തിരുവനന്തപുരം:മന്ത്രിമാർക്ക് വിദേശയാത്രയിൽ മാത്രമാണ് താല്പര്യമെന്ന് ഹൈക്കോടതി വാക്കാൽ വിമർശിക്കാനിടയാക്കിയ നാളികേര വികസന കോർപ്പറേഷന്റെ കേസിൽ ആവശ്യമായ പണം അനുവദിക്കാൻ മന്ത്രിസഭായോഗം തീരുമാനിച്ചു.
കോർപ്പറേഷനിൽ നിന്ന് സ്വയം പിരിഞ്ഞു പോയവരുടെ ആനുകൂല്യങ്ങൾ നൽകാത്ത കേസിലായിരുന്നു സിംഗിൾ ബെഞ്ചിന്റെ വിമർശനം. വിപണിയിൽ ഇടപെടാൻ കൃഷി വകുപ്പിന് അനുവദിച്ച തുകയിൽ നിന്ന് ഇതിനായുള്ള തുക വകമാറ്റി നൽകാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു. അജൻഡയ്‌ക്ക് പുറത്തുള്ള ഇനമായി കൃഷി മന്ത്രി വി. എസ്. സുനിൽകുമാറാണ് ഇത് അവതരിപ്പിച്ചത്.
ജപ്പാൻ, ദക്ഷിണ കൊറിയ സന്ദർശനത്തിന്റെ നേട്ടങ്ങൾ മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രിസഭാ യോഗത്തിൽ വിവരിച്ചു. വിദേശ പര്യടനത്തിന്റെ നേട്ടങ്ങൾ വിവരിക്കാനും പ്രതിപക്ഷത്തിന്റേതടക്കം ഇക്കാര്യത്തിലെ വിമർശനങ്ങൾക്ക് മറുപടി പറയാനുമായി മുഖ്യമന്ത്രി ഇന്ന് വാർത്താസമ്മേളനം നടത്തിയേക്കും.
കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനത്ത് ചെലവ് ചുരുക്കലിനുള്ള നിർദ്ദേശങ്ങളൊന്നും മന്ത്രിസഭയുടെ പരിഗണനയ്ക്കെത്തിയില്ല. പിന്നീട് ധനവകുപ്പ് ഇതിനുള്ള നിർദ്ദേശങ്ങൾ സമർപ്പിച്ചേക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |