നാടൻ പെണ്ണും നാട്ടു പ്രമാണിയും, പറയാം, കോളേജ് കുമാരൻ, ദീപസ്തംഭം മഹാശ്ചര്യം, അച്ഛനെയാണെനിക്കിഷ്ടം തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയ സുരേഷ് പൊതുവാൾ ആദ്യമായി സംവിധാന രംഗത്തേക്ക് കടക്കുന്ന സിനിമയാണ് ഉൾട്ട. ന്യൂജെൻ പെണ്ണുങ്ങൾ അരങ്ങുവാഴുന്ന കാലത്ത് തുല്യതയുടെ ത്രാസിൽ സ്ത്രീ -പുരുഷ സമത്വത്തെ ബാലൻസ് ചെയ്യിക്കാനുള്ള ശ്രമമാണ് തന്റെ ആദ്യ സിനിമയിലൂടെ പൊതുവാൾ നടത്തിയിരിക്കുന്നത്. ഉൾട്ട എന്ന പേരിനർത്ഥം തലതിരിഞ്ഞത് എന്നായതിനാൽ തന്നെ സിനിമയും അത്തരത്തിലൊക്കെ തന്നെയാണ്.
ഒരു 'കുടുംബശ്രീ' കഥ
കഥയുടെ പശ്ചാത്തലം പൊന്നാപുരം എന്നുപറയുന്ന പ്രകൃതിമനോഹരമായ ഗ്രാമമാണ്. പൊന്നാപുരം എന്നതിനെക്കാൾ കൂടുതൽ നന്നായി ആ ഗ്രാമത്തിന് ചേരുന്ന പേര് പെണ്ണാപുരം എന്നാണ്. കാരണം മറ്റൊന്നുമല്ല, അവിടെ പാടത്ത് പണിയെടുക്കുന്നവർ മുതൽ പൊലീസുകാർ വരെ പെണ്ണുങ്ങളാണ് (ഉശിരുള്ളതും ഉശിരുണ്ടെന്ന് നടിക്കുന്നതും). പെണ്ണുങ്ങൾ ചെയ്യുന്ന വീട്ടുജോലി അടക്കമുള്ളവയെല്ലാം ഇവിടെ പുരുഷവർഗം ചെയ്യും, ആണുങ്ങളുടെ പണിയെല്ലാം പെണ്ണുങ്ങളും. അവിടത്തെ സ്ത്രീ മുന്നേറ്റത്തിന്റെ നേതൃനിരയിലുള്ളത് വനിതാ പഞ്ചായത്ത് പ്രസിഡന്റായ പൗർണമിയാണ്. അങ്ങനെയിരിക്കെ പഞ്ചായത്തിന്റെ താൽപര്യപ്രകാരം സ്ത്രീകളെ ആയോധനകല പഠിപ്പിക്കാൻ ചന്ദ്രു എന്ന യുവാവ് എത്തുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമയുടെ ഇതിവൃത്തം.
പുരുഷവിരോധം, പെൺകോയ്‌മ
കുടുംബകഥയെ നർമ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കാനാണ് പൊതുവാളിന്റെ ശ്രമമെങ്കിലും സ്വന്തം തിരക്കഥ ചരടുപൊട്ടിയ പട്ടമായി മാറുന്നുണ്ട്. സിനിമയുടെ ആദ്യപകുതി മുഴുവൻ പെണ്ണുങ്ങളുടെ അപദാനങ്ങളെ പാടിപ്പുകഴ്‌ത്തുന്നുണ്ട്. ആൺകോയ്‌മയെ അതിശക്തമായി ചോദ്യം ചെയ്യുന്ന പെണ്ണുങ്ങൾ, ഭർത്താക്കന്മാർക്ക് ദാമ്പത്യ ജീവിതത്തിലുള്ള അവകാശം പോലും നിഷേധിക്കുന്ന ദുരവസ്ഥയാണെന്ന വിചിത്രവാദം പോലും മുന്നോട്ടവയ്ക്കുന്നു. എല്ലാ നാട്ടിലുമുണ്ടാകുമല്ലോ സ്ത്രീ വിമോചനത്തിനും മുന്നേറ്റത്തിനും തിരികൊളുത്തിയ ഒരു തീപ്പൊരി നേതാവ്. ഇവിടെയുമുണ്ട് അത്തരത്തിലൊരു കഥാപാത്രം, സാവിത്രി. ആദ്യപകുതിയിലെ സ്ത്രീ വിപ്ളവം കണ്ട് തല കറങ്ങിയിരിക്കുമ്പോഴാണ് രണ്ടാംപകുതിയിലെ പ്രേമവിപ്ളവത്തിന്റെ കർട്ടനുയരുന്നത്. ഇഷ്ടപ്പെടുന്ന പുരുഷനൊപ്പം ജീവിക്കാൻ കട്ടയ്ക്ക് നിൽക്കുന്ന പെൺകുട്ടികളുള്ള ഇന്നത്തെക്കാലത്ത്, ഒരു നാട്ടിലെ പുരുഷന്മാരുടെയും സ്ത്രീകളുടെയും സമ്മതം കാത്തുനിൽക്കുന്ന തൊണ്ണൂറുകളിലെ സിനിമാ സങ്കൽപം പൊടി തട്ടിയെടുക്കുന്ന സംവിധായകൻ താൻ ഇപ്പോഴും പഴഞ്ചൻ മനോഭാവക്കാരനാണെന്ന് വെളിവാക്കുന്നുണ്ട്. സംഭവം സ്ത്രീ ശാക്തീകരണമാണ് ലക്ഷ്യമിടുന്നതെങ്കിലും ക്ളൈമാക്സിൽ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ കൊണ്ടുവന്നുള്ള തുല്യതാപ്രസംഗം നടത്തിയുള്ള ബാലൻസിംഗ് ആക്ട് കൂടിയാകുമ്പോൾ എല്ലാം ശുഭം.
മലയാള സിനിമയിലെ തന്റേടിയായ നായികമാരിൽ ഒരാളായ അനുശ്രീ തന്നെയാണ് സിനിമയുടെ കേന്ദ്രബിന്ദു. പഞ്ചായത്ത് പ്രസിഡന്റായ പൗർണമിയെ അവതരിപ്പിക്കുന്ന അനുശ്രീ, ഇത്തരം വേഷങ്ങൾ തന്റെ കൈയിൽ ഭദ്രമാണെന്ന് ആവർത്തിച്ച് തെളിയിക്കുന്നുണ്ട്. പൗർണമിയുടെ മുന്നിൽ ശക്തി ചോർന്നുപോയ ഭർത്താവും പഞ്ചായത്ത് പ്രതിപക്ഷ നേതാവുമായ പുരുഷോത്തമനായി രമേഷ് പിഷാരടിയും മികച്ചുനിൽക്കുന്നു. ചന്ദ്രു എന്ന നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഗോകുൽ സുരേഷിന് അത്രയേറെയൊന്നും ചെയ്യാനില്ല. ഗോകുലിന്റെ ജോഡിയായെത്തുന്ന പ്രയാഗ മാർട്ടിനാകട്ടെ സൗന്ദര്യം കൊണ്ടുമാത്രം സ്ക്രീനിൽ പിടിച്ചുനിൽക്കുന്നു. സിദ്ധിഖ്, ശാന്തികൃഷ്ണ, കോട്ടയം പ്രദീപ്, സുരഭി ലക്ഷ്മി, തെസ്നിഖാൻ, ജാഫർ ഇടുക്കി, കെ.പി.എസ്.സി ലളിത, അഞ്ജന അപ്പുക്കുട്ടൻ, പൗളി വിത്സൻ, സലിംകുമാർ, അനു നായർ, ബിനു അടിമാലി, സിനോജ് വർഗീസ്, സുബീഷ് സുധി തുടങ്ങീ നീണ്ടൊരു താരനിര തന്നെ ചിത്രത്തിൽ വന്നുപോകുന്നു.
ഗ്രാമീണഭംഗി ഒട്ടുംചോരാതെ തന്നെ കാമറാമാൻ പ്രകാശ് വേലായുധൻ ഒപ്പിയെടുത്തിട്ടുണ്ട്. ഗോപി സുന്ദറിനൊപ്പം സുദർശൻ എന്ന പുതുമുഖ സംഗീത സംവിധായകനെ കൂടി ഈ ചിത്രത്തിൽ പരിചയപ്പെടുത്തുന്നുണ്ട്. ഹരിനാരായണന്റെയും അജോയ്ചന്ദ്രന്റേതുമാണ് ഗാനങ്ങൾ പക്ഷേ, അത്ര മികച്ചതൊന്നുമല്ല.
വാൽക്കഷണം: പെണ്ണുങ്ങളാണ് തട്ടുന്നതും മുട്ടുന്നതും സൂക്ഷിച്ചുവേണം
റേറ്റിംഗ്: 1.5
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |