ഗുരുവായൂർ: ഏകാദശി ദർശനത്തിനായി ഭക്തജനലക്ഷങ്ങൾ വ്രതശുദ്ധിയോടെ ഗുരുവായൂരിലെത്തി. ഏകാദശി ദിനത്തിൽ ദേവസ്വം വകയായിരുന്നു ഉദയാസ്തമന പൂജയോടെയുള്ള വിളക്കാഘോഷം. രാവിലെ ക്ഷേത്രത്തിൽ നടന്ന കാഴ്ചശീവേലിക്ക് പെരുവനം കുട്ടൻമാരാരുടെ പ്രമാണത്തിൽ മേളം അരങ്ങേറി. ഗജരത്‌നം പത്മനാഭൻ സ്വർണകോലമേറ്റി. ഗീതാദിനം കൂടിയായ ഇന്നലെ രാവിലെ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് വൈക്കം ചന്ദ്രന്റെ പ്രമാണത്തിൽ പഞ്ചവാദ്യത്തിന്റെ അകമ്പടിയിൽ എഴുന്നള്ളിപ്പും ഉണ്ടായി.
ക്ഷേത്രം കൂത്തമ്പലത്തിൽ സമ്പൂർണ ഭഗവദ്ഗീതാ പാരായണമുണ്ടായി. വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പാർത്ഥസാരഥി ക്ഷേത്രത്തിൽ നിന്നു ഗുരുവായൂർ ക്ഷേത്രത്തിലേക്ക് രഥം എഴുന്നള്ളിപ്പുണ്ടായി. നാഗസ്വരത്തിന്റെ അകമ്പടിയോടെയുള്ള ഘോഷയാത്രയ്ക്ക് നാമസങ്കീർത്തനത്തോടെ ഭക്തജന സഹസ്രങ്ങൾ അകമ്പടി സേവിച്ചു. ക്ഷേത്രത്തിൽ വൈകിട്ട് ദീപാരാധന, ദീപാലങ്കാരം, തായമ്പക എന്നിവയും രാത്രി അത്താഴപൂജയ്ക്ക് ശേഷം വിളക്കെഴുന്നള്ളിപ്പും നടന്നു. ഉച്ചകഴിഞ്ഞ് മൂന്നര വരെ നീണ്ട പ്രസാദ ഊട്ടിൽ നാല്പതിനായിരത്തോളം പേർ പങ്കെടുത്തു. ഗോതമ്പ് ചോറ്, കാളൻ, പുഴുക്ക്, ഗോതമ്പ് പായസം എന്നിവയായിരുന്നു വിഭവങ്ങൾ.
ഏകാദശി വ്രതം നോറ്റെത്തിയ ഭക്തർ ഇന്ന് ദ്വാദശിപണം സമർപ്പണത്തിന് ശേഷമേ ക്ഷേത്രനഗരിയിൽ നിന്നും മടങ്ങൂ. ക്ഷേത്രം കൂത്തമ്പലത്തിന് സമീപം പ്രത്യേകം തയ്യാറാക്കുന്ന മണ്ഡപത്തിലാണ് ദ്വാദശിപണ സമർപ്പണം നടക്കുക. ഇരിങ്ങാലക്കുട, പെരുവനം, ശുകപുരം ഗ്രാമങ്ങളിലെ അഗ്‌നിഹോത്രികളാണ് ദ്വാദശി പണം സ്വീകരിക്കുക. ദ്വാദശിപണ സമർപ്പണത്തിന് ശേഷം രാവിലെ 9ന് ക്ഷേത്രനട അടയ്ക്കും. തുടർന്ന് ശുദ്ധി കർമ്മങ്ങൾക്ക് ശേഷം വൈകിട്ട് 3.30 ന് മാത്രമേ തുറക്കൂ. ദ്വാദശി പണം സമർപ്പിച്ച് മടങ്ങുന്ന ഭക്തർക്കായി വിപുലമായ വിഭവങ്ങളോടെയുള്ള പ്രസാദ ഊട്ടും ദേവസ്വം ഒരുക്കിയിട്ടുണ്ട്. നാളെ ത്രയോദശി ഊട്ടോടെ ഗുരുവായൂർ ക്ഷേത്രത്തിലെ ഈ വർഷത്തെ ഏകാദശി ചടങ്ങുകൾക്ക് സമാപനമാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |