മലയാളിയുടെ എക്കാലത്തെയും പ്രിയപ്പെട്ട താരമാണ് മോഹൻലാൽ. മലയാള സിനിമയുടെ അമരക്കാരനായി മോഹൻലാൽ ഇരുപ്പുറപ്പിച്ചിട്ടു കഴിഞ്ഞ നാല് ദശാബ്ദമായി. ഇക്കാലം കൊണ്ട് ആസ്വാദക ഹൃദയങ്ങൾക്ക് മറക്കാനാവാത്ത നിരവധി വ്യത്യസ്ത കഥാപാത്രങ്ങൾ ആ നടന വിസ്മയത്തിലൂടെ ഉദയം കൊണ്ടു. ദേവാസുരത്തിലെ മംഗലശ്ശേരി നീലകണ്ഠനും, മണിച്ചിത്രത്താഴിലെ സണ്ണിയും, ദൃശ്യത്തിലെ ജോർജ് കുട്ടിയും, സേതു മാധവനും, ജഗനും, ജോജിയും, ദാസനുമെല്ലാം അനശ്വര കഥാപാത്രങ്ങളായി ഇപ്പോഴും ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.
എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഒരു പുത്തൻ സൂപ്പർ ഹിറ്റുമായി പുതുവർഷത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് മോഹൻലാൽ. "ദൈവം അനുഗ്രഹിച്ചിരിക്കുന്നു. ആ വാഗ്‌ദാനം ഈ വർഷം തന്നെ നിറവേറ്റപ്പെടും. നിങ്ങൾക്കൊരു ദൃശ്യ വിരുന്നു 2020ൽ ഞങ്ങൾ ഒരുക്കുകയാണ് "" മോഹൻലാൽ നായകനാവുന്ന കുഞ്ഞാലി മരയ്ക്കാർ എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലാണ് ഇക്കാര്യം കുറിച്ചത്.
""തല പോയാലും മാനം കളയാത്ത അവസാനത്തെ മലയാളി ഉള്ളടത്തോളം നാം പൊരുതും. മരിച്ചു വീഴും വരെ കരയിലും, ഈ തിരയൊടുങ്ങാത്ത കടലിലും. ഒപ്പം ഞാനുമുണ്ട"" എന്ന് പറഞ്ഞ വീര നായകൻ കുഞ്ഞാലി മരയ്ക്കാരുടെ ജീവിതം സിനിമയാക്കി ജനലക്ഷങ്ങളിലേക്ക് എത്തുകയാണ് മഹാനടനിലൂടെ. 2020 മാർച്ച് 26 നു ചിത്രം തീയറ്ററുകളിലെത്തും.
മോഹൻലാൽ പ്രിയദർശൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രമാണ് കുഞ്ഞാലി മരയ്ക്കാർ. 100 കോടി മുതൽമുടക്കിൽ ആശീർവാദ് സിനിമാസ് നിർമ്മിക്കുന്ന മരയ്ക്കാറിന്റെ സഹനിർമ്മാതാക്കൾ സന്തോഷ്. ടി. കുരുവിളയും ഡോ. സി.ജെ. റോയിയുമാണ്. കുഞ്ഞാലിമരക്കാർ നാലാമനാകുന്ന മോഹൻലാലിന്റെ നായികയായി എത്തുന്നത് മഞ്ജു വാര്യരാണ്. മോഹൻലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കുന്നത് പ്രണവാണ് . കല്യാണി പ്രിയദർശനാണ് പ്രണവിന്റെ നായിക. കീർത്തി സുരേഷാണ് ചിത്രത്തിലെ മറ്റൊരു നായിക. നെടുമുടി വേണു, മുകേഷ് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. തിരുവാണ് ഛായാഗ്രാഹകൻ.കലാസംവിധാനം ഗിരീഷ് മേനോനും പ്രൊഡക്ഷൻ ഡിസൈനിംഗ് സാബു സിറിലും നിർവഹിക്കുന്നു. പ്രിയദർശന്റെ മകൻ സിദ്ധാർത്ഥിനാണ് വി. എഫ്. എക്സിന്റെ ചുമതല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |