ബ്രിട്ടീഷ് നാടകകൃത്ത് ഹരോൾഡ് പിന്റർ നോബൽ സമ്മാനം സ്വീകരിച്ചുകൊണ്ട് 2015 ൽ സ്വീഡിഷ് അക്കാഡമിയിൽ നടത്തിയ പ്രഭാഷണത്തിൽ അമേരിക്കയെക്കുറിച്ച് പറഞ്ഞ ചില ഭാഗങ്ങളാണ് ചുവടെ.
'ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നമുക്കറിയാവുന്നത് പോലെ, ഭൂരിപക്ഷം രാഷ്ട്രീയക്കാരും സത്യത്തിന് വലിയ വില നൽകാറില്ല. അധികാരത്തിലും അത് നിലനിറുത്തുന്നതിലും മാത്രമാണ് അവരുടെ താത്പര്യം. അവർക്ക് അധികാരത്തിൽ തുടരണമെങ്കിൽ ജനങ്ങൾ ഏറക്കുറെ പല കാര്യങ്ങളിലും അജ്ഞരായി തുടരണം. അഥവാ സ്വന്തം ജീവിതത്തിന്റെ സത്യംപോലും അറിയാതെ സത്യവിരുദ്ധമായ അറിവില്ലായ്മയിൽ മുഴുകി ജനം കഴിയണം. അതിനുവേണ്ടി നമുക്ക് ചുറ്റും കള്ളത്തരത്തിന്റെ കിന്നരിവച്ച വലയങ്ങളാവും അവർ എപ്പോഴും തീർക്കുക. അതാവും ജനങ്ങളുടെ ഭക്ഷണം."
ഇറാക്കിൽ സദ്ദാമിന്റെ പക്കൽ അത്യന്തം അപകടകരമായ ആയുധമുണ്ട്. ജനങ്ങളെ കൂട്ടത്തോടെ കൊല്ലാൻ കെൽല്പുള്ളവ. ഇവയുടെ പ്രയോഗത്തിലൂടെ 45 മിനിട്ടിനുള്ളിൽ കൊടിയ നാശം വിതയ്ക്കാം. അമേരിക്കയുടെ ഇറാക്ക് അധിനിവേശത്തിന് ഇടയാക്കിയത് ഇൗ ന്യായമാണെന്ന് ഇവിടെ ഒാരോ വ്യക്തിക്കും അറിയാം. ഇതാണ് സത്യമെന്ന് അമേരിക്ക നമ്മളെ ധരിപ്പിച്ചു. എന്നാൽ അത് സത്യമല്ലായിരുന്നു. ഇറാക്കിന് അൽക്വയ്ദയുമായി ബന്ധമുണ്ടെന്നും 2001, സെപ്തംബർ 11ന് ന്യൂയോർക്കിൽ നടന്ന അതിക്രമത്തിന്റെ കൂട്ടുത്തരവാദിത്വം ഉണ്ടെന്നും അമേരിക്ക നമ്മളോട് പറഞ്ഞു. അതാണ് സത്യമെന്നും അവർ ധരിപ്പിച്ചു. എന്നാൽ അതും സത്യമല്ലായിരുന്നു."
സത്യം തികച്ചും വിഭിന്നമായ മറ്റൊന്നാണെന്ന് ചൂണ്ടിക്കാണിക്കാൻ രണ്ടാംലോക മഹായുദ്ധത്തിന് ശേഷം അമേരിക്ക പിന്തുടർന്ന വിദേശ നയത്തിന്റെ കള്ളത്തരങ്ങൾ തുറന്നുകാട്ടുന്നതാണ് പിന്ററിന്റെ തുടർന്നുള്ള വാക്കുകൾ.
യുദ്ധത്തിന്റെ വക്കോളമെത്തിയ ഇറാൻ-അമേരിക്കൻ ഭിന്നതയുടെ പശ്ചാത്തലത്തിൽ പിന്ററുടെ വാക്കുകൾക്ക് കൂടുതൽ പ്രസക്തിയുണ്ട്. ഖാസിം സുലൈമാനിയെ ഒരു വെള്ളിയാഴ്ച വധിച്ചതിന് പ്രതികാരമായി 22 മിസൈലുകളാണ് ഇറാൻ ഇറാക്കിലെ രണ്ട് യു.എസ് സൈനിക താവളങ്ങൾക്ക് നേരെ അയച്ചത്. 80 പേർ മരിച്ചെന്ന് ഇറാനും ആരും മരിച്ചില്ലെന്ന് അമേരിക്കയും വെളിപ്പെടുത്തിയിട്ടുണ്ട്.
സാധാരണഗതിയിൽ ഇത്തരം മിസൈൽ ആക്രമണം നടന്നാൽ 'തിരിച്ചടിക്കും" എന്നാണ് അമേരിക്ക പറയുക. എന്നാൽ വാ വിട്ട വാക്കുകൾ പറയുന്നതിൽ മുമ്പനായ ട്രംപ് പറഞ്ഞത് ഇറാനെതിരായി പുതിയ ഉപരോധം ഏർപ്പെടുത്തും എന്നും ഇറാൻ ചർച്ചയ്ക്ക് തയ്യാറാവണം എന്നും മാത്രമാണ്. പശ്ചിമേഷ്യയെ ഒരു യുദ്ധത്തിന്റെ വക്കിൽ നിന്ന് രക്ഷിക്കാൻ അമേരിക്കയുടെ ഇൗ പിന്മാറ്റം ഇടയാക്കിയത് ലോകം മുഴുവൻ സ്വാഗതാർഹമായ കാര്യമാണ്. എന്താവും അമേരിക്കയുടെ ഇൗ പിന്മാറ്റത്തിന് പിന്നിൽ?
ഉത്തരകൊറിയയ്ക്ക് നേരെ ആദ്യം വാളെടുത്ത ട്രംപ് പിന്നീട് സമാധാന ദൂതനായി മാറിയത് ലോകം കണ്ടതാണ്. അതിന് കാരണമുണ്ട്. ഉത്തര കൊറിയയിലെ കിമ്മിന്റെ കൈയിൽ ന്യൂക്ളിയർ ആയുധം ഇരിപ്പുണ്ടെന്ന് അമേരിക്കയ്ക്ക് ക്ളിയറായി അറിയാം. അതിനാൽ അത് പിടിച്ചെടുക്കാനായി അങ്ങോട്ട് കയറില്ല. അതേസമയം സദ്ദാമിന്റെ കൈയിൽ ആണവ ബോംബുണ്ടെന്ന് ലോകത്തെ തെറ്റിദ്ധരിപ്പിച്ചപ്പോഴും അതില്ലെന്ന് ഇന്റലിജൻസ് വിവരങ്ങളിലൂടെ അമേരിക്കയ്ക്ക് നന്നായി അറിയാമായിരുന്നു. അതിനാലാണ് ആ രാജ്യത്ത് കടന്നുകയറി സദ്ദാമിനെ തൂക്കി കൊന്നത്. ആ കളി കിമ്മിന്റെടുത്ത് വിലപ്പോവില്ല. അപ്പോൾ പിന്നെ സമാധാന ദൂതന്റെ തൊപ്പി അണിഞ്ഞു നിൽക്കുന്നതാണ്ഭംഗി.
ഇറാനെ തിരിച്ചാക്രമിക്കാൻ തത്കാലത്തേക്കെങ്കിലും അമേരിക്ക തയ്യാറാകാത്തതിന് പിന്നിൽ പല കാരണങ്ങളുണ്ട്. പ്രധാന കാരണം ഹോർമുസ് കടലിടുക്കാണ്.
കപ്പലുകളുടെ സഞ്ചാരം
ഹോർമുസ് കടലിടുക്ക് വഴിയാണ് ഗൾഫിലെ എണ്ണക്കപ്പലുകൾ സഞ്ചരിക്കുക. ഇത് ഇറാന്റെ അതിർത്തിയിലാണ്. ഒരു യുദ്ധം തുടങ്ങിയാൽ ഒരു കപ്പലിനും അതിലൂടെ സഞ്ചരിക്കാനാകില്ല. ലോകത്തിന്റെ എണ്ണ ഉപഭോഗത്തിന്റെ 20 ശതമാനവും എൽ.എൻ. ജിയുടെ 26 ശതമാനവും ഹോർമുസ് കടലിടുക്കിലൂടെ കപ്പലുകളിലാണ് കടന്നുപോകുന്നത്. സ്വാഭാവികമായും സൗദിയിൽ നിന്നുള്ള കപ്പലുകളാവും കൂടുതൽ. കപ്പൽ നീക്കം നിലച്ചാൽ ഗൾഫ് മേഖലയുടെ എണ്ണ വരുമാനം ഷട്ടറിട്ട പോലെ നിലയ്ക്കും. പണത്തിന് മീതേ പരുന്തല്ല, അമേരിക്കയും പറക്കില്ല. സൗദി പച്ചക്കൊടി കാണിക്കാതെ ഇറാനെ അമേരിക്ക ആക്രമിക്കില്ല. സൗദി പച്ചക്കൊടി കാണിക്കാത്തതിന്റെ കാരണവും മറ്റൊന്നല്ല. ചെങ്കടൽ , ഏദൻ ഉൾക്കടൽ തീരങ്ങളിലെ രാജ്യങ്ങളുമായി സൗഹൃദം സ്ഥാപിച്ച് ബദൽ പാത കണ്ടെത്താൻ സൗദി ശ്രമം ആരംഭിച്ചിട്ടുണ്ട്. അത് വിജയിക്കുന്ന മുറയ്ക്ക് പച്ചക്കൊടി കാട്ടിയേക്കാം. എന്തായാലും തത്കാലമില്ല.
യുദ്ധമുണ്ടായാൽ പ്രധാനമായും നേർക്കുനേർ യുദ്ധം , ഒളിയുദ്ധം, സൈബർ യുദ്ധം എന്നീ മൂന്ന് രീതിയിലാവും നടക്കുക.
1 നേർക്കുനേർ യുദ്ധം
നേർക്കുനേർ യുദ്ധത്തിൽ ഇറാന് ഒരിക്കലും അമേരിക്കയെ തോൽപ്പിക്കാനാവില്ല. ഇറാനെ അപേക്ഷിച്ച് അത്രമാത്രം വലിയ സൈനിക ശക്തിയാണ് അമേരിക്ക.
2. ഒളിയുദ്ധം
ഒളിയുദ്ധത്തിൽ മേൽകൈ നേടുക ഇറാനാവും. യെമനിലെ ഹൂതികളും ലെബനിലെ ഹിസ്ബുള്ളയും ഇറാക്കിലെ കത്തൈബ് ഹിസ്ബുള്ളയും ഇറാനൊപ്പം നിൽക്കും. ചാവേർ ആക്രമണങ്ങൾക്ക് റിബൽ ഗ്രൂപ്പുകൾ മടിക്കില്ല. ഇത് അമേരിക്കയും ഇസ്രായേലും ഒരേപോലെ ഭയക്കുന്ന ഒന്നാണ്.
3 സൈബർ യുദ്ധം
സൈബർ യുദ്ധത്തിൽ ഇറാക്കിന് ചില വൻ ശക്തികളുടെ പോലും സഹായം ലഭിക്കും. അതും അമേരിക്ക ഭയക്കുന്നു. സൈബർ യുദ്ധത്തിൽ അമേരിക്കയ്ക്കാവും കൂടുതൽ നഷ്ടം ഉണ്ടാവുക.
സാമ്പത്തിക നില
എല്ലാത്തിലുമുപരി ഇറാൻ-അമേരിക്ക യുദ്ധം ഉണ്ടായാൽ ലോക സാമ്പത്തിക രംഗം അപ്പാടെ തകരും. അമേരിക്കയ്ക്കും സഖ്യരാജ്യങ്ങൾക്കും പോലും പിടിച്ചുനിൽക്കാൻ പാടാകും. ഇന്ത്യയുടെ സ്ഥിതിയാകട്ടെ എണ്ണവില കൂടുകയും റവന്യൂ വരുമാനം കുറയുകയും ചെയ്താൽ വളരെ ദയനീയമാകും. അടുപ്പക്കാരായ രാജ്യങ്ങൾ പോലും അമേരിക്കയ്ക്കെതിരെ വിരൽ ചൂണ്ടുന്ന സ്ഥിതി വിശേഷം സംജാതമാകും. അതിനാലാണ് വധം തത്കാലം വേണ്ട, വിരട്ടൽ മതി എന്ന തന്ത്രം അമേരിക്ക സ്വീകരിച്ചിരിക്കുന്നത്. ഇറാന്റെ സാമ്പത്തിക നിലയും ഒരു യുദ്ധത്തിന് ഒട്ടും അനുവദിക്കുന്നതല്ല. സ്ഥിതി വളരെ മോശമാണ്. സാമ്പത്തിക പ്രശ്നങ്ങളിൽ നട്ടം തിരിഞ്ഞ ജനങ്ങൾ സർക്കാരിനെതിരെ തിരിഞ്ഞുകൊണ്ടിരുന്ന സന്ദർഭത്തിലാണ് സുലൈമാനി വധം ഉണ്ടായത്. അതോടെ രംഗം മാറി. ജനങ്ങൾ ഒറ്റക്കെട്ടായി. സർക്കാരിന് പിന്നിൽ അണിനിരന്നു. ഒരു തിരിച്ചടി എങ്കിലും നൽകാതെ ഇറാൻ ഭരണാധികാരികൾക്ക് ജനങ്ങളുടെ മുന്നിൽ പിടിച്ചുനിൽക്കാനാവില്ലായിരുന്നു. യു.എൻ ചാർട്ടർ 51 പ്രകാരം ആത്മരക്ഷാർത്ഥം അംഗരാജ്യങ്ങൾക്ക് മിലിട്ടറി ആക്ഷൻ നടത്താം. അത് മാത്രമേ ഇറാൻ ചെയ്തുള്ളൂ.
എണ്ണപ്പാടമാണ്
അതിനാൽ ഇറാൻ-അമേരിക്ക ഭിന്നത വഷളാകാതെ ശമിക്കുന്ന ലക്ഷണങ്ങളാണ് പൊതുവെ കാണുന്നത്. എന്നാലും എണ്ണപ്പാടമാണ്. എല്ലാ കക്ഷികളും തീക്കളിയാണ് കളിക്കുന്നത്. ഒരു പൊരി പാറി വീണാൽ മതി, എല്ലാം കൈവിട്ടുപോകാൻ. യുദ്ധഭീതിയിലാണ് ആയുധക്കച്ചവടം ഏറ്റവും കൂടുതൽ നടക്കുന്നത്. അതിനാൽ നേർക്കുനേർ യുദ്ധത്തിന് പകരം പ്രശ്നം പരിഹരിക്കപ്പെടാതെ നീട്ടിക്കൊണ്ട് പോകുന്നതിലായിരിക്കും ആയുധ വ്യാപാരികൾക്കും താത്പര്യം.എന്നാൽ ഒരു യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കാനുള്ള കുതന്ത്രങ്ങൾ പയറ്റാൻ ഭീകരഗ്രൂപ്പുകൾ പരമാവധി ശ്രമിക്കുമെന്നതിനാൽ വരും ദിനങ്ങൾ നിർണായകമാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |