മരത്തിന് കേട് വന്നാൽ വെട്ടിമാറ്റാൻ കോടാലി ഉയർത്തും മുമ്പ് മരങ്ങളുടെ ഡോക്ടറായ കോട്ടയം വാഴൂർ സ്വദേശി ബിനുവിനെ വിളിക്കുക! കേടുവന്ന മരങ്ങളെ മരുന്നും ചികിത്സയുമായി രക്ഷപ്പെടുത്താൻ ദേവദൂതനെപോലെ ബിനു പാഞ്ഞെത്തും. മനുഷ്യനും മൃഗങ്ങൾക്കും ചികിത്സാലയങ്ങൾ ഉള്ളതു പോലെ തന്നെയാണിത്. വർഷങ്ങൾക്ക് മുമ്പ് കേരളത്തിൽ നിലനിന്നിരുന്ന വൃക്ഷായുർവേദ ചികിത്സാരീതിയാണ് ബിനു തിരിച്ചു കൊണ്ടു വന്നത്. നൂറ്റാണ്ടുകളായി തണലേകുന്നതും ഫലം നൽകുന്നതുമായ വൃക്ഷങ്ങളെ എന്തുവില നൽകിയും സംരക്ഷിക്കുക എന്ന ചരിത്ര ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് അദ്ധ്യാപകനും പ്രകൃതി സ്നേഹിയുമായ കെ. ബിനു.
ആറ് വർഷങ്ങൾക്ക് മുമ്പ് ആലുവായിൽ ഒരു മരം കത്തിയത് കണ്ടപ്പോഴാണ് ഡോ. എസ് സീതാരാമൻ എന്ന പരിസ്ഥിതി പ്രവർത്തകനും ഞാനും ചേർന്ന് മരുന്ന് കൂട്ട് തേച്ചത്. അന്നു മുതൽ കൂടുതൽ പഠനത്തിനായി അന്വേഷണം തുടങ്ങി. നിരവധി പുസ്തകങ്ങൾ വായിച്ചു. ഇവയിലെല്ലാം മരുന്നു പ്രയോഗം മാത്രം പറയുന്നു, കൂട്ട് എഴുതിയിട്ടില്ല. ഉദാ: എത്ര ചട്ടി ചാണകം? എത്ര ചട്ടി മണ്ണ്? എത്ര കിലോ കദളിപ്പഴം? ഏത് ആദ്യം ചേർക്കണം? എന്നൊന്നുമില്ല. ഏറെ നാളത്തെ പരിശ്രമത്തിലൂടെ ആ അളവ് കണ്ടെത്തുന്നതിൽ വിജയിച്ചു. ഇതു വരെ 25 മരങ്ങളെ ചികിത്സിച്ചു. 24 എണ്ണവും രക്ഷപെട്ടു.
മനുഷ്യന്റെ അവയവങ്ങൾക്ക് ക്ഷതവും മറ്റും സംഭവിക്കുമ്പോൾ ആയുർവേദ ചികിത്സയിൽ മുറിവെണ്ണ തേച്ച് വച്ചു കെട്ടി ചികിത്സിച്ചു ഭേദമാക്കുന്ന അതേ രീതിയാണ് മരങ്ങളിലും നടത്തുന്നത്. പത്തു പുത്രൻമാർക്ക് തുല്യമാണ് ഒരു മരമെന്ന് പഴമക്കാർ പറയുന്നതിൽ മരത്തോടുള്ള ആദരവുണ്ട്. നാമതു മറന്ന് എന്തും വെട്ടി പിടിക്കാനുള്ള ആർത്തിയിൽ ആദ്യം കോടാലിവെക്കുന്നത് മരങ്ങൾക്ക് നേരേയാണ്. 50 വർഷം മുമ്പ് കേരളത്തിൽ വൃക്ഷായുർവേദ ചികിത്സ ഉണ്ടായിരുന്നുവെന്ന് ബിനു സാക്ഷ്യപ്പെടുത്തുന്നു. നിലച്ചു പോയ ഈ ചികിത്സാ രീതിക്ക് പുനർജീവൻ നൽകുകയാണ് ലക്ഷ്യം. കെ.കെ റോഡിന് സമീപം പൊൻകുന്നം പുതിയകാവ് ദേവിക്ഷേത്രത്തിൽ തല ഉയർത്തി നിൽക്കുന്ന പ്ലാവ് ബിനുവിന്റെ സ്നേഹവും കരുതലും പരിലാളനങ്ങളുമേറ്റാണ് ഇന്നും പടർന്നു പന്തലിച്ചു നിൽക്കുന്നത്. ഇടി മിന്നലേറ്റ ഈ പ്ലാവ് വെട്ടി മാറ്റാൻ ദേവസ്വം അധികൃതർ തീരുമാനിച്ചു.ബിനുവിന്റെ നേതൃത്വത്തിൽ വൃക്ഷം പരിസ്ഥിതി സമിതി അംഗങ്ങൾ രംഗത്തെത്തി. പ്ലാവിന്റെ ചികിത്സ ഏറ്റെടുത്തു. പലരു പരിഹാസത്തോടെ നെറ്റി ചുളിച്ചു. ആറുമാസത്തോളമുള്ള ചികിത്സ ഫലിച്ചു. മിന്നലേറ്റ ക്ഷീണം മാറി യൗവനം തിരിച്ചു കിട്ടി പ്ലാവ് നവോന്മേഷത്തോടെ നിൽക്കുകയാണിപ്പോൾ. വാഴൂർ എസ്.ആർ.വി കോളേജിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള രണ്ട് വൃക്ഷങ്ങൾക്കും ആയുർവേദ ചികിത്സയിലൂടെ പുനർജന്മം നൽകി. ചിറക്കടവ് ഗവൺമെന്റ് എൽ.പി സ്കൂളിലെ ഇരുനൂറ് വർഷത്തോളം പഴക്കമുള്ള ആഞ്ഞിലിമരത്തെയും രക്ഷപെടുത്തി.
തൊടുപുഴ ധന്വന്തരി വൈദ്യശാല കുടുംബ വീടിനു മുന്നിൽ നിന്നിരുന്ന 125 വർഷം പഴക്കമുള്ള നെല്ലിമരത്തിനും ആയുർവേദ ചികിത്സയിലൂടെ സുഖം നൽകി. കോട്ടക്കൽ ആര്യവൈദ്യ ശാല കുടുംബത്തിന്റെ വീട്ടു മുറ്റത്തെ വേപ്പിന് ചികിത്സ നൽകി. വാഴൂർ പഞ്ചായത്തിൽ ബിനു മുൻകൈയെടുത്ത് ഞാവൽ മരങ്ങൾ മാത്രം നട്ടു വളർത്തി ഞാവൽ വഴി ഉണ്ടാക്കിയിട്ടുണ്ട്. പശുവിന്റെ പാൽ, ചിതൽ, വയലിലെ മണ്ണ്, കദളിപ്പഴം, എള്ള്, തേൻ, നെയ്യ് എന്നിവയാണ് ഔഷധക്കൂട്ടുകൾ, ഇത് വെള്ളം ചേർക്കാതെ കുഴച്ചെടുത്ത് മരത്തിന്റെ കേടു വന്ന ഭാഗത്ത് തേച്ചു പിടിപ്പിക്കും.ആ ഭാഗം പിന്നീട് തുണികൊണ്ട് കെട്ടിവെക്കും. കെട്ടിവെച്ച ഭാഗം എന്നും നനയ്ക്കും. വൃക്ഷത്തിലെ ഉറുമ്പുകൾ ഉൾപ്പെടെയുള്ള ചെറു ജീവികൾക്ക് ആഹാരം നൽകിയ ശേഷമാണ് ചികിത്സ. ആറുമാസം കൊണ്ട് വൃക്ഷങ്ങൾക്ക് ആരോഗ്യം തിരികെ ലഭിക്കുമെന്നാണ് ബിനു പറയുന്നത്.
പരിസ്ഥിതി പ്രവർത്തന രംഗത്ത് ബിനുവിന്റെ 25-ാമത് വർഷമാണ്.'വർഷങ്ങൾക്ക് മുമ്പ് എൻഡോസൾഫാൻ ദുരിതബാധിത പ്രദേശങ്ങളായ കാസർഗോഡ് നടത്തിയ യാത്രയാണ് പരിസ്ഥിതി രംഗത്ത് എത്താൻ കാരണം.പ്രകൃതി മനുഷ്യനു വേണ്ടി എന്നത് ശരിയല്ല മനുഷ്യൻ പ്രകൃതിക്കുവേണ്ടി എന്നതാണ് നിർവചനം. ഭാവി പരിപാടിയിൽ ഒന്നാമത്തേത് എന്നെക്കുറിച്ച് തയ്യാറാക്കിയ 'ദ ട്രീ ഡോക്ടർ " എന്ന ഡോക്യുമെന്ററി 100 ഇടത്ത് പ്രദർശിപ്പിക്കണം ഇപ്പോൾ 30 ഇടം പിന്നിട്ടു. 100 കഴിയുമ്പോൾ എനിക്ക് ഡോക്യുമെന്ററി പിന്നിട്ട ഇടങ്ങൾ എഴുതപ്പെടുന്ന ഒരു പുസ്തകം പ്രകാശിപ്പിക്കണം. സൗജന്യമായി വൃക്ഷചികിത്സ തുടരണം. വനം വന്യജീവി ബോർഡ് അംഗമെന്ന നിലയിൽ വഴി അടച്ച് ആനകളെ തടയുന്ന കമ്പിവേലി കൊണ്ടുവരാനുള്ള നീക്കം തടഞ്ഞു. പന്നിയെ വെടിവയ്ക്കാൻ കർഷകർക്ക് അനുമതി നൽകുന്ന നിയമത്തെ എതിർത്തു. കേരളത്തിന്റെ സ്വന്തം ചിത്രശലഭം 'ബുദ്ധമയൂരി" പ്രഖ്യാപിക്കുന്ന കമ്മിറ്റിയിൽ സുഗതകുമാരി ടീച്ചർ, ശോഭീന്ദ്രൻ മാഷ് ഇവർക്കൊപ്പം അംഗമായി തുടരുന്നു. വാഴൂർ ഗ്രാമപഞ്ചായത്തിൽ തീർത്ഥപാദ പുരത്ത്. വാഴൂർ കോളേജിനടുത്ത് താമസം. ഉള്ളായം യു.പി.സ്കൂൾ അദ്ധ്യാപകനാണ്. പരിസ്ഥിതി പ്രവർത്തനത്തിന് കേരള സർക്കാരിന്റെ വനമിത്ര അവാർഡ് പ്രകൃതി മിത്ര അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. ഇലഞ്ഞി മുത്തശ്ശി പരിസ്ഥിതി അവാർഡ്, ഹരിത മിത്ര അവാർഡ് അടക്കം അമ്പതോളം ഉപഹാരങ്ങളും ലഭിച്ചിട്ടുണ്ട്. കോട്ടയം ജില്ലാ ട്രീ അതോററ്റി അംഗം.വൃക്ഷ പരിസ്ഥിതി സമിതി, യുവകലാ സാഹിതിയുടെയും സംസ്ഥാനസെക്രട്ടറിയുമാണ്. വൃക്ഷങ്ങളുടെ ചികിത്സയും പരിസ്ഥിതി പ്രവർത്തനവുമായി അലഞ്ഞു നടക്കുന്നതിനാൽ ഇന്നും അവിവാഹിതനായി തുടരുകയാണ് പ്രകൃതി ഉപാസകനായ ബിനു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |