ഒരു നനുത്ത സാഹിത്യസുഗന്ധമായി മലയാളക്കരയെ ഇപ്പോഴും തൊട്ടുനിൽക്കുന്ന ഗീതാ ഹിരണ്യന്റെ സ്മരണയുയർത്തി വീണ്ടും ഒരു ജനുവരി കൂടി. പതിനേഴ് വർഷം മുമ്പ് ഒരു ജനുവരി രണ്ടിനായിരുന്നു മലയാളത്തിന്റെ പ്രിയങ്കരിയായിരുന്ന ആ എഴുത്തുകാരി നമ്മെ വിട്ട് പോയത്. തനിക്ക് ലഭിച്ച ചുരുക്കം സമയത്തിനിടെ ഒരു കഥാകാരിയായും കവയത്രിയായും ലേഖികയായും ഒപ്പം, നല്ലൊരു അദ്ധ്യാപികയായും മലയാളികളുടെ ഹൃദയത്തിൽ ചേർന്ന് നിന്ന സാഹിത്യകാരി.
തന്നിൽ നിന്നും അടർന്ന് വീണ ഓരോ വാക്കും വാക്യവും വികാരവും കൃത്യമായി ആത്മാവിഷ്കാരം ചെയ്ത് ഈ മണ്ണിൽ ലയിപ്പിച്ച് നിറുത്താൻ അവർക്ക് കഴിഞ്ഞിരുന്നു. ഗീതാഹിരണ്യനിൽ നിന്നും നമുക്ക് ലഭിച്ചതിൽ ഏറിയ പങ്കും ചെറുകഥകളാണ്. എന്നാൽ, അപൂർവമായെങ്കിലും അവർ രചിച്ച പല കവിതകളും ഇനിയും ലോകം ശ്രദ്ധിക്കാതെയും ചർച്ചചെയ്യപ്പെടാതെയും പോകുന്നുവോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഒരുപക്ഷേ, പലയിടങ്ങളിലായി ചിതറിക്കിടക്കുന്ന ആ ചെറു കാവ്യങ്ങളെ ഇതുവരെ ഒരു നൂലിൽ കോർത്തിടാൻ പോലും സാധിക്കാതെ പോയതാകാം അവക്ക് അർഹമായ സ്ഥാനം ലഭിക്കാതിരുന്നത്.
അവരുടെ കാവ്യസാക്ഷാത്ക്കാരങ്ങളിൽ അധികമാരും ശ്രദ്ധിക്കാനിടയില്ലാത്ത ഒരു ഏടാണ് 'സുഖം." ഏത് കാലഘട്ടത്തിലേയും സ്ത്രീകളുടെ യഥാർത്ഥ പ്രശ്നത്തെ, അതിന്റെ അന്തരാർത്ഥങ്ങളിലൂടെ പ്രതിഫലിപ്പിക്കുന്നതാണ്, ഏതാനും വരികളിലൂടെ ടീച്ചർ ലളിതമായി കോറിയിട്ട ഈ കവിത. ഒരു ആത്മനിഷ്ഠമായ കാവ്യം പോലെയാണ് 'സുഖം" എന്നാണ് എനിക്ക് പലപ്പോഴും തോന്നിയിട്ടുള്ളത്. ജീവിതമെന്ന മഷികൊണ്ട് ടീച്ചർ കോറിയിട്ട ഈ ലഘുകാവ്യത്തെ മലയാളസാഹിത്യം ഇതുവരെ തിരിച്ചറിയാതിരുന്നത് ഒരുപക്ഷെ, ഞാനെന്ന മറ്റൊരു 'ഭാഗ്യദോഷത്തിൻ ജന്മ"ത്തിന്റെ കൈകളിൽ അത് അകപ്പെട്ടതുക്കൊണ്ടാകാം.
2000ത്തിൽ തൃശൂരിൽ തുടങ്ങിയ 'പ്രതിഭാവം" എന്ന ഒരു പ്രതിമാസ പത്രത്തിന്റെ ആദ്യ എഡിഷനിലാണ് ഈ കവിത ആദ്യമായി പ്രസിദ്ധീകരിച്ചത്. രണ്ട് എഡിഷന് മാത്രം ആയുസുണ്ടായിരുന്ന ഈ പത്രത്തിന്റെ പ്രസാധകനും പത്രാധിപരും ഞാനായിരുന്നു. എന്റെ കൺമുന്നിലായിരുന്നു ടീച്ചർ കവിത എഴുതിയത്. 1999ന്റെ അവസാന നാളുകൾ. തൃശൂർ നഗരസഭ കോർപ്പറേഷനായി രൂപപ്പെട്ട് വരുന്ന കാലം. 2000 ജനുവരിയിൽ പത്രത്തിന്റെ ആദ്യപതിപ്പ് ഇറക്കാൻ വേണ്ടതെല്ലാം ആയി. അച്ചടി ജോലികൾ എം.ജി. റോഡിലെ കൈരളി ഓഫ്സെറ്റ് പ്രസിൽ നടക്കുന്നു. അവിടെ, പത്രത്തിന്റെ ലേ ഔട്ട് തയ്യാറാക്കുന്നതിൽ എന്റെ പ്രധാന സഹായിയും പ്രതിഭാവത്തിന്റെ സബ് എഡിറ്ററുമായിരുന്ന സഹോദരീപുത്രൻ സുജിത് ആലുങ്ങലും ഞാനും തിരക്കിട്ട പ്രൂഫ് റീഡിംഗിലാണ്. ഇതിനിടയിലാണ് സുജിത് ഒരു കാര്യം ചോദിച്ചത്: 'പത്രത്തിൽ മൊത്തം വാർത്തകളായാൽ ബോറാകില്ലേ? അതുകൊണ്ട്, കുറച്ച് സാഹിത്യവും കൂടി ഉൾപ്പെടുത്തിയാലോ?" പത്രത്തിന്റെ പ്രൂഫ് പ്രിന്റ് ആകെ നോക്കിയപ്പോൾ എനിക്കും അത് ശരിയാണെന്ന് തോന്നി. പിന്നെ, അതിനുള്ള ശ്രമമായി. പക്ഷെ, അതത്ര എളുപ്പമുള്ള കാര്യമല്ലെന്ന് പിന്നീട് ബോദ്ധ്യമായി. വാർത്തകൾ ശേഖരിക്കൽ വളരെ എളുപ്പമായിരുന്നു. പക്ഷെ, കഥയും കവിതയും മറ്റും എഴുന്നവർ എന്റെ ചുറ്റുവട്ടത്തിൽ അന്ന് വളരെ കുറവായിരുന്നു. ആ സമയത്താണ് പടിഞ്ഞാറേ കോട്ടയിൽ വെച്ച് യാദൃച്ഛികമായി ഡേവിസ് സാറിനെ കാണുന്നത്. സാറിനോട് ഞാൻ പത്രം തുടങ്ങുന്ന കാര്യം പറഞ്ഞു. സാറാണ് ടീച്ചറെ സമീപിക്കാൻ പറഞ്ഞത്. മറ്റൊരു കാര്യം കൂടി അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി. ടീച്ചർ സുഖമില്ലാതിരിക്കുകയാണ്. പക്ഷെ, എന്തെങ്കിലും സാദ്ധ്യതയുണ്ടെങ്കിൽ തീർച്ചയായും സഹായിക്കും.
അങ്ങനെ, റിപ്പോർട്ടർ ശ്രീനാഥിനെയും കൂട്ടി ഞാൻ വടക്കേ ബസ് സ്റ്റാൻഡിലുള്ള ടീച്ചറുടെ വീട്ടിലെത്തി. ഒടുവിൽ ആ പൂമുഖ വാതിൽ തുറക്കപ്പെട്ടു. ഞങ്ങളെ വരവേറ്റത്, 'എന്ത്യേ കുട്ടികളേ" എന്ന ടീച്ചറുടെ ചോദ്യമായിരുന്നു. വാത്സല്യപൂർവമായ ഒരു കുശലാന്വേഷണം പോലെയായിരുന്നു അത്. മുന്നിൽ ചെറുപുഞ്ചിരിയോടെ നിൽക്കുന്ന ടീച്ചറെ കണ്ടപ്പോൾ തന്നെ ഞങ്ങളുടെ ഉള്ളം ഒന്ന് കുളിർത്തു. തെളിഞ്ഞ ചിരിയായിരുന്നു ഗീതാഹിരണ്യന്റെ മുഖത്ത്. മലയാളത്തിന്റെ സാഹിത്യമുത്തശ്ശി ലളിതാംബിക അന്തർജ്ജനത്തിന്റെ അനന്തിരവളാണ് മുമ്പിൽ നിൽക്കുന്നത്. പക്ഷേ, അതിന്റെ യാതൊരു 'നിഴലാട്ട"വും ടീച്ചറിൽ ഇല്ലായിരുന്നു. സത്യത്തിൽ, ടീച്ചറെക്കുറിച്ചോ ടീച്ചറുടെ സാഹിത്യകൃതികളെക്കുറിച്ചോ എനിക്കന്നത്ര കാര്യമായ ഗ്രാഹ്യമില്ലായിരുന്നു. ഡേവിസ് സാറിൽ നിന്നുള്ള അറിവ് വെച്ച് ലളിതാംബിക അന്തർജ്ജനത്തിന്റെ കുടുംബത്തിൽ നിന്നുള്ള ഒരെഴുത്തുകാരി എന്നതിനപ്പുറം ടീച്ചറെ കാണാൻ ഇറങ്ങുമ്പോൾ മറ്റൊന്നും മനസിലും ഇല്ലായിരുന്നു. എന്നാൽ, സാഹിത്യത്തിൽ വലിയ ഒരാളാണെന്ന ഒരുൾബോധം ഉണ്ടായിരുന്നു താനും. അതുകൊണ്ടുത്തന്നെ, ടീച്ചറെ നേരിൽ കണ്ടപ്പോൾ വന്നകാര്യം പറയാൻ പെട്ടെന്ന് ഒരു മടി തോന്നി. മുൻ അനുഭവങ്ങൾ ചെറിയൊരു അപകർഷതാബോധം ഉണ്ടാക്കിത്തന്നിരുന്നു എന്നതാണ് സത്യം.
ഞങ്ങളുടെ പരുങ്ങൽ കണ്ട ടീച്ചർ, മുഖത്തുള്ള ചിരി ഒട്ടും കുറക്കാതെ തന്നെ ഞങ്ങളോട് കയറി ഇരിക്കാൻ പറഞ്ഞു. ഇരുന്നിട്ടും കാര്യം പറയാതെ വിമ്മിഷ്ടപ്പെട്ടിരിക്കുന്ന ഞങ്ങളോട് വളരെ സൗമ്യമായി ടീച്ചർ വീണ്ടും ചോദിച്ചു, 'എന്താ കുട്ടികളേ...എന്തിനാ വന്നത്..? എന്താച്ചാലും പറഞ്ഞോളൂ..." ഇനിയും ടീച്ചറെ മുഷിപ്പിക്കാൻ പറ്റില്ലല്ലോ? ഞാൻ പറഞ്ഞു, 'ഞങ്ങൾ ഒരു പത്രം തുടങ്ങുന്നുണ്ട്. ഈ മാസം തന്നെ ഇറക്കാനാ പ്ലാൻ. അതിലേക്ക് ടീച്ചറുടെ ഒരു കഥയോ കവിതയോ തരണം." അത് കേട്ടതും അതുവരെയുണ്ടായിരുന്ന ടീച്ചറുടെ ആ ചിരി പെട്ടെന്ന് നിന്ന് പോയി. മുഖത്ത് ഗൗരവം പടർന്നു. ടീച്ചറുടെ കണ്ണുകൾ നേരെ താഴോട്ടായി. ഒന്ന് രണ്ട് സെക്കന്റുകളെടുത്തു ആ കണ്ണുകൾ ഞങ്ങളിലേക്ക് തിരിച്ചെത്താൻ. അപ്പോഴും മുഖത്തെ ആ ഗൗരവം കുറഞ്ഞിരുന്നില്ല. ഞങ്ങൾ ഉറപ്പിച്ചു, ഇവിടെയും രക്ഷയില്ലെന്ന്. അതുപോലെ തന്നെയായിരുന്നു ടീച്ചറുടെ പ്രതികരണവും. 'കഥയൊന്നും ഇല്ല്യ കുട്ടികളെ. തീരെ വയ്യ. ഇപ്പൊ അധികമൊന്നും എഴുതാറില്ല."
അത് പറഞ്ഞുകഴിഞ്ഞതും ടീച്ചറുടെ കണ്ണുകൾ വീണ്ടും താഴേക്കായി. പിന്നെയും ചില സെക്കൻഡുകൾ കൂടി ടീച്ചറും ഞങ്ങളും നിശബ്ദരായി ഇരുന്നു. ഇനിയും അവിടെയിരുന്നിട്ട് കാര്യമില്ലെന്ന് ശ്രീനാഥ് കണ്ണുകൾ കൊണ്ട് ആംഗ്യം കാണിക്കുന്നുണ്ടായിരുന്നു. പക്ഷെ, എനിക്കെന്തോ പെട്ടെന്ന് എഴുന്നേൽക്കാൻ തോന്നുന്നില്ല. തൊട്ടുമുമ്പിൽ..കൈയെത്തും ദൂരത്ത്, എന്റെ കൊച്ചു പത്രത്തിലേക്ക് ഒരു വിശിഷ്ടവ്യക്തിയുടെ സാന്നിദ്ധ്യം കാത്തു നിൽപ്പുണ്ടെന്ന തോന്നൽ ശക്തമാകുന്നു. അതുകൊണ്ടാകാം, എനിക്ക് എഴുന്നേൽക്കാൻ കഴിയാതിരുന്നത്.
ടീച്ചർക്ക് മനസിലായെന്ന് തോന്നുന്നു: 'ഞങ്ങൾ വളരെ പ്രതീക്ഷയോടെയാണ് വന്നിരിക്കുന്നതെന്ന്.' ടീച്ചറിൽ നിന്നും ഒരു നെടുനിശ്വാസമുതിർന്നത് ഞങ്ങളറിഞ്ഞു. ടീച്ചർ മെല്ലെ തലയുയർത്തി ഞങ്ങളെ നോക്കി. അപ്പോൾ ആ മുഖത്ത് വീണ്ടും മന്ദഹാസം തെളിഞ്ഞിരുന്നു. ഞങ്ങളിൽ ആശ്വാസവും..! 'ഞാനൊന്ന് നോക്കട്ടെ"എന്ന് പറഞ്ഞു പതിയെ എഴുന്നേറ്റ് ടീച്ചർ അകത്ത് പോയി. ടീച്ചറോടൊപ്പം ഞങ്ങളും എഴുന്നേറ്റിരുന്നു. പക്ഷെ, ഞങ്ങളുടെ പ്രതീക്ഷയേയും പ്രാർത്ഥനകളേയും പാടെ വൃഥാവിലാക്കി, ടീച്ചറുടെ മടങ്ങി വരവ് വെറും കൈകളോടെയായിരുന്നു. 'പുതിയതൊന്നും കാണുന്നില്ല. ഇവിടെ ഉള്ളതെല്ലാം പലതിലും വന്നതാ."ഞങ്ങളെ നിരാശപ്പെടുത്തേണ്ടി വന്നതിലെ കുണ്ഠിതം ടീച്ചറുടെ വാക്കുകളിൽ മാത്രമല്ല, ആ മുഖത്തും നന്നേ പ്രതിഫലിക്കുന്നുണ്ടായിരുന്നു.
ഇനിയും അവിടെ നിൽക്കുന്നത് ടീച്ചറോടുള്ള നെറികേടാകും. അതുകൊണ്ട്, ഉള്ളിലെ നൈരാശ്യം പാടെ മറച്ചുകൊണ്ട് ചിരിച്ചുകൊണ്ടുത്തന്നെ ഞാനും ശ്രീനാഥും ടീച്ചറോട് യാത്ര ചോദിച്ചു. അടുത്ത എഡിഷനിലേക്ക് ടീച്ചറുടെ ഏതെങ്കിലും ഒരു സൃഷ്ടി കിട്ടാനുള്ള ഒരു ഉറപ്പും ഞങ്ങൾ വാങ്ങി. അതിനിടയിലാണ് എന്റെ നോട്ടം അവിടെയുള്ള ടീപ്പോയിലേക്ക് പതിഞ്ഞത്. അതുവരെ ആ ടീപ്പോയ് എന്റെ ശ്രദ്ധയിൽ പതിഞ്ഞിരുന്നില്ല. അതിന് മുകളിൽ കിടന്നിരുന്ന വർത്തമാനപത്രങ്ങളും എഴുത്തുകടലാസുകളും ഒന്നും ഞാൻ കണ്ടിരുന്നില്ല. പക്ഷേ, ആ അവസാനനിമിഷത്തിൽ അതിലൊന്നിൽ എന്റെ കണ്ണുകൾ ഉടക്കി. വളരെ നേർത്ത ചെമപ്പ് കളർ കലർന്ന ഒരു കടലാസ്. അതിലെന്തോ എഴുതിയിട്ടുണ്ട്. പെട്ടെന്ന്, ഏതോ ഒരുൾ പ്രേരണയാൽ ഞാനതെടുത്ത് നോക്കി. ഏകദേശം പൂർത്തിയാകാറായ ഒരു കവിതയായിരുന്നു അത്. ഞാനതെടുത്തോട്ടെയെന്ന് ടീച്ചറോട് ചോദിച്ചു. ടീച്ചർ എന്റെ കൈയിൽ നിന്നും അത് വാങ്ങി ഒരാവർത്തി വായിച്ചു നോക്കി. എന്നിട്ട് എന്നോട് ചോദിച്ചു: 'ഇത് മതിയോ?" മതിയെന്ന് ഞാൻ. ആ ക്ഷണം ടീച്ചർ കസേരയിൽ ഇരുന്നു. പിന്നെയെല്ലാം പെട്ടെന്നായിരുന്നു. കണ്ണടച്ച് തുറക്കുന്ന നേരം കൊണ്ട് ആ കവിതയുടെ ബാക്കി ഭാഗങ്ങൾ കൂടി ടീച്ചർ എഴുതിച്ചേർത്തു.
ശേഷം, രണ്ട് കൈകളും കൊണ്ടാണ് ഞാനാ കവിത ടീച്ചറിൽ നിന്നും ഏറ്റുവാങ്ങിയത്. ഒരു ഭക്തിയോ ബഹുമാനമോ അന്നേരം എനിക്കവരോട് തോന്നിയിരുന്നു എന്നതാണ് സത്യം. അന്ന് ഞാൻ ഒരു പ്രസാദം കണക്കെ ഏറ്റുവാങ്ങിയ ആ 'അമൂല്യനിധി" പതിറ്റാണ്ടുകൾക്കിപ്പുറം ഒട്ടും മൂല്യമില്ലാതെ അഥവാ ആരാലും അറിയപ്പെടാതെ എന്റെ ദ്രവിച്ച 'ആമാടപ്പെട്ടി'യിൽ തന്നെ കിടക്കുന്നത് കാണുമ്പോൾ വാത്സല്യമാർന്ന ആ പരിചിതമുഖം വീണ്ടും വീണ്ടും എന്നിൽ ഒരു നൊമ്പരമുയർത്തുന്നു.
(സംവിധായകൻ കൂടിയായ
ലേഖകന്റെ ഫോൺ:
9446761243)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |