കൊച്ചി : മന്ത്രിമാർക്ക് വിദേശയാത്രയിലാണോ താത്പര്യമെന്ന് ചോദിച്ചുകൊണ്ട് സംസ്ഥാന സർക്കാരിന്റെ പ്രവർത്തനം കാര്യക്ഷമമല്ലെന്ന് ഹെെക്കോടതി സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു. സർക്കാർ കോടതി ഉത്തരവുകൾ നടപ്പാക്കുന്നില്ല. സ
ർക്കാർ കോടതിയുടെ വിശ്വാസം നഷ്ടപ്പെടുത്തുന്ന നടപടികളാണ് സ്വീകരിക്കുന്നതെന്നും ഇൗ സർക്കാരിൽ നിന്ന് കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ലെന്നും ഹൈക്കോടതി നിരീക്ഷിച്ചു.
നാളികേര വികസന കോർപറേഷനിലെ മുൻ ജീവനക്കാരുടെ ശമ്പളവും ആനുകൂല്യങ്ങളും ഉൾപ്പെടെയുള്ള കുടിശിക മൂന്നു മാസത്തിനുള്ളിൽ നൽകാൻ 2018 ഒക്ടോബർ 17ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഒരുവർഷം കഴിഞ്ഞിട്ടും ഇതു നടപ്പാക്കിയില്ലെന്നാരോപിച്ച് മുൻ ജീവനക്കാർ നൽകിയ കോടതിയലക്ഷ്യ ഹർജി പരിഗണിക്കുമ്പോഴാണ് ഹൈക്കോടതി സർക്കാരിനെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചത്. സർക്കാർ നടപ്പാക്കുന്നില്ലെങ്കിൽ കോടതി ഉത്തരവുകൾ കൊണ്ടു പ്രയോജനമില്ല. സർക്കാരിന്റെ പ്രവർത്തനം കാര്യക്ഷമമല്ല. ജനങ്ങൾക്ക് അവർ അർഹിക്കുന്ന സർക്കാരിനെയാണ് ലഭിക്കുകയെന്നൊരു ചൊല്ലുണ്ട്. സർക്കാർ പണം എങ്ങനെ ചെലവഴിക്കുന്നുവെന്ന് മാദ്ധ്യമങ്ങളിലൂടെ മനസിലാകുന്നുണ്ട്. പ്രായമായ ജീവനക്കാരുടെ ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതാണ് തടസപ്പെട്ടത്. ഐ.എ.എസ് ഉദ്യോഗസ്ഥർ എ.സി മുറികളിലിരുന്ന് സാധാരണക്കാരന്റെ പ്രശ്നങ്ങൾ മനസിലാക്കാതെയാണ് ഉത്തരവിറക്കുന്നത്. സർക്കാർ ബ്യൂറോക്രാറ്റുകളുടെ തടവിലാണെങ്കിൽ പിന്നെ ഒന്നും പറയാനില്ല. നാളികേര വികസന കോർപറേഷന്റെ ഭൂമി മറ്റൊരു സ്ഥാപനത്തിന് പാട്ടത്തിന് നൽകിയിട്ടും ജീവനക്കാരുടെ കുടിശിക നൽകിയില്ല. ഇവരെ തൂക്കിക്കൊല്ലുകയായിരുന്നു ഇതിലും ഭേദം - സിംഗിൾബെഞ്ച് വാക്കാൽ പറഞ്ഞു. കോടതിയലക്ഷ്യ ഹർജി ഇന്ന് വീണ്ടും പരിഗണിക്കാൻ മാറ്റി.
കേസിന്റെ ചരിത്രം
സംസ്ഥാന നാളികേര വികസന കോർപറേഷന്റെ പ്രവർത്തനം നിലച്ചതോടെ ജീവനക്കാർക്ക് വോളന്റിയർ റിട്ടയർമെന്റ് സ്കീം പ്രഖ്യാപിച്ചിരുന്നു. ഭൂരിപക്ഷം ജീവനക്കാരും ഇതു സ്വീകരിച്ചു. കോർപറേഷനെ പിന്നീട്
പുനരുജ്ജീവിപ്പിക്കുമ്പോൾ ജോലി ലഭിച്ചാൽ മതിയെന്ന നിലപാടാണ് ചില ജീവനക്കാർ സ്വീകരിച്ചത്. ഇരു കൂട്ടർക്കും ആനുകൂല്യങ്ങളോ ശമ്പള കുടിശികയോ നൽകിയില്ല. കോർപറേഷനെ പുനരുജ്ജീവിപ്പിക്കാൻ സർക്കാരിന് നീക്കമില്ലെന്ന് കണ്ട ജീവനക്കാർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന് കോർപറേഷനെ മറ്റേതെങ്കിലും സ്ഥാപനവുമായി ലയിപ്പിച്ചാൽ ജീവനക്കാരുടെ തൊഴിലിനുള്ള ക്ളെയിം പരിഗണിക്കണമെന്നും കോർപറേഷൻ അടച്ചുപൂട്ടിയാൽ ഇവരുടെ ആനുകൂല്യങ്ങൾ കുടിശിക തീർത്തു നൽകണമെന്നും സിംഗിൾബെഞ്ച് നിർദ്ദേശിച്ചു. 2008ലെ ഉത്തരവിനുശേഷവും സർക്കാർ നടപടി സ്വീകരിച്ചില്ല. പകരം കേരള ഫീഡ്സ് എന്ന സ്ഥാപനത്തിന് നാലുകോടി രൂപ പാട്ടത്തിന് കോർപറേഷന്റെ സ്വത്തുവകകൾ കൈമാറി. ഇതോടെ ജീവനക്കാർ ആനുകൂല്യങ്ങൾക്കായി വീണ്ടും ഹർജി നൽകി. 2018 ഒക്ടോബറിൽ ഹർജി പരിഗണിച്ച സിംഗിൾബെഞ്ച് മൂന്നു മാസത്തിനുള്ളിൽ ഇവരുടെ ആവശ്യം പരിഗണിച്ചു തീർപ്പാക്കാൻ ഉത്തരവിട്ടു. പാട്ടത്തുകയായി ലഭിച്ച നാലുകോടി രൂപ തങ്ങളുടെ കുടിശിക തീർക്കാൻ പര്യാപ്തമാണെന്ന ഹർജിക്കാരുടെ വാദം കൂടി അംഗീകരിച്ചാണ് വിധി പറഞ്ഞത്. എന്നാൽ ഇൗ ഉത്തരവു സർക്കാർ പാലിച്ചില്ല. തുടർന്നാണ് ജീവനക്കാർ കോടതിയലക്ഷ്യ ഹർജി നൽകിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |