒറ്റകക്ഷി എന്ന നിലയിൽ മുഖ്യമന്ത്രിപദം ആവശ്യപ്പെടാൻ ബി.ജെ.പിക്ക് ധാർമ്മികമായ അവകാശമുണ്ട്. എന്നാൽ ഒരേ മുന്നണിയിലെ ഇരുകക്ഷികളും മുഖ്യമന്ത്രി പദത്തിനുവേണ്ടി വിട്ടുവീഴ്ചയില്ലാത്ത വിധം വാശിപിടിക്കുകയും പരസ്പരമുണ്ടായിരുന്ന വിശ്വാസവും സഹകരണവും നഷ്ടപ്പെടുത്തി വേർപിരിയുകയുമാണുണ്ടായത്. ഹിന്ദത്വ അജണ്ട പറഞ്ഞ് വോട്ടുപിടിച്ച ശിവസേനയെ ചേർത്തു നിറുത്തുന്നതിന് മതേതരകക്ഷിയായ കോൺഗ്രിന് ഒരു നിമിഷം പോലും ചിന്തിക്കേണ്ടി വന്നില്ല എന്നുള്ളത് അങ്ങേയറ്റം പരിതാപകരവും ആ പാർട്ടിയുടെ ദയനീയ അവസ്ഥയുമാണ്. അടുത്ത നിമിഷം ചതിക്കു ചതി എന്ന നിലയിൽ ബി.ജെ.പി നേതൃത്വം എൻ.സി.പി യിലെ നേതാവും ശരത്പവാറിന്റെ സഹോദരപുത്രനുമായ അജിത്ത് പവാറിനെ കൂട്ടുപിടിച്ച് സർക്കാർ രൂപീകരിക്കുവാൻ തീരുമാനിച്ചു. രണ്ട് വ്യത്യസ്ത മുന്നണികളിലും വ്യത്യസ്തമായ നയസമീപനങ്ങളിൽ നിന്ന് വോട്ടുനേടിയവരായിരുന്നു ബി.ജെ. പി.യും എൻ.സി.പി യും. ചുരുക്കത്തിൽ പരസ്പരം കാലുവാരിയും ചതിച്ചും സർക്കാർ ഉണ്ടാക്കാൻ എല്ലാവരും ശ്രമിച്ചു. എന്നിട്ട് ഇതിനൊക്കെ പുതിയ പുതിയ വാദമുഖങ്ങളും ന്യായങ്ങളും കണ്ടെത്തി പറയാൻ തുടങ്ങി.
ഇത്രയുമായപ്പോൾ ആറ് പതിറ്റാണ്ടിലേറെയായി മഹാരാഷ്ട്രയിലും ദേശീയതലത്തിലും ഏറെ സ്വാധീനവും മെയ് വഴക്കവുമുള്ള 82 വയസ് തികഞ്ഞ ശരത്പവാർ എന്ന അതികായകൻ രണ്ടും കൽപ്പിച്ച് കളത്തിലിറങ്ങുകയായിരുന്നു. ശിവസേനയിലെയും എൻ.സി.പിയിലേയും കോൺഗ്രസിലെയും എം.എൽ.എമാർക്ക് ആത്മവിശ്വാസം പകരുന്നതായിരുന്നു ശരത്ത്പവാറിന്റെ ഓരോ വാക്കുകളും. പവാറിന്റേത് വെറും വാക്കുകളായിരുന്നില്ലെന്ന് പിന്നീട് മഹാരാഷ്ട്ര കണ്ട ഏറ്റവും വലിയ രാഷ്ട്രീയ നാടകത്തിലൂടെ മനസിലായി. താനാണ് എൻ.സി.പി യെന്ന് പ്രഖ്യാപിച്ചുകൊണ്ട് ബി.ജെ.പി പാളയത്തിലെത്തി, ഉപമുഖ്യമന്ത്രിസ്ഥാനം അലങ്കരിച്ച തന്റെ ബന്ധുകൂടിയായ അജിത്ത് പവാറിനെ ഇരുട്ടിവെളുക്കുന്നതിന് മുമ്പ് തിരികെയെത്തിച്ച ശരത്പവാർ നടുക്കിയത് ബി.ജെ.പി യുടെ മഹാരാഷ്ട്ര നേതാവ് ഫഡ്നാവിസിനെ ആയിരുന്നില്ല. മറിച്ച് ഇന്ദ്രപ്രസ്ഥത്തിലെ സിംഹങ്ങളെയായിരുന്നു. വ്യത്യസ്തമായ കാഴ്ചപ്പാടോടുകൂടിയും വ്യത്യസ്തമായ പ്രചാരണങ്ങളോടു കൂടിയും തിരെഞ്ഞെടുപ്പിൽ മത്സരിച്ച വിരുദ്ധചേരിയിലുള്ള ശിവസേനയേയും കോൺഗ്രിനെയും പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തിൽ ഒരുമിച്ച് നിറുത്തി എൻ.സി.പി യുടെ പിന്തുണയോടെ 162 എം.എൽ.എ മാരുടെ ലിസ്റ്റ് പ്രഖ്യാപിച്ചും ഭൂരിപക്ഷം തെളിയിച്ചപ്പോൾ ഒരു ദിവസം മാത്രം പ്രായമുള്ള ബി.ജെ.പി മുഖ്യമന്ത്രി ഫഡ്നാവിസിന് ആയുധം നഷ്ടപ്പെട്ട പോരാളിയെപ്പോലെ കളിക്കളത്തിൽ നിന്നും നിർവികാരനായി പടിയിറങ്ങേണ്ടി വന്നു എന്നുള്ളത് രാഷ്ട്രീയരംഗത്തെ പുതുതലമുറയ്ക്ക് മുന്നറിയിപ്പും ഒപ്പം ബാലപാഠവുമായിരിക്കണം. ജനാധിപത്യത്തിലെ ഏത് അളവുകോൽ വച്ചു നോക്കിയാലും ഇതിലൊരു കക്ഷിക്കും ജനങ്ങളുടെ മുന്നിൽ നിരത്താൻ ഒരു ന്യായീകരണവുമില്ല. ബി.ജെ.പിയെക്കാൾ തീവ്രമായി ഹിന്ദുത്വ അജണ്ട നടപ്പിലാക്കാൻ ശ്രമിക്കുന്ന ശിവസേനയുമായി സഹകരിച്ച് പ്രവർത്തിക്കാൻ കോൺഗ്രിന് കഴിയുമെങ്കിൽ ബി.ജെ.പി യുമായി സഹകരിക്കുന്നതിൽ എന്തിനാണ് കോൺഗ്രസ് എതിർക്കുന്നത്. ഒരേനിലപാടുമായി മത്സരിച്ച് ജനങ്ങൾ ഭൂരിപക്ഷം നൽകിയിട്ടും അധികാരത്തർക്കത്തിന്റെ പേരിൽ ബി.ജെ.പിക്ക് ലഭിച്ച 105 സീറ്റിലും ശിവസേനയുടെ വോട്ടുകളുണ്ടെന്നും അവരേയും ചേർത്തു നിറുത്തുന്നതാണ് ജനാധിപത്യ മര്യാദയെന്ന ധാർമ്മികത മറന്ന് അധികാരത്തിന്റെ സ്വാധീനമുപയോഗിച്ച് ചാക്കിട്ട് പിടിത്തത്തിലൂടെ പച്ച വെളുപ്പാൻകാലത്ത് മന്ത്രിസഭയുണ്ടാക്കിയ ബി.ജെ.പി രാഷ്ട്രീയ മര്യാദയും ജനാധിപത്യവും അട്ടിമറിക്കാൻ ശ്രമിച്ചതും, കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ നൽകിയത് നല്ല സന്ദേശമല്ല. ആരുടെ കൂടെക്കൂടിയാലും മുഖ്യമന്ത്രിയിൽ കുറഞ്ഞ ഒന്നിനും ഞാനില്ല എന്ന ശിവസേനാ നേതാവിന്റെ പിടിവാശിയും ജനാധിപത്യത്തിന് ഭീഷണിയാണ്. എനിക്കൊന്നും ആവേണ്ട എന്നാൽ ഞാനാണ് പവർ ബ്രോക്കർ ഇത് മഹാരാഷ്ട്രയാണ് എന്നു പറഞ്ഞ് യാതൊരു നിലപാടും ഇല്ലാതെ പൊതുമിനിമം പരിപാടിയുണ്ടാക്കിയ ശരത്പവാറിന്റെ നിലപാട് ഇന്ത്യൻ രാഷ്ട്രീയത്തിൽ പ്രോത്സാഹിപ്പിക്കാവുന്നതല്ല. ചുരുക്കത്തിൽ ഇതൊരു വെല്ലുവിളിയാണ്. ജനാധിപത്യത്തോടും ഭരണഘടനയോടും ഒപ്പം ജനാധിപത്യ വിശ്വസികളായ ജനങ്ങളോടും .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |