തെലങ്കാനയിൽ യുവതിയായ വെറ്ററിനറി ഡോക്ടറെ തട്ടിക്കൊണ്ടുപോയി മാനഭംഗം ചെയ്തു കൊന്ന ശേഷം ചുട്ടുകരിച്ച നാല് യുവാക്കളെ പൊലീസ് വെള്ളിയാഴ്ച പുലർച്ചെ 'ഏറ്റുമുട്ടലിൽ" വധിച്ച സംഭവത്തിൽ രാജ്യത്ത് ഒരു ഹിതപരിശോധന നടത്തുകയാണെങ്കിൽ ഭൂരിപക്ഷം പേരും പൊലീസ് നടപടിയെ കലവറയില്ലാതെ അനുകൂലിക്കാനാണു സാദ്ധ്യത. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പല തട്ടിലുള്ള ആളുകളിൽ നിന്നുണ്ടായ പ്രതികരണം അതിനു തെളിവാണ്. നിയമ - നീതിവാഴ്ചയുടെ ഘോരമായ പരാജയമാണെന്നും കാട്ടുനീതിയുടെ അരങ്ങേറ്റമാണെന്നും വാദിക്കുന്നവരെ മറന്നുകൊണ്ടല്ല ഇതു പറയുന്നത്. രാജ്യത്തെ പൊതുവികാരം കുറ്റവാളികൾക്ക് അർഹിക്കുന്ന ശിക്ഷ തന്നെയാണ് കിട്ടിയതെന്നാണ്. നിയമദൃഷ്ട്യാ ചിന്തിച്ചാൽ പൊലീസ് നടപടിയെ ഒരു തരത്തിലും ന്യായീകരിക്കാനോ അതിനെ വാഴ്ത്താനോ സാദ്ധ്യമായെന്നു വരില്ല. നിയമവ്യവസ്ഥ പുലരുന്ന ഒരു പരിഷ്കൃത സമൂഹത്തിനും അംഗീകരിക്കാവുന്ന ശിക്ഷാമുറയുമല്ല ഇത്. ഇതെല്ലാം അംഗീകരിക്കുമ്പോൾത്തന്നെ രാജ്യത്തെമ്പാടും വർദ്ധിച്ചുകൊണ്ടിരിക്കുന്ന സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്ക് സാക്ഷിയാകേണ്ടി വരുന്ന മനഃസാക്ഷിയുള്ള ആരും പൊലീസ് ചെയ്തത് അരുതാത്തതായിപ്പോയെന്ന് പറയുകയില്ല. പ്രായഭേദമില്ലാതെയാണ് സ്ത്രീജന്മങ്ങൾ പട്ടാപ്പകൽ പോലും ആക്രമിക്കപ്പെടുന്നത്. രണ്ടുവയസുകാരിയെന്നോ എഴുപതുകാരിയെന്നോ നോക്കാതെയാണ് നരാധമന്മാർ ചാടിവീഴുന്നത്.
തെലങ്കാനയിൽ വനിതാ മൃഗഡോക്ടറെ മാനഭംഗം ചെയ്തു കൊന്ന കേസിലെ യുവാക്കളായ നാലുപേരും പൊലീസിന്റെ വെടിയേറ്റു മരിച്ച വെള്ളിയാഴ്ച തന്നെയാണ് യു.പിയിലെ ഉന്നാവോയിൽ മറ്റൊരു ക്രൂര മാനഭംഗ സംഭവത്തിനിരയായ ഇരുപത്താറുകാരി തൊണ്ണൂറു ശതമാനം പൊള്ളലേറ്റ നിലയിൽ ആശുപത്രിയിൽ കിടന്ന് അന്ത്യശ്വാസം വലിച്ചത്. ഒരു വർഷം മുൻപ് നടന്ന കൂട്ട മാനഭംഗ കേസിൽ കോടതിയിലേക്കു പോകുന്നതിനിടയിലാണ് ജാമ്യം നേടി പുറത്തു വിലസിയിരുന്ന കേസിലെ പ്രതികൾ യുവതിയെ മണ്ണെണ്ണ ഒഴിച്ചു തീയിട്ടത്. അതീവ ക്രൂരവും ഞെട്ടിപ്പിക്കുന്നതുമായ വേറെയും സംഭവങ്ങൾ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. സ്ത്രീകൾ ലൈംഗികാതിക്രമങ്ങൾക്കിരയാകുന്ന കേസുകളിൽ ശിക്ഷ കൂടുതൽ കർക്കശമാക്കി നിയമം ഭേദഗതി ചെയ്തിട്ട് വർഷങ്ങൾ പലതായി. എന്നാൽ നിയമ - നീതി നടത്തിപ്പിലെ കാലതാമസം കാരണം ഇത്തരം കേസുകളിൽ പ്രതികൾക്ക് പലപ്പോഴും അർഹമായ ശിക്ഷ ലഭിക്കാതിരിക്കുന്ന സ്ഥിതിയാണുള്ളത്. പ്രതികൾക്ക് തൂക്കുകയർ വിധിച്ച കേസുകളിൽ പോലും ശിക്ഷ യഥാവസരം നടപ്പാക്കാനാകാതെ ഭരണകൂടങ്ങൾ വിഷമിക്കുകയാണ്. രാജ്യത്തെ ഒന്നടങ്കം പിടിച്ചുലച്ച 2012-ലെ ഡൽഹിയിലെ നിർഭയ സംഭവത്തെത്തുടർന്നാണ് മാനഭംഗ കേസുകളിൽ വധശിക്ഷ വരെ ഉൾപ്പെടുത്തി നിയമം കർക്കശമാക്കിയത്. ഈ കേസിലെ പ്രതികൾക്ക് വധശിക്ഷയാണ് നീതിപീഠങ്ങൾ വിധിച്ചത്. ആരാച്ചാർ ഇല്ലെന്ന കാരണത്താൽ ശിക്ഷ നടപ്പാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പ്രതികൾ സസുഖം ജയിൽവാസം തുടരുകയാണ്. വധശിക്ഷ നടപ്പാക്കാൻ ഇനിയും വൈകരുതെന്ന അപേക്ഷയുമായി നിർഭയയുടെ ദുഃഖിതയായ മാതാവ് ഇപ്പോഴും കോടതി കയറിയിറങ്ങുന്നു. നിയമ - നീതി നടത്തിപ്പിന്റെ പരിപാവനതയെക്കുറിച്ച് വലിയ വായിൽ വർത്തമാനം പറയുന്നവരാരും ഇത്തരം സംഭവങ്ങൾക്കിരയാകേണ്ടി വരുന്ന നിസഹായരായ ഇരകളുടെയും അവരുടെ കുടുംബങ്ങളുടെയും വേദനയും അവമതിയും ഓർക്കാറില്ല. വൈകി എത്തുന്ന നീതി, നീതി നിഷേധിക്കുന്നതിനു തുല്യമാണെന്ന് എല്ലാവരും പറയും. ഫലത്തിൽ ഇത്തരത്തിലുള്ള നഗ്നമായ നീതിനിഷേധമാണ് രാജ്യത്തുടനീളം നടന്നുകൊണ്ടിരിക്കുന്നത്. ലൈംഗികാതിക്രമക്കേസുകളിൽ വേഗം വിചാരണ പൂർത്തിയാക്കി പ്രതികളെ ശിക്ഷിക്കാൻ അതിവേഗ കോടതികൾ സ്ഥാപിക്കണമെന്ന നിർദ്ദേശം പോലും നടപ്പാക്കാൻ ഭരണകൂടങ്ങൾ തയ്യാറാകുന്നില്ല. ഇത്തരം കോടതികൾ സ്ഥാപിക്കാൻ അത്രയധികം പണമൊന്നും വേണ്ട. അനാവശ്യ കാര്യങ്ങൾക്കും ധൂർത്തിനുമായി സർക്കാരുകൾ ചെലവഴിക്കുന്ന പണത്തിന്റെ ഒരു ശതമാനം പോലും വേണ്ട. പക്ഷേ അതിനു നടപടി എടുക്കുകയില്ല. നൂറുനൂറു തടസവാദങ്ങൾ നിരത്തും.
പരിഷ്കൃത സമൂഹത്തിൽ നിയമ - നീതി നടത്തിപ്പിന് വ്യവസ്ഥാപിതമായ സംവിധാനങ്ങളുണ്ടെന്നതു ശരിതന്നെ. ഈ സംവിധാനങ്ങൾ ശരിയായ വിധത്തിൽ പ്രവർത്തിക്കാതിരിക്കുകയും നീതിക്കായി വർഷങ്ങളോളം കാത്തിരിക്കേണ്ടി വരികയും ചെയ്യുമ്പോൾ അതുമായി ബന്ധപ്പെട്ട ആളുകൾക്കുണ്ടാകുന്ന ബുദ്ധിമുട്ടും വേദനയും പാടേ അവഗണിക്കപ്പെടുകയാണ്. ഇരകളെക്കാൾ പലപ്പോഴും സംരക്ഷണവും സഹായവും ലഭിക്കുന്നത് പ്രതിസ്ഥാനത്തുള്ളവർക്കാവും. കേരളത്തെ പിടിച്ചുലച്ച സൗമ്യ എന്ന പെൺകുട്ടിയുടെ ദാരുണാന്ത്യം ആരും മറന്നുകാണില്ല. ട്രെയിനിൽ വീട്ടിലേക്കു മടങ്ങവെ ഷൊർണൂർ സ്റ്റേഷനടുത്തുവച്ച് പാളത്തിലേക്ക് തള്ളിയിട്ട് മാനഭംഗപ്പെടുത്തി മരണാസന്നയാക്കിയ പ്രതി ഗോവിന്ദച്ചാമിയുടെ കഥ മാത്രം ആലോചിച്ചാൽ മതി നിയമ - നീതി നടത്തിപ്പിലെ വൈരുദ്ധ്യം ബോദ്ധ്യമാകാൻ. ട്രെയിനിൽ ഭിക്ഷ യാചിച്ച് ജീവിതം നയിച്ചിരുന്ന പ്രതി തനിക്കു കോടതി വിധിച്ച ശിക്ഷക്കെതിരെ സുപ്രീംകോടതി വരെ എത്തി. കേസ് വാദിക്കാനും വേണ്ട എല്ലാ നിയമ സഹായം നൽകാനുംആൾക്കാരുണ്ടായി. ഇതിനൊക്കെ ആവശ്യമായ പണത്തിന്റെ സ്രോതസിനെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? നീതി നടപ്പാകുന്നതും കാത്ത് കഴിയുന്ന ഒരു അമ്മയുടെ തേങ്ങലിന് എന്തുവിലയാണുള്ളത്. അതൊക്കെക്കൊണ്ടാണ് തെലങ്കാനയിലെ നാല് നരാധമന്മാരെയും പൊലീസ് വെടിവച്ചുകൊന്നു എന്ന വാർത്ത കേട്ടയുടനെ നിർഭയയുടെ മാതാവ് അതിയായ സന്തോഷം പ്രകടിപ്പിച്ചത്. പെൺമക്കളുള്ള ഏതു കുടുംബത്തിന്റെയും പൊതുവായ വികാരമാണ് ഇതിലൂടെ പുറത്തുവരുന്നത്.
പോക്സോ കേസുകളിൽ ദയാഹർജി ഒഴിവാക്കണമെന്നാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദ് കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നത്. ഇത്തരം കേസുകളിൽ കോടതി വിധിക്കുന്ന വധശിക്ഷക്കെതിരെ പ്രതികൾ ദയാഹർജി സമർപ്പിക്കുന്നത് ശിക്ഷ നടപ്പാക്കുന്നതിൽ കാലതാമസമുണ്ടാക്കും. പാർലമെന്റ് പ്രശ്നം പരിഗണിച്ച് ഉചിത നടപടി സ്വീകരിക്കണമെന്ന രാഷ്ട്രപതിയുടെ നിർദ്ദേശം കേന്ദ്രം കൈക്കൊള്ളണം.
തെലങ്കാന സംഭവത്തിൽ ജനങ്ങളിൽ നിന്നുണ്ടായ വികാരപ്രകടനത്തിന്റെ ആഴം ഭരണാധികാരികളും ജനപ്രതിനിധികളും പൂർണതോതിൽ വിലയിരുത്തുക തന്നെ വേണം. ജനങ്ങൾ ആഗ്രഹിക്കും വിധത്തിൽ ഇത്തരം കേസുകളിൽ നിയമ - നീതി നടത്തിപ്പ് സുതാര്യവും സത്വരവുമാകേണ്ടതുണ്ട്. കുറ്റവാളികളെന്ന് നൂറു ശതമാനവും ഉറപ്പുള്ള പ്രതികളെ വഴിവിട്ട രീതിയിലാണെങ്കിലും ശിക്ഷിച്ച പൊലീസുകാരെ വീരനായകന്മാരായി ജനങ്ങൾ കാണുകയാണ്. ഈ പോക്ക് അപകടകരം തന്നെയാണ്. അതേസമയം തന്നെ ലൈംഗികാതിക്രമ കേസുകളിൽ സംഭവിക്കുന്ന കുറ്റകരമായ അനാസ്ഥയും കാലതാമസവും അവർ സഹിക്കുകയില്ലെന്ന മുന്നറിയിപ്പുകൂടി ഇതിൽ അടങ്ങുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |