കൊടുങ്ങല്ലൂർ: പട്ടാപ്പകൽ കാറിനുള്ളിൽ തീ പടർന്ന് കാറോടിക്കുകയായിരുന്ന ആൾ വെന്ത് മരിച്ചു. തുരുത്തിപ്പുറം പടമാട്ടുമ്മൽ അന്തപ്പൻ മകൻ ടൈറ്റസാണ് (49) മരിച്ചത്. കുടുംബജീവിതത്തിലെ അസ്വാരസ്യങ്ങളാൽ ജീവനൊടുക്കുകയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാവിലെ പത്തേ കാലോടെ ചന്തപ്പുര കോട്ടപ്പുറം ബൈപാസിൽ ഗൗരിശങ്കർ ജംഗ്ഷന് തെക്കുഭാഗത്തായിരുന്നു സംഭവം. ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചെന്നായിരുന്നു ആദ്യ നിഗമനം.
കത്തിക്കരിഞ്ഞ നിലയിലായ മൃതദേഹം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോയി, പോസ്റ്റ്‌മോർട്ടത്തിന് ശേഷം വൈകീട്ടോടെ തിരുത്തിപ്പുറത്തേക്ക് കൊണ്ടു പോയി. ബൈപാസിലെ സർവീസ് റോഡിലൂടെ ഗൗരിശങ്കർ ജംഗ്ഷൻ പിന്നിട്ട് നീങ്ങിയ കാർ തീപിടിച്ച് റോഡരികിലെ കാനയിലിടിച്ച് നിൽക്കുകയായിരുന്നു. നാട്ടുകാരും പൊലീസും രക്ഷാപ്രവർത്തനത്തിന് ശ്രമിച്ചുവെങ്കിലും ടൈറ്റസിനെ രക്ഷിക്കാനായില്ല. ധരിച്ചിരുന്ന വസ്ത്രങ്ങൾ ഏറെക്കുറെ പൂർണ്ണമായും കത്തി. കാറിന്റെ ഉൾഭാഗം പൂർണ്ണമായും കത്തി. ഫോറൻസിക് വിദഗ്ദ്ധർ സംഭവസ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ഫയർഫോഴ്‌സ് സംഘമെത്തിയ ശേഷമാണ് മൃതദേഹം കാറിൽ നിന്നും പുറത്തെടുത്തത്. വിദേശത്ത് ജോലി നോക്കിയിരുന്ന ടൈറ്റസ് ഈയടുത്താണ് നാട്ടിലെത്തിയത്. ഇവിടെ ഗ്രാഫിക് ഡിസൈനർ ആയി ജോലി നോക്കി വരികയായിരുന്നു. തുരുത്തിപ്പുറത്തെ വീട്ടിൽ നിന്നും കാറിൽ പുറപ്പെട്ട ടൈറ്റസ്, ബൈപാസിലെ പെട്രോൾ പമ്പിൽ നിന്നും 80 രൂപയ്ക്ക് കുപ്പിയിൽ പെട്രോൾ വാങ്ങിയിരുന്നതായി വിവരമുണ്ട്. ജോയിസാണ് ടൈറ്റസിന്റെ ഭാര്യ. മക്കൾ: അനഘ, നിഖിത..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |