മലയാള ഭാഷയിൽ ആദ്യമായി ട്രാൻസ്ജെൻഡർ കവി എന്ന പേരിൽ അടയാളപ്പെടുത്താവുന്ന വ്യക്തത്വമാണ് വിജയരാജമല്ലിക. 2016ലെ അരളി പുരസ്കാരം , 2019ലെ യുവകലാസാഹിതി വയലാർ കവിതാ പുരസ്കാരം എന്നിവയും വിജയരാജമല്ലിക നേടി. തൃശൂർ ജില്ലയിലെ മുതുവറയിൽ ജനിച്ച മനുകൃഷ്ണൻ വിജയരാജമല്ലികയായി മാറിയ കഥപറയുന്ന ആത്മകഥയാണ് മല്ലികാവസന്തം. പെൺശബ്ദവും പെൺനടത്തവുമായി ആൺകുട്ടികളിൽ നിന്ന് വേറിട്ടുനിറുത്തിയ തന്റെ ബാല്യകാലത്തെക്കുരിച്ച് വിജയരാജമല്ലിക പുസ്തകത്തിൽ തുറന്നു പറയുന്നു.
താൻ പിന്നിട്ട വഴികളെക്കുറിച്ച് യാതോരു ഒളിയുംമറയുമില്ലാതെ തുറന്നുപറയാൻ വിജയരാജമല്ലിക മടിക്കുന്നില്ല. തന്റെ പ്രണയവും വിവാഹവും എല്ലാം പുസ്തകത്തിൽ അവർ തുറന്നുകാട്ടുന്നു.കൂട്ടുകാർക്കിടയില്‍ ഞാനൊരു പരിഹാസപാത്രമായി മാറുകയായിരുന്നു. കേന്ദ്രീയ വിദ്യാലയത്തിലെ ചില കുട്ടികളെന്നെ ശിഖണ്ഡി എന്നു വിളിച്ചിരുന്നു. അവിടെ നിറവും പ്രശ്നമായിരുന്നു.. വിജയരാജമല്ലിക പറയുന്നു.
അമ്മയുടെ ക്ലാസിൽ ആണും പെണ്ണും കെട്ടവൻ എന്ന് അമ്മ പലരേയും വിളിച്ചിട്ടുണ്ടത്രെ. അനവസരത്തിലുള്ള അമ്മയുടെ പരിഹാസം കേട്ട് അമ്മയുടെ ഏതോ വിദ്യാർത്ഥി അമ്മയെ ശപിച്ചിട്ടുണ്ടുപോലും. കുടുംബത്തിലും ഇതുപോലെ ഒരെണ്ണം ഉണ്ടാകട്ടെ എന്ന്. അത് ഞാനായിപ്പോയതാകാം അല്ലേയെന്ന് വിജയരാജമല്ലിക ചോദിക്കുന്നു..
എറണാകുളത്ത് പഹ്‌ചാൻ പ്രോജക്ട് ചെയ്തുകൊണ്ടിരുന്ന കാലത്ത് വിശ്വനാഥന്‍ എന്ന ഒരാൾ തന്നെ വിവാഹം ചെയ്യാനാഗ്രഹിച്ചതായും അവർ പറയുന്നു. എന്നാൽ വിശ്വനാഥനുമായുള്ള ബന്ധത്തെ വീട്ടുകാരെതിർത്തപ്പോൾ ഞാനാകെ തകർന്നു.എൽ.ജി.ബി.ടി വിഷയത്തിൽ എനിക്കൊപ്പം നിന്ന വീട്ടുകാര്‍, എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയിൽ ജോലി നോക്കുമ്പോൾ എനിക്കൊപ്പം നിന്ന എന്റെ കുടുംബം, എന്റെ പുരുഷസൗഹൃദങ്ങളെ ഉൾക്കൊണ്ടിരുന്ന വീട്ടുകാർ ഒരു പുരുഷനെ ഞാൻ വിവാഹം ചെയ്യണമെന്ന് ആഗ്രഹിച്ചപ്പോൾ എതിർത്തതെന്തിനാണെന്ന് വിജയരാജമല്ലിക ചോദിക്കുന്നു.
ആണുങ്ങൾക്ക് സ്നേഹിക്കാം. രതിയിൽ രഹസ്യമായി ഏർപ്പെടാം. എന്നാൽ വിവാഹം പാടില്ല എന്നത് എന്തുതരം കാഴ്ചപ്പാടാണെന്ന് ചോദ്യം അവർ ഉയർത്തുന്നു. ഇതോടുകൂടി പൊതുപ്രവർത്തനങ്ങളും ഞാൻ അവസാനിപ്പിച്ചു.
പലതും അനുഭവിച്ചെങ്കിലും ഇത് ജീവിതത്തിന്റെ തീരുമാനങ്ങള്‍ക്ക് അടിത്തറയിടുകയായിരുന്നു. ഒരു മനുഷ്യനും ചിന്തിക്കാത്ത പലതും ചെയ്തു. ഒരിക്കലും പുരുഷനോട് പ്രണയം തോന്നരുതെന്ന് തീരുമാനിച്ചു. സ്വന്തം ലൈംഗികശേഷിയെ പതുക്കെപ്പതുക്കെ ഇല്ലാതാക്കുക, കൊല്ലുക. കടുക്കക്കഷായം. പിന്നെ മൂന്ന് വര്‍ഷങ്ങള്‍ കടുക്ക തിളപ്പിച്ച വെള്ളത്തില്‍ ഞാന്‍ എന്റെ അഭിനിവേശങ്ങളെ മുക്കിക്കൊല്ലാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. വിജയരാജ മല്ലിക പറയുന്നു.
തന്റെ ആദ്യവിവാഹത്തെക്കുറിച്ചും വിജയരാജമല്ലിക പുസ്തകത്തൽ വിവരിക്കുന്നു. എന്റെ അച്ഛനമ്മമാരുടെ നിർബന്ധം, യാചന എന്നിവയുടെ മുന്നിൽ എനിക്കു വഴങ്ങേണ്ടിവന്നുവെന്ന് അവർ പറയുന്നു. ഒരിക്കൽ ഒരു ഇന്റർവ്യൂവിന് പോയ അനുഭവവും അവർ പങ്കുവയ്ക്കുന്നു. ട്രാൻസ്ജെൻഡർ ആണ് എന്ന് പറഞ്ഞപ്പോൾ അയാൾ ചോദിച്ചത്,
''ബ്രെസ്റ്റ് ഒറിജിനലാണോ, സർജറി കഴിഞ്ഞോ...?'' എന്നാണെന്നത്രെ..
ലൈംഗിക തൊഴിലിനു ക്ഷണിക്കുന്നവരോട് ഇല്ല എന്ന് പറയാനുള്ള ചങ്കൂറ്റമുണ്ടായിരുന്നു. ആ വരുമാനംകൊണ്ട് ജീവിക്കേണ്ടതില്ല എന്ന് ഉറപ്പിച്ചിരുന്നു. ചെലവിനു കാശില്ലാതായപ്പോള്‍ തെരുവോരങ്ങളില്‍ ചീര വില്‍ക്കാനിരുന്നിട്ടുണ്ട്. ഷൂ പോളിഷ് ചെയ്യാനും മടിയില്ലായിരുന്നു. കലൂർ പള്ളിയിൽ പോയി നിത്യവും പ്രാർത്ഥിക്കുമായിരുന്നു. കേരളഭൂമി'യിൽ ഒരു ഗോഡ്ഫാദറില്ലാതെ വളരുകയെന്നത് ഒരു ചലഞ്ച് ആയിരുന്നു എനിക്ക്. ഒരു ട്രാൻസ്ജെൻഡറിനു ഭൂമിയിൽ ജീവിക്കാൻ അർഹതയുണ്ട് എന്ന തോന്നൽ, ആത്മാഭിമാനത്തോടെ നടക്കാം എന്ന വിചാരം ഒക്കെയെന്നിൽ കരുത്ത് പകരുകയായിരുന്നു.
ട്രാൻസ്ജെൻഡർ ആണെന്നു പറയാൻ, അത് സ്ഥാപിച്ചെടുക്കാൻ ഏതു ജെൻഡറിലേക്ക് ട്രാൻസിഷൻ ചെയ്യുന്നുവോ അതിന്റെ ആഘോഷങ്ങൾ പ്രകടമാക്കുക അന്നൊക്കെ അത്യാവശ്യമായി തോന്നി. അങ്ങനെ പെണ്ണുങ്ങള്‍ വലിച്ചെറിഞ്ഞ പൊട്ടും ചായവും മാലയും സ്വീകരിക്കാന്‍ ഞാനും നിര്‍ബന്ധിതയായെന്ന് വിജയരാജമല്ലിക വ്യക്തമാക്കുന്നു.
അപ്പോഴും എന്നെ ശാരീരികപ്രയാസങ്ങൾ വല്ലാതെ തളർത്തിയിരുന്നതായും അവർ പറയുന്നു. പലപ്പോഴും നിംഫോമാനിയയുടെ അതിരാക്ഷസഭാവങ്ങൾക്കു ആക്രമിക്കപ്പെട്ട രാത്രികൾ. സാമൂഹികപ്രവർത്തക, കവി, അദ്ധ്യാപിക ഇതെല്ലാമായിരിക്കെ ഞാൻ എന്റെ ലൈംഗിക കാമനകളെ എങ്ങനെ അടക്കുമെന്ന് അവർ ചോദിക്കുന്നു? ബ്രോഡ്‌വേയില്‍ൽനിന്നും ചില്ല് ഗ്ലാസ്സുകള്‍ വാങ്ങി എറിഞ്ഞുടയ്ക്കും. എന്നിട്ടും അടക്കാനാവില്ല എന്റെ കാമനകൾ. അപ്പോൾ മനസ്സ് പുരുഷഗന്ധത്തേക്കാള്‍ അവന്റെ വിയർപ്പിനും രക്തത്തിനും കൊതിച്ചു. ഉള്ളിൽ നഗ്‌നയായി അട്ടഹസിച്ചു. ക്ഷണിച്ച സദ്യകളിൽ ഭക്ഷണം കഴിക്കാതെ വലയുമായിരുന്നു. കാമം ഉതിരുമ്പോള്‍ കടുക്ക തിളപ്പിച്ചു കുടിക്കും.
പലതവണ എന്നെ വിളിച്ചു കല്യാണം കഴിക്കാം എന്നു പറഞ്ഞയാൾഅയാളുടെ ശാരീരിക സുഖത്തിനുവേണ്ടി തന്റെ ചുവന്ന സ്‌കോർപിയോ കാറിൽ യാത്രയ്ക്കു ക്ഷണിച്ചു. പിന്നെ പിറ്റേന്ന് വിളിച്ചിട്ട് എന്നെയും അയാളേയും ഒരുമിച്ചു കണ്ടാല്‍ അമ്മയും മകനും പോലെ ഉണ്ടാകുമെന്നും അതുകൊണ്ട് അപ്പൻസമ്മതിക്കുന്നില്ല എന്നും പറഞ്ഞു. വീണ്ടും മകരക്കുളിര് ഉതിരുമ്പോൾ ഫോണിൽ വിളിക്കും. നേരം വെളുക്കുംവരെ കാമദേവന്റെ കൈ തളർത്താൻ. ഒടുവില്‍ ശല്യം സഹിക്കാനാകാതായപ്പോൾ, അയാൾജോലി ചെയ്യുന്ന ഡിപ്പോയില്‍ പരാതിപ്പെടും എന്നായപ്പോൾ അയാൾപടം മടക്കി കെട്ടിയെന്ന് വിജയരാജമല്ലിക.
തന്റെ പങ്കാളിയെകണ്ടെത്തിയതിനെക്കുറിച്ച് വിജയരാജമല്ലിക പറയുന്നതിങ്ങനെ.ഈ പ്രളയകാലത്ത് സിവിൽ സ്റ്റേഷൻ വളപ്പിൽ ചുറുചുറുക്കോടെ മറ്റുള്ളവർ ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള പാക്കിങ്ങ് പൊടിപൊടിക്കുമ്പോൾ ഒരു ചെറുപ്പക്കാരന്‍ എന്നെ കാര്യമായി ശ്രദ്ധിക്കുന്നതു കണ്ടു. ടിവിയില്‍ ഒക്കെ കാണുന്നതല്ലേ പരിചയം കാണും എന്നു കരുതി. ഞാന്‍ ആരെ കണ്ടാലും പുഞ്ചിരിക്കുന്ന പ്രകൃതവും. പക്ഷേ, തുണികളുടെ പായ്ക്കറ്റ് വളരെ ശ്രദ്ധയോടെ അടക്കിവെയ്ക്കുന്ന ഞാന്‍ ആദ്യമായിട്ടായിരുന്നു ആ പയ്യനെ കാണുന്നത്.
പിന്നീട് മഴമാറി മഞ്ഞെത്തും മുന്നേ ഒരു വെയില്‍ക്കാലത്ത് സാഹിത്യ അക്കാദമിയില്‍ വെച്ചു ഏതോ പരിപാടിയില്‍ സംസാരിച്ചു. ഊബര്‍ കാത്തുനില്‍ക്കുംനേരം ആ ചെറുപ്പക്കാരനെ ഞാന്‍ വീണ്ടും കണ്ടു. അയാള്‍ എന്നെത്തന്നെ നോക്കിനില്‍പ്പുണ്ടായിരുന്നു. അപ്പോഴും ഞാന്‍ ചിരിച്ചു. അയാള്‍ വലതുകൈ വീശി കാണിച്ചു. ഞാന്‍ അരികിലേക്കു ചെന്നു. എന്നെ അറിയുമോ എന്നു ചോദിക്കവേ പുറകില്‍നിന്നും ഒരു കവിസുഹൃത്ത് എന്നെ പേരെടുത്ത് വിളിച്ചു. അപ്പോള്‍ ആ ചെറുപ്പക്കാരന്റെ ചുണ്ടുകളില്‍ എന്റെ പേര് പതുങ്ങിയ ശബ്ദത്തില്‍ അടയാളപ്പെടുന്നതു ഞാന്‍ കണ്ടു. കാര്‍ വരാന്‍ വൈകുമെന്നു മനസ്സിലാക്കിയ ഞാന്‍ കവിസുഹൃത്തിനൊപ്പം സെല്‍ഫിയും എടുത്തശേഷം ആ യുവാവിനെ നോക്കി 'ദേ ഇപ്പോള്‍ വരാമേ' എന്നും പറഞ്ഞു. അയാള്‍ അവിടെ എന്നെത്തന്നെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. ഞാന്‍ കരുതി അയാള്‍ക്ക് സെല്‍ഫിക്കു പോസ് ചെയ്യാനാണെന്ന്. പക്ഷേ, ആ യുവാവ് എന്നെ അതിശയിപ്പിച്ചു. അയാള്‍ എന്റെ നെറ്റിയിലെ വിയര്‍പ്പ് തുടച്ചെടുത്തിട്ട് 'ഇന്നത്തെ പ്രസംഗം നന്നായി' എന്നു പറഞ്ഞു. പേര് ചോദിച്ചപ്പോള്‍ ജാഷിം എന്നും പറഞ്ഞു.
ഒരിക്കല്‍ കിഡ്നിക്ക് അണുബാധ മൂര്‍ച്ഛിച്ചപ്പോള്‍ എന്നെയും കൊണ്ട് കോയമ്പത്തൂരിലെ വേല ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന സമയത്താണ് കണ്ണൂരിലെ ആ ഐ.ടി. ഉദ്യോഗസ്ഥന്റെ കോൾ എന്റെ ഫോണിന്റെ വാതിലില്‍ വന്നു മുട്ടുന്നത്. ഫോണ്‍ എടുത്ത് സംസാരിക്കാനുള്ള മാനസികനിലയില്‍ അല്ലായിരുന്നു ഞാന്‍. ഫോണ്‍ എടുത്തത് ജാഷിമായിരുന്നു. മല്ലിക കുളിക്കുകയാണ് എന്നും പറഞ്ഞു ഫോണ്‍ വെച്ച ജാഷിമെന്നോട് ''ഇനി ആരെയും വിവാഹം കഴിക്കണ്ട, മല്ലികയെ താന്‍ വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നു'' എന്ന് പറഞ്ഞു. ബസ്സിന്റെ ബ്രേക്ക് ഒന്നുമല്ല. ഞാനാകെ ഞെട്ടിത്തരിച്ചു. എന്തോ, അതുവരെ എനിക്ക് അതു മനസ്സിലാക്കാന്‍ കഴിഞ്ഞില്ല... ഞാൻ ഓര്‍ത്തു.
''ഞാന്‍ വിവാഹം കഴിച്ചോട്ടെ മല്ലിക. രണ്ടു വര്‍ഷം സമയം തരൂ. ഞാൻ ഒന്ന് സെറ്റിൽ ആകട്ടെ'' ജാഷിം വീണ്ടും പറഞ്ഞു. പിന്നീട് അങ്ങോട്ട് എന്റെ യാത്രകളില്‍ എപ്പോഴും ജാഷിം ഉണ്ടായിരുന്നു. ഒരിക്കൽ ഞാൻ ചോദിച്ചു: ''ഒരിക്കലും പ്രസവിക്കാത്ത എന്നെ വിവാഹം കഴിക്കണോ?''
''ഞാന്‍ മറ്റൊരു പെണ്ണിനെ വിവാഹം കഴിച്ചാല്‍ എനിക്ക് കുട്ടികള്‍ ഉണ്ടാകണം എന്ന നിര്‍ബന്ധം ഇല്ലല്ലോ മല്ലികേ'' എന്നാണ് എന്നോട് ചോദിച്ചത്.
ജാഷിമിന്റെ വീട്ടില്‍ ഞങ്ങളുടെ ബന്ധം വൈകാതെ തന്നെ അറിഞ്ഞു. അവിടെ വലിയ പുകിലുകള്‍ ഉണ്ടായി. ആണും പെണ്ണും കെട്ട ശാപം പിടിച്ച ശൈത്താനായ ഞാന്‍ മകനെ നശിപ്പിച്ചുകളയുമെന്ന ഭീതിയിലായിരുന്നു ആ ഉമ്മ. ഒരിക്കല്‍ ജാഷിമിന്റെ ഫോണിലൂടെ ഞാന്‍ ആ ഉമ്മയോട് എന്റെ നിലപാട് വളരെ വ്യക്തമായിത്തന്നെ അറിയിച്ചു. പക്ഷേ, ജാഷിം വിവാഹത്തില്‍നിന്നും പിന്മാറാന്‍ തയ്യാറായില്ല. ഒടുവില്‍ വീട്ടിലെ പ്രശ്നങ്ങള്‍ക്ക് അറുതി വരുത്തുവാനായി ഞങ്ങള്‍ രണ്ടു വര്‍ഷങ്ങള്‍ക്കുശേഷം ഒന്നാകാന്‍ തീരുമാനിച്ചു. പക്ഷേ രണ്ടുപേര്‍ക്കും ആയില്ല. സന്ധികളുടെ ലംഘനങ്ങള്‍ ഞങ്ങളെ കൂടുതല്‍ അടുപ്പിച്ചു. ഞങ്ങളുടെ രഹസ്യ സംഗമങ്ങളില്‍ ഞങ്ങളുടെ വസ്ത്രങ്ങളുടെ നിറങ്ങള്‍ വരെയും വീട്ടിലെ ചര്‍ച്ചകളില്‍ എത്തുന്നതറിഞ്ഞ ജാഷിം എന്നോട് അല്പം കരുതലോടെ ഇരിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഏതായാലും തിരൂര്‍ മലയാളം യൂണിവേഴ്സിറ്റിയില്‍ വെച്ച് 'ആണ്‍നദി'യുടെ പ്രകാശന ദിവസം ഓര്‍ക്കാതിരിക്കാനാവില്ല. ജീവിതത്തിന്റെ പുതിയ വഴിത്താരകള്‍ തുറന്ന ദിവസം.
അന്ന് മണ്ണുത്തിയിലെ വീട്ടില്‍നിന്നും വണ്ടിപിടിച്ചു വന്ന ജാഷിമിന്റെ ഉമ്മയും അയല്‍വീട്ടിലെ ചേട്ടനും സഹോദരനുംകൂടി ബലമായി വണ്ടിയില്‍ കയറ്റി വീട്ടില്‍ കൊണ്ടുപോയി. പുസ്തക പ്രകാശന ചടങ്ങുകള്‍ക്കുശേഷം തിരൂര്‍ മലയാളം സര്‍വ്വകലാശാലയിലെ സുഹൃത്തുക്കളേയും പൊന്നാനിയിലെ അടുത്ത സുഹൃത്തായ ഒരു ചിത്രകാരനേയും കൂട്ടി ഞാന്‍ തിരൂര്‍ പൊലീസ് സ്റ്റേഷനില്‍ ചെന്ന് എസ്.ഐയ്ക്ക് പരാതി നല്‍കി. അപ്പോഴേക്കും ജാഷിം വീട്ടിലെ ഭീഷണികള്‍ വകവെയ്ക്കാതെ വീട്ടില്‍നിന്നും ഇറങ്ങി.
ഞങ്ങളുടെ വിവാഹം മറ്റു വിവാഹങ്ങളില്‍നിന്നും വ്യത്യസ്തമായിരുന്നു. പലരും പറയാറുണ്ട് പാര്‍ട്ടിക്കല്യാണം എന്നൊക്കെ. പക്ഷേ, അക്ഷരാര്‍ത്ഥത്തില്‍ ഞങ്ങളുടേത് രക്തഹാരമണിഞ്ഞുകൊണ്ടൊരു വിവാഹമായിരുന്നു. ഒരുമിച്ചു ജീവിക്കാന്‍ വിവാഹം അനിവാര്യമോ എന്ന് ചോദിക്കുന്നവര്‍ ഉണ്ട്. എന്റെ ഭര്‍ത്തൃസങ്കല്പങ്ങള്‍ ഒക്കെ കേട്ടാല്‍ നിങ്ങള്‍ ഞെട്ടും. ഉയരം, പ്രായം, ജെന്‍ഡര്‍ എന്നീ മൂന്ന് ഘടകങ്ങളില്‍ ഞങ്ങളുടെ വിവാഹം വേറിട്ട് നില്‍ക്കുന്നു. ഞാന്‍ വിവാഹം ചെയ്ത ജാഷിം പെണ്ണായി ജനിച്ചു ആണായി മാറിയ, Female to Male ആയ ഒരു ട്രാന്‍സ്ജെന്‍ഡറാണെന്നു അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ എനിക്ക് തിരി പിടിച്ചു തന്നത് ഈ പറഞ്ഞവര്‍ ആരുമായിരുന്നില്ലല്ലോ. സോഷ്യല്‍ മീഡിയയില്‍ അടക്കം വന്ന ഒരു കമന്റുകള്‍ക്കും ഞങ്ങള്‍ കാതു കൊടുത്തില്ല. ഞങ്ങള്‍ക്ക് ഒരുമിച്ചു ജീവിക്കണമായിരുന്നു.
ഞങ്ങള്‍ക്ക് ഞങ്ങളുടെ ചിറകില്‍ നല്ല വിശ്വാസമുണ്ട്. ജോലി ചെയ്തും അദ്ധ്വാനിച്ചുമേ ജീവിക്കൂ എന്നും തീരുമാനിച്ചുറപ്പിച്ചവരാണ്.
വര്‍ഗ്ഗീയവാദികളോട് പറയട്ടെ, ഞങ്ങള്‍ മതം മാറുന്നില്ല. ഒരു മതത്തേയും നിന്ദിക്കുന്നുമില്ല. എല്ലാവരോടും ഞങ്ങള്‍ക്ക് സ്നേഹം മാത്രമെന്നും വിജയരാജ മല്ലിക പുസ്തകത്തിൽ പറയുന്നു..
ധൈര്യമായി ജീവിക്കുക. സ്വന്തം ശരീരത്തിന്റെ സാദ്ധ്യതകളും പരിമിതികളും തിരിച്ചറിയുക. ആരേയും പേടിക്കാതിരിക്കുക. പ്രവൃത്തിയില്‍ സത്യമുണ്ടോ, നിങ്ങള്‍ക്ക് വിജയം ഉറപ്പ്. നന്മയുള്ള മനുഷ്യരായി വളരൂ. വെറും ആണും പെണ്ണുമാകാതെ.വിജയരാജ നമല്ലിതക പറഞ്ഞുനിറുചത്തുന്നത് ഇവിടെയാണ്..
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |