എം. പദ്മകുമാർ സംവിധാനം ചെയ്ത മാമാങ്കത്തിൽ ഉണ്ണി മുകുന്ദന്റെ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രം ശ്രദ്ധ നേടിരുന്നു. വളരെയധികം ബുദ്ധിമുട്ടിയാണ് താൻ കഥാപാത്രത്തിലെത്തിയതെന്ന് താരം ഇതിനകം വെളിപ്പെടുത്തിയിരുന്നു. ഇപ്പോൾ താരം ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ച ചിത്രം കണ്ടാണ് ആരാധകർ ഞെട്ടിയിരിക്കുന്നത്. കുടവയറനായ ഉണ്ണി മുകുന്ദന്റെ ചിത്രമാണ് ഫേസ്ബുക്ക് താരം പങ്കുവച്ചിരിക്കുന്നത്.
ചന്ദ്രോത്ത് പണിക്കർക്ക് വേണ്ടി ഉണ്ടാക്കിയെടുത്ത മസിൽസ് എല്ലാം കഴിഞ്ഞ നാല് മാസം കൊണ്ട് ഒഴിവാക്കിയെന്നും മേപ്പടിയാൻ എന്ന ചിത്രത്തിന് വേണ്ടിയാണ് തന്റെ പുതിയ രൂപമെന്നും ഉണ്ണി പറയുന്നു. ഇതിനെ നായകനായ ജയകൃഷ്ണൻ ഒരു നാട്ടിൻപുറത്തുകാരനായ സാധാരണക്കാരനാണ്. അത്തരമൊരു വേഷം ചെയ്യുന്നതിനായി ഈ രൂപത്തിലേക്ക് മാറേണ്ടത് ആവശ്യകതയാണെന്നു മനസിലാക്കിയതിനാലാണ് ഈ മുന്നൊരുക്കമെന്നും ഉണ്ണി ഫേസ്ബുക്കിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
നമസ്കാരം,
ശാരീരികമായും, മാനസികമായും ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിലേക്ക് എനിക്ക് എത്തിച്ചേരാൻ 11 മാസം വേണ്ടി വന്നു.
ചന്ദ്രോത്ത് പണിക്കരെ ഹൃദയത്തിൽ ഏറ്റിയവർക്കും, സ്വീകരിച്ചവർക്കും നന്ദി. മാമാങ്കം കഴിഞ്ഞിരിക്കുന്നു. ഇനിയുള്ള യാത്ര പുതിയ കഥാപാത്രത്തിലേക്കുള്ളതാണ്. ചന്ദ്രോത്ത് പണിക്കർക്ക് വേണ്ടി ഉണ്ടാക്കിയെടുത്ത മസിൽസ് എല്ലാം കഴിഞ്ഞ നാല് മാസം കൊണ്ട് ഒഴിവാക്കിയിരിക്കുകയാണ്.
ഇപ്പോൾ നിങ്ങൾ ഈ കാണുന്ന മാറ്റത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നത് എന്റെ പുതിയ ചിത്രത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ്.
"മേപ്പടിയാൻ" എന്ന അടുത്ത ചിത്രത്തിലെ നായകൻ ജയകൃഷ്ണൻ ഒരു നാട്ടിൻപുറത്തുകാരനായ സാധാരണക്കാരനാണ്. അത്തരമൊരു വേഷം ചെയ്യുന്നതിനായി ഈ രൂപത്തിലേക്ക് മാറേണ്ടത് ആവശ്യകതയാണെന്നു മനസിലാക്കിയതിനാലാണ് ഈ മുന്നൊരുക്കം. അത് ചിത്രത്തിലൂടെ നിങ്ങൾക്ക് ബോധ്യമാകുമെന്നു പ്രതീക്ഷയുണ്ട്.
എന്റെ ഓരോ വിജയങ്ങൾക്ക് പിന്നിലും നിങ്ങൾ തന്ന വലിയ പിന്തുണ ഉണ്ടായിരുന്നു. അതിനു ഞാൻ നിങ്ങൾ ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നു. തുടർന്നും നിങ്ങളുടെ മനസ്സറിഞ്ഞ ഹൃദയത്തിൽ തൊട്ടുള്ള പിന്തുണ കൂടെയുണ്ടാകണം. 🙏
ഒരു സുപ്രധാന കാര്യം കൂടി നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുകയാണ്. എന്റെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് "മേപ്പടിയാൻ" എന്ന ചിത്രത്തിൽ യാതൊരു തരത്തിലുള്ള ആക്ഷൻ രംഗങ്ങളും ഉണ്ടായിരിക്കുകയില്ല. ചിത്രം കുടുംബ പ്രേക്ഷകർക്കും, യുവാക്കൾക്കും ഇഷ്ടപ്പെടുന്ന ഒരുപിടി നല്ല രംഗങ്ങൾ കൊണ്ട് സമ്പന്നമായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |