തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിയും എൻ.ആർ.സിയും തടയാൻ ഏതു രാക്ഷസൻമാരുമായി കൂട്ടുകൂടാനും കോൺഗ്രസ് മടിക്കില്ലെന്ന് കെ.പി.സി.സി മുൻ പ്രസിഡന്റ് എം.എം. ഹസൻ പറഞ്ഞു. പൗരത്വ ഭേദഗതിക്കെതിരെ തിരുവനന്തപുരം ഡി.സി.സി സംഘടിപ്പിച്ച ജനമുന്നേറ്റ പ്രതിഷേധ സംഗമം സെക്രട്ടേറിയറ്റിന് മുന്നിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ മുസ്ലിം സമുദായത്തെ അസ്ഥിരപ്പെടുത്താനുള്ള വിവേചന നിയമമാണ് മോദി സർക്കാർ നടപ്പാക്കുന്നത്. പൗരത്വത്തിന് മതം മാനദണ്ഡമാക്കുന്നത് ലോകത്താദ്യമാണ്. എൻ.ആർ.സി നടപ്പാക്കില്ലെന്ന് വ്യക്തമാക്കി കേരളമുൾപ്പെടെയുള്ള നിരവധി സംസ്ഥാനങ്ങൾ മുന്നോട്ടുവന്നത് സ്വാഗതാർഹമാണ്. രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്ന പൗരത്വനിയമഭേദഗതിയും പൗരത്വ രജിസ്റ്ററും നടപ്പാക്കാൻ കോൺഗ്രസ് അനുവദിക്കില്ലെന്നും ഹസൻ പറഞ്ഞു.
ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ അദ്ധ്യക്ഷത വഹിച്ചു. എ.ഐ.സി.സി സെക്രട്ടറി പി.സി. വിഷ്ണുനാഥ്, അടൂർ പ്രകാശ് എം.പി, എം.എൽ.എമാരായ വി.എസ്. ശിവകുമാർ, എം. വിൻസെന്റ്, കെ.പി.സി.സി ജനറൽ സെക്രട്ടറി തമ്പാനൂർ രവി, പാലോട് രവി, ടി. ശരത്ചന്ദ്രപ്രസാദ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |