കൊച്ചി: മരടിലെ ഫ്ലാറ്റുകള്‍ പൊളിക്കുന്നതിനെതിരെ പരിസരവാസികളുടെ അനിശ്ചിതകാല നിരാഹാര സമരം ഇന്ന് മുതൽ. മരടിൽ ഫ്ലാറ്റുകൾ പൊളിക്കാൻ ഇനി 10 ദിവസം മാത്രം ബാക്കിനിൽക്കെയാണ് സമീപത്ത് താമസിക്കുന്ന കുടുംബങ്ങൾ നിരാഹാര സമരം തുടങ്ങുന്നത്. ഫ്ലാറ്റിന് പരിസരത്തുള്ളവരുടെ വീടുകൾക്കും സ്വത്തിനും മതിയായ സംരക്ഷണം ഉറപ്പാക്കുന്നില്ലെന്നാരോപിച്ചാണ് സമരം. ആൽഫാ സെരിൻ ഫ്ലാറ്റിനു ചുറ്റും താമസിക്കുന്നവരാണ് പുതുവർഷദിനം മുതൽ ഉപവാസം ഇരിക്കുന്നത്. ഒഴിപ്പിക്കൽ നടപടി വിശദീകരിക്കാൻ കലക്‌ടർ വിളിച്ച യോഗത്തിൽ നിന്ന് വിട്ടുനിൽക്കാനും തീരുമാനമായി.
മരടിലെ ഫ്ലാറ്റുകളുടെ ചുമരുകള്‍ പൊളിച്ചുനീക്കിത്തുടങ്ങിയപ്പോള്‍ തന്നെ സമീപത്തെ പല വീടുകളിലും വിള്ളല്‍ വീണിരുന്നു. ഫ്ലാറ്റുകള്‍ പൂര്‍ണമായും പൊളിച്ചുതീരുമ്പോള്‍ ഈ കെട്ടിടങ്ങള്‍ക്ക് വലിയതോതില്‍ കേടുപാടുകളുണ്ടാകുമെന്ന് നാട്ടുകാരിൽ ആശങ്കയുണ്ടാക്കുന്നുണ്ട്. ഫ്ലാറ്റുകള്‍ പൊളിച്ചുകഴിഞ്ഞാലും അവശിഷ്ടങ്ങള്‍ മാറ്റാൻ രണ്ട് മാസത്തിലേറെ സമയം എടുത്തേക്കും.
ഈ ആശങ്കകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടിരുന്നു. ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് പുതുവത്സരദിനത്തില്‍ സമരത്തിനിറങ്ങുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |