തിരുവനന്തപുരം: എം.പിമാരും എം.എൽ.എമാരും കെ.പി.സി.സി ഭാരവാഹികളാവുന്നതിലുള്ള വിയോജിപ്പ് പരസ്യമാക്കി കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. കെ.പി.സി.സിയെ നയിക്കാൻ ആൾക്കൂട്ടമല്ല, ഗുണപരമായ മാറ്റമാണ് വേണ്ടത്. അതിനാണ് താൻ ശ്രമിക്കുന്നതെന്നും ഇവിടെ വാർത്താസമ്മേളനത്തിൽ അദ്ദേഹം തുറന്നടിച്ചു.
നേതൃപാടവവും കാര്യശേഷിയുമുള്ളവരാണ് എം.പിമാരും എം.എൽ.എമാരുമെന്നതിൽ തർക്കമില്ല. ഒരു പാർലമെന്റംഗത്തിന് 7- 8 മാസം പാർലമെന്റ് സമ്മേളനമുണ്ടാകും.അതിലവരുടെ സജീവ പങ്കാളിത്തം ഇപ്പോൾ അനിവാര്യമാണ്. എം.പിമാരെല്ലാം ഒന്നോ രണ്ടോ പാർലമെന്റ് സമിതികളിൽ അംഗമായിരിക്കും. അതിന്റെ പ്രവർത്തനങ്ങളിൽ പങ്കെടുക്കണം. നിയോജകമണ്ഡലങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങൾക്ക് പ്രഥമ പരിഗണന നൽകണം. അതില്ലാതെ എന്നും ജയിച്ചുവരാനാവില്ല. അതിനെല്ലാമൊപ്പം പാർട്ടി സ്ഥാനത്തും പ്രവർത്തിക്കാൻ എവിടെ സമയം?.എം.എൽ.എമാർക്കാണെങ്കിൽ തിരഞ്ഞെടുപ്പിന് ഇനി കഷ്ടിച്ച് ഒരു വർഷമാണുള്ളത്. സ്വന്തം മണ്ഡലത്തിൽ കൂടുതൽ സമയം ചെലവിടേണ്ട രാഷ്ട്രീയ സാഹചര്യത്തിൽ പുറമേയുള്ള സംഘടനാപ്രവർത്തനം എങ്ങനെ നടത്തും.? പ്രസിഡന്റെന്ന നിലയിൽ താനേല്പിക്കുന്ന ഉത്തരവാദിത്വം അവർക്കെങ്ങനെ അതേ നിലയിൽ നടപ്പാക്കാനാവും? ഈയൊരു സാഹചര്യം അവരെല്ലാം അംഗീകരിക്കേണ്ടേ? തനിക്ക് ആരോടും വിരോധമില്ല
കെ.പി.സി.സി പുന:സംഘടന സംബന്ധിച്ച് എല്ലാ നേതാക്കൾക്കും അഭിപ്രായങ്ങളും ആഗ്രഹങ്ങളുമുണ്ടാകും. എ.കെ. ആന്റണിയും തെന്നല ബാലകൃഷ്ണപിള്ളയുമൊഴിച്ചുള്ള നേതാക്കളെല്ലാം തനിക്ക് പട്ടിക നൽകിയിട്ടുണ്ട്. അതിലോരോ പേരിലും തന്റെ അഭിപ്രായം വ്യക്തമായി രേഖപ്പെടുത്തിയാണ് ഹൈക്കമാൻഡിന് കൈമാറിയത്. പുന:സംഘടന എങ്ങനെ വേണമെന്ന നിർദ്ദേശവും അറിയിച്ചിട്ടുണ്ട്. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായി ഇക്കാര്യങ്ങളെല്ലാം ചർച്ച ചെയ്തു. അന്തിമതീരുമാനമെടുക്കേണ്ടത് ഹൈക്കമാൻഡാണ്. പുന:സംഘടന വളരെ വേഗം വേണമെന്ന് ആഗ്രഹമുണ്ട്. പുന:,സംഘടന സംബന്ധിച്ച് പി.സി. ചാക്കോ നടത്തിയ പ്രതികരണം ദുരുദ്ദേശ്യത്തോടെ വളച്ചൊടിക്കരുതെന്ന് അദ്ദേഹം തന്നെ കണ്ടപ്പോൾ പറഞ്ഞു. അതിനെ ദുർവ്യാഖ്യാനം ചെയ്യേണ്ടതില്ല. പ്രതിപക്ഷമെന്ന നിലയിൽ കോൺഗ്രസ് ദുർബലമല്ല. തങ്ങൾ ചെയ്യുന്നത് ജനങ്ങളിലെത്തിക്കാൻ മാദ്ധ്യമങ്ങളുടെ ഇടപെടലുണ്ടാവണമെന്നും മുല്ലപ്പള്ളി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |