തിരുവനന്തപുരം: ക്വാറി ഉടമകൾ സർക്കാരിലേക്ക് അടയ്‌ക്കേണ്ട സീനിയറേജ് തുകയുടെ കുടിശ്ശികയിനത്തിലുള്ള കോടിക്കണക്കിന് രൂപ എഴുതിത്തള്ളണമെന്ന ആവശ്യം മന്ത്രിസഭായോഗം തള്ളി. കുടിശ്ശിക എത്രയും വേഗം അടയ്ക്കാൻ നിർദ്ദേശം നൽകും.
2015 ഫെബ്രുവരിയിൽ സീനിയറേജ് തുക പാറ ടണ്ണിന് രണ്ടര രൂപയായിരുന്നത് 200രൂപയാക്കി അന്നത്തെ സർക്കാർ ഉയർത്തിയിരുന്നു. ക്വാറി ഉടമകളുടെ സമ്മർദ്ദത്തെ തുടർന്ന് 2016 ഫെബ്രുവരിയിൽ ഇത് വീണ്ടും കുറച്ച് ടണ്ണിന് 50രൂപയാക്കി. ഈ ഒരു വർഷക്കാലയളവിൽ ക്വാറി ഉടമകൾ തുക അടച്ചിരുന്നില്ല. 50 രൂപയാക്കിയ ശേഷമാണ് അടച്ചത്. അങ്ങനെ അടയ്ക്കേണ്ടിയിരുന്ന കുടിശ്ശികത്തുക എഴുതിത്തള്ളണമെന്നായിരുന്നു ഉടമകളുടെ ആവശ്യം. എന്നാൽ, സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ക്വാറി ഉടമകൾക്കു കോടികളുടെ സീനിയറേജ് തുകയിൽ ഇളവ് നൽകാനാവില്ലെന്ന സെക്രട്ടറിതല സമിതിയുടെ റിപ്പോർട്ട് പരിഗണിച്ച് മന്ത്രിസഭായോഗം ആവശ്യം തള്ളുകയായിരുന്നു.ഈ സമയത്ത് ക്വാറി ഉടമകളുടെ കുടിശ്ശിക എഴുതിത്തള്ളുന്നത് വിമർശനങ്ങൾക്ക് ഇടയാക്കുമെന്ന് ചില മന്ത്രിമാരും യോഗത്തിൽ അഭിപ്രായപ്പെട്ടു. കുടിശ്ശിക എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് ക്വാറി ഉടമകൾ മന്ത്രിമാരായ ഇ.പി. ജയരാജനും ഇ. ചന്ദ്രശേഖരനും നിവേദനം നൽകിയിരുന്നു. തുടർന്നാണ് പരിശോധിക്കാൻ ധനകാര്യ, റവന്യു, ജിയോളജി വകുപ്പുകളുടെ സെക്രട്ടറിമാരടങ്ങിയ സമിതിയെ ചുമതലപ്പെടുത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |