തിരുവനന്തപുരം: തിരുവനന്തപുരത്തെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് കേരളയെ (ഐ.ഐ.ഐ.ടി.എം.കെ) ഡിജിറ്റൽ സർവകലാശാലയായി ഉയർത്തുന്നതിന് ഓർഡിനൻസ് ഇറക്കാൻ ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. 'ദി കേരള യൂണിവേഴ്സിറ്റി ഒഫ് ഡിജിറ്റൽ സയൻസസ് ഇന്നവേഷൻ ആൻഡ് ടെക്‌നോളജി' എന്ന പേരിലായിരിക്കും പുതിയ സർവകലാശാല.
ഇൻഫർമേഷൻ ടെക്‌നോളജി വ്യവസായവും ഡിജിറ്റൽ സാങ്കേതികവിദ്യയും വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുന്ന നടപടികളുടെ തുടർച്ചയാണ് ഡിജിറ്റൽ സർവകലാശാല. ഡിജിറ്റൽ ടെക്‌നോളജി എന്ന വിശാല മണ്ഡലത്തിൽ നൂതന ഗവേഷണവും സംരംഭകത്വവും വളർത്താനും വ്യവസായ വിദ്യാഭ്യാസ സഹകരണം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ടാണ് സർവകലാശാല രൂപീകരിക്കുന്നത്. ഗുണനിലവാരമുള്ള മാനവശക്തി വികസിപ്പിക്കാൻ ഇത് പ്രയോജനപ്പെടും. പുതിയ സാങ്കേതിക വിദ്യകളായ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഡാറ്റാ അനലിറ്റിക്സ്, ബ്ലോക്ക് ചെയിൻ, കോഗ് നിറ്റീവ് സയൻസ്, ഇന്റർനെറ്റ് ഓഫ് തിംഗ്സ്, ഓഗ് മെൻഡഡ് റിയാലിറ്റി തുടങ്ങിയ മേഖലകൾക്ക് ഊന്നൽ നൽകും. ഡിജിറ്റൽ മേഖലയിൽ ഉയർന്ന നിലവാരമുള്ള മാനവ ശക്തിയുടെ കുറവ് പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ സർവകലാശാലയ്ക്കു കീഴിൽ അഞ്ച് സ്‌കൂളുകൾ സ്ഥാപിക്കും. സ്കൂൾ ഒഫ് കമ്പ്യൂട്ടിംഗ്, സ്കൂൾ ഒഫ് ഇലക്ട്രോണിക്സ് ഡിസൈൻ ആൻഡ് ഓട്ടോമേഷൻ, സ്കൂൾ ഒഫ് ഇൻഫർമാറ്റിക്സ്, സ്കൂൾ ഒഫ് ഡിജിറ്റൽ ബയോ സയൻസ്, സ്കൂൾ ഒഫ് ഡിജിറ്റൽ ഹ്യൂമാനിറ്റീസ് എന്നിവയാണിവ.
ഡിജിറ്റൽ സാങ്കേതികവിദ്യാ മേഖലകളുടെ ഗവേഷണത്തിലും ബിരുദാനന്തര ബിരുദ വിദ്യാഭ്യാസത്തിലുമായിരിക്കും ശ്രദ്ധ കേന്ദ്രീകരിക്കുക. നിലവിൽ ഗവേഷണ കേന്ദ്രങ്ങളില്ലാത്ത കേരള സാങ്കേതിക സർവകലാശാലയുടെ പ്രവർത്തനങ്ങൾക്ക് ഇത് മുതൽക്കൂട്ടാവും.
വിദ്യാഭ്യാസം, ഗവേഷണം എന്നിവയിൽ മികവ് പുലർത്തുന്നതിന് വ്യവസായങ്ങളുമായുള്ള ബന്ധവും സഹകരണവും ശക്തമാക്കാനും അക്കാഡമിക് രംഗത്ത് അന്താരാഷ്ട്ര സ്ഥാപനങ്ങളുമായി സഹകരിക്കാനും പുതിയ സർവകലാശാല അവസരമൊരുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |