ന്യൂഡൽഹി: മരടിലെ വിവാദ ഫ്‌ളാറ്റ് പൊളിക്കുന്നതുമായി ബന്ധപ്പെട്ട് അറ്റോർണി ജനറൽ കെ.കെ. വേണുഗോപാലിന് എതിരെ ഫ്‌ളാറ്റ് ഉടമൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളി. ഉടമകളുടെ കേസുകൾ നിരവധി തവണ പരിഗണിച്ചതാണെന്നും, തുടരെ ആവശ്യങ്ങളുന്നയിച്ച് സമീപിക്കുന്നത് കോടതിയെ കളിയാക്കുന്നതിനു തുല്യമാണെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് വിമർശിച്ചു. വിഷയത്തിൽ ക്രിമിനൽ കോടതിയലക്ഷ്യത്തിന് അനുമതി വൈകിക്കുന്നതായി ആരോപിച്ചാണ് ഉടമകൾ അറ്റോർണി ജനറലിനെതിരെ ഹർജി നൽകിയത്.
അഡിഷണൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ്, തദ്ദേശ സ്വയംഭരണ സെക്രട്ടറി ഗോപാലകൃഷ്ണ ഭട്ട്, എറണാകുളം മുൻ കളക്ടർ മുഹമ്മദ് സഫറുള്ള തുടങ്ങി എട്ടു പേർക്കെതിരേ ക്രിമിനൽ കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കാനാണ് അറ്റോർണി ജനറലിന്റെ അനുമതി തേടിയത്. എന്നാൽ എ.ജി. ആവശ്യം അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്യുന്നില്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഫ്‌ളാറ്റ് ഉടമകൾ സുപ്രീം കോടതിയെ സമീപിച്ചത്.
എ.ജിയുടെ തീരുമാനത്തിനു മുമ്പേ തങ്ങളുടെ ഫ്‌ളാറ്റുകൾ പൊളിക്കുകയാണെന്നും ഉദ്യോഗസ്ഥർക്കെതിരെ ക്രിമിനൽ കോടതിയലക്ഷ്യ നടപടിക്ക് അനുമതി നൽകാൻ എ.ജിക്ക് നിർദേശം നൽകണമെന്നും ആവശ്യപ്പെട്ടാണ് ഗോൾഡൻ കായലോരം ഫ്‌ളാറ്റിലെ റിത ശശിധരൻ, മെറീന ജോർജ്, എം.എൽ. ജോർജ് എന്നിവർ ഹർജി നൽകിയത്. എന്നാൽ ഇത് അംഗീകരിക്കാൻ കഴിയില്ലെന്ന് ജസ്റ്റിസുമാരായ അരുൺ മിശ്രയും സഞ്ജീവ് ഖന്നയും അടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |