ജോസഫ് ഫ്രാൻസീസ് വടക്കേടത്ത്, കഠിനപ്രയത്നം മൂലധനമാക്കി ആഗോളവിപണിയിലെ വ്യാവസായിക പ്രമുഖനായി മാറിയ മിടുമിടുക്കനാണ് ഈ വയനാട്ടുകാരൻ. ചെയ്യുന്ന ജോലിയോട് നൂറുശതമാനം ആത്മാർത്ഥത ഉണ്ടെങ്കിൽ സമർപ്പണവും അതിനുള്ള മനസുമുണ്ടെങ്കിൽ ഉയരങ്ങൾ കീഴടക്കാമെന്ന് ഈ മലയാളിയുടെ വിജയജീവിതം അടിവരയിടുന്നു. കണ്ടുപഠിക്കേണ്ട ഒട്ടേറെ മൂല്യങ്ങളുള്ള ജോസഫിന്റെ ജീവിതത്തിലേക്ക്.
വിജയത്തിന്റെ പടവുകൾ
മാനന്തവാടിക്കടുത്ത കൊയിലേരിയിലെ വടക്കേടത്ത് ഫ്രാൻസീസിന്റെയും സിസിലിയുടെയും അഞ്ച് മക്കളിൽ മൂത്തയാൾ. ഒന്നു മുതൽ ഏഴാംതരംവരെ പഠനം വയനാട് ജില്ലയിലെ മുളളൻകൊല്ലി സെന്റ് തോമസ് സ്കൂളിലായിരുന്നു. പത്താംതരം പഠിച്ചത് കണ്ണൂർ ജില്ലയിലെ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ. കണ്ണൂർ പോളിടെക്നിക്കിൽ നിന്ന് എൻജിനീയറിംഗിൽ ഡിപ്ളോമ നേടി. ബിസിനസ് ആന്റ് ഇൻഡസ്ട്രിയൽ മാനേജ്മെന്റിൽ പോസ്റ്റ് ഗ്രാജ്വേറ്റ്. മുംബയിൽ നിന്നുളള സഹപാഠിയുടെ ഒരു ഫോൺ വിളിയോടെ ജീവിതം മാറി. പഠനത്തിന് ശേഷം സ്റ്റെബിലൈസർ ഫാക്ടറിയും ഫർണിച്ചർ ഷോറൂമും നടത്തിയിരുന്നു. പ്രവർത്തനമൂലധനം കണ്ടെത്താനാകാതെ വിഷമിക്കുമ്പോഴാണ് സുഹൃത്തിന്റെ വിളിയെത്തിയത്. പിന്നെ ഒന്നും ആലോചിച്ചില്ല. മുംബയിലെത്തി ട്രെയിനി എൻജിനീയറായി ജോലിയിൽ കയറി. കഠിനമായ ജോലി. ഒരു നിമിഷം പോലും വെറുതെ കളഞ്ഞില്ല. വിശ്രമമില്ലാതെ പ്രവർത്തിക്കുന്ന യന്ത്രങ്ങൾക്കൊപ്പം ചോര നീരാക്കി ജോലി ചെയ്തു. ഒരു മാസത്തിനുള്ളിൽ പ്ലാന്റിന്റെ ജോലി മുഴുവൻ പഠിച്ചു. എട്ട് മണിക്കൂർ ജോലി, അതിനുശേഷം മറ്റു വിഭാഗങ്ങളിലും പണിയെടുത്തു. സമയം നോക്കാതെയുള്ള ജോലി. എവിടെ വേണമെങ്കിലും ചെന്ന് പഠിക്കാനുള്ള അനുമതി കമ്പനി എം.ഡി നൽകിയിരുന്നു. രണ്ടുവർഷം കൊണ്ട് ആ ഫാക്ടറിയിലെ മുഴുവൻ ജോലിയും പഠിച്ചു. അതിന് ശേഷം മുംബയിൽ മറ്റൊരു കമ്പനിയിൽ. നഷ്ടം വന്നാലും ലാഭം വന്നാലും അത് തന്റേതെന്നായിരുന്നു മനസിൽ. യഥാർത്ഥ മാതൃക. ആ ചിന്താഗതിയാണ് മുന്നോട്ട് നയിച്ചത്.
തിരിച്ചറിഞ്ഞ ഫോൺകോൾ
പാലായിൽ നിന്ന് കണ്ണൂർ ജില്ലയിലെ കൊട്ടിയൂരിലേക്ക് കുടിയേറിയതായിരുന്നു ജോസഫ് ഫ്രാൻസിസിന്റെ കുടുംബം. പിന്നീട് വയനാട്ടിലെ പുൽപ്പള്ളിക്കടുത്ത പാടിച്ചിറയിലേക്ക് മാറി. കുട്ടിക്കാലത്ത് ഏറെ കഷ്ടപ്പെട്ടു. പട്ടിണി അറിഞ്ഞാണ് വളർന്നത്. ജോലിയിൽ കയറിയപ്പോഴും അതിന് ശേഷവുമുളള സ്വന്തം വളർച്ച ജോസഫ് കൃത്യമായി വിലയിരുത്തിയിരുന്നു. അഞ്ച് വർഷം മുംബയിലെ മറ്റൊരു കമ്പനിയിൽ സീനിയർ മാനേജരായി ജോലി ചെയ്തു. 27ാം വയസിൽ ഡൊമ്പോ ഗ്രൂപ്പിൽ മാനേജരും ജനറൽ മാനേജരുമായി. രണ്ടു വർഷത്തിനുശേഷം ടാറ്റാ കമ്പനിയുടെ റാലീസ് ഇന്ത്യയിലെത്തി. ജീവിതത്തിലെ സുപ്രധാന വഴിത്തിരിവ്. അവിടെ അഞ്ചുവർഷം ബിസിനസ് ഹെഡ്. ഒരു കമ്പനി എങ്ങനെ നടത്തണമെന്ന് മനസിലാക്കിയ നാളുകൾ. അതുകഴിഞ്ഞ് ബാംഗ്ളൂരിലെ മറ്റൊരു കമ്പനിയിലേക്ക് പറിച്ചുനട്ടു. അഞ്ച് വർഷത്തിനുള്ളിൽ കമ്പനിയെ ഇന്റർനാഷണൽ തലത്തിലേക്ക് വളർത്തിയെടുത്തു. വ്യാവസായിക മേഖലയിൽ ജോസഫിന്റെ പ്രവർത്തന മികവ് വിലയിരുത്തിയവർ ഏറെയുണ്ടായിരുന്നു. ഒരു നാൾ ഇൻഡോറിലെ ഒരു പ്രമുഖ കമ്പനിയുടെ എം.ഡിയുടെ ക്ഷണമെത്തി. ഒന്നു കാണാൻ പറ്റുമോ എന്നായിരുന്നു ചോദ്യം. ജോലിയിൽ തിരക്കാണെന്ന് പറഞ്ഞപ്പോൾ ജോസഫിനെ കാണാൻ ആ കമ്പനിയുടെ എം.ഡി നേരിട്ടു തന്നെ ബാംഗ്ളൂരിലെത്തി. ജോസഫിനെപ്പോലെയുളള ഒരാളെയാണ് താൻ തേടുന്നതെന്ന് ആദ്യ കൂടിക്കാഴ്ചയിൽ തന്നെ അദ്ദേഹം അറിയിച്ചു. ശമ്പളം എത്രയായിരുന്നു എന്നായിരുന്നു ആദ്യ ചോദ്യം. ഒരു വർഷം ഇരുപത്തിയഞ്ച് ലക്ഷം രൂപയെന്ന് മറുപടി. തന്റെ കമ്പനിയിൽ അമ്പത് ലക്ഷം തരാമെന്ന് അദ്ദേഹം ജോസഫിനോട് തുറന്ന് പറഞ്ഞു.
മാറ്റത്തിന്റെ ചുവടുകൾ
ബാംഗ്ലൂരിലെ ജോലി രാജി വച്ച് ഇൻഡോറിലേക്ക് യാത്രയാകാൻ രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. രണ്ടര വർഷത്തിനുള്ളിൽ ആ സ്ഥാപനത്തെ അന്തർദേശീയ തലത്തിൽ ഉയർത്താൻ കഴിഞ്ഞു. സ്വന്തം സ്ഥാപനം എന്ന ചിന്ത മനസിലെത്തിയത് ഈ കാലത്തായിരുന്നു. സുഹൃത്തിനോട് അഭിപ്രായം ചോദിച്ചു, റിസ്ക്കാണെന്നായിരുന്നു മറുപടി. പക്ഷേ, റിസ്ക് എറ്റെടുക്കുക എന്നത് എന്നും ഹോബിയായ ജോസഫ് മുന്നോട്ടു തന്നെ നടന്നു. ഇതേ വരെ സമ്പാദിച്ചതെല്ലാം സ്വന്തം ഫാക്ടറി എന്ന ലക്ഷ്യത്തിലേക്ക് മാറ്റി വച്ചു. സ്വത്തുക്കളും ഷെയറുകളും വിറ്റഴിച്ചു. അംബുജ സിമന്റ്സിന്റെ ഡയറക്ടറെ നേരിൽ കണ്ട് മനസിലുളള പ്രൊജക്ടിനെക്കുറിച്ച് പറഞ്ഞു. ദീർഘമായ ചർച്ചയ്ക്കൊടുവിൽ പച്ചക്കൊടി ലഭിച്ചു.അങ്ങനെ 2007ൽ ഋഷി ഗ്രൂപ്പ് പ്രവർത്തനം തുടങ്ങി. ഒരു വർഷം കൊണ്ട് നാല് കോടി ടേൺ ഓവർ ഉണ്ടാക്കി. രണ്ടാം വർഷം പതിനാല് കോടിയിലേക്ക് കുതിച്ചു. പന്ത്രണ്ടാമത്തെ വർഷത്തിൽ എത്തുമ്പോൾ 500 കോടിയാണ് ടേൺ ഓവർ. സമീപഭാവിയിൽ തന്നെ അത് ആയിരം കോടിയാക്കാനാണ് ലക്ഷ്യം. അപ്പോഴേക്കും പതിനായിരത്തോളം ജോലിക്കാരുമാകും. ഇപ്പോൾ നാലായിരം തൊഴിലാളികളുണ്ട്. പരോക്ഷമായി ആയിരങ്ങൾ വേറെയും. ഇതിനകം കർണാടകയിലെ മൈസൂറിൽ നാലിടങ്ങളിലും ബറോഡയിലും ഫാക്ടറിയായി. മൈസൂറിൽ ഉടൻ തന്നെ മറ്റൊരു ഫാക്ടറി വരും. 2012ലാണ് മൈസൂറിൽ ആദ്യഫാക്ടറി ആരംഭിക്കുന്നത്. മൈസൂരിൽ നിന്ന് തുടങ്ങിയ ഉത്പന്നം ഇപ്പോൾ ലോകം മുഴുവൻ വ്യാപിച്ച് കിടക്കുന്നു. 44 രാജ്യങ്ങളിൽ ഇവ കയറ്റി അയക്കുന്നുണ്ട്. ജോസഫ് ഫ്രാൻസീസിന്റെ ബിസിനസ് സാമ്രാജ്യം പടന്ന് പന്തലിച്ചു. കഠിനാദ്ധ്വാനത്തിന്റെതാണ് ഈ വിജയ കാഹളം. ഇതിനകം കാർഷിക മേഖലയ്ക്കാവശ്യമായ നിലവാരമുളള വിവിധ ഉത്പന്നങ്ങൾ നിർമ്മിച്ചു കഴിഞ്ഞു.
പിന്തുണയായി കുടുംബം
പുതിയ പദ്ധതികളെ കുറിച്ചുള്ള തീരുമാനങ്ങൾക്ക് മക്കളായ ജോമോൻ ജോസഫ്, ജോഫി ജോസഫ് എന്നിവരുടെ പിന്തുണയുമുണ്ട്. മൂത്ത മകൻ അമേരിക്കയിൽ ഈ രംഗത്ത് ഉപരിപഠനം നടത്തുന്നു. ഇളയ മകൻ ബിസിനസിൽ കൂടെയുണ്ട്. ജോലിയിൽ സഹായിക്കാൻ ഒപ്പം കൂടിയിട്ടുണ്ട്. വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയിൽ നിന്നാണ് മക്കൾ രണ്ടു പേരും ബിരുദം നേടിയത്. മൂത്ത മകൻ 65 ലക്ഷം രൂപ സ്കോളർഷിപ്പോടെയാണ് അമേരിക്കയിൽ പഠനം നടത്തുന്നത്. കേവലം ഇരുന്നൂറ് ജീവനക്കാരുമായി തുടങ്ങിയതാണ് ജോസഫിന്റെ സാമ്രാജ്യം. ഇളയ മകൻ ജോഫി ജോസഫ് ഫാക്ടറിയിൽ മറ്റു തൊഴിലാളികൾക്കൊപ്പം ജോലി ചെയ്തിരുന്നു. നാലുമാസങ്ങൾക്കുശേഷമാണ് അത് എം.ഡിയുടെ മകനാണെന്ന് കൂടെയുള്ളവർ തിരിച്ചറിഞ്ഞത്. മൈസൂറിലും ഇൻഡോറിലും ഇപ്പോഴുള്ള തൊഴിലാളികളിൽ എൺപത് ശതമാനവും അവിടുത്തുകാരാണ്. അതാണ് തന്റെ വ്യവസായത്തിന്റെ ഉയർച്ചയ്ക്ക് കാരണവും. ഒരു ഫാക്ടറിയിലും സമരം ഇതേവരെ ഉണ്ടായിട്ടില്ല. യൂണിയൻ പ്രവർത്തനം പോലും ഫാക്ടറിയിലില്ല.പത്ത് ലക്ഷം സ്ക്വയർ ഫീറ്റിലാണ് മൈസൂറിലെയും ബറോഡയിലെയും ഫാക്ടറികൾ പ്രവർത്തിക്കുന്നത്. ഓഡിറ്റിനായി വിദേശത്ത് നിന്ന് കമ്പനിയുടെ വക്താക്കൾ വരുമ്പോഴും ഋഷി ഗ്രൂപ്പിന്റെ പ്രവർത്തനങ്ങൾക്ക് നൂറിൽ നൂറ് മാർക്ക്. എന്ത് കൊണ്ട് കേരളത്തിൽ ഇങ്ങനെ ആയിക്കൂട എന്ന് ചോദ്യത്തിന് അപ്പോൾ താൻ ബൂർഷ്വ ആയി മാറില്ലേ എന്നാണ് ചെറു പുഞ്ചിരിയോടെയുള്ള ചോദ്യം. തന്റെ വ്യവസായം ആഗോളതലത്തിൽ വ്യാപിപ്പിക്കാനാണ് ഇപ്പോൾ ഉദ്ദേശിക്കുന്നത്.
യൂറോപ്പിലും മലേഷ്യയിലും ജോയന്റ് വെഞ്ച്വറായാണ് പ്രവർത്തനം വ്യാപിപ്പിക്കുന്നത്. ഇപ്പോൾ ഋഷി ഗ്രൂപ്പിന്റെ തൊണ്ണൂറ്റി അഞ്ച് ശതമാനം ഉത്പാദനവും വിദേശത്തേക്ക് കയറ്റി അയക്കുന്നു.കേവലം അഞ്ച് ശതമാനം മാത്രമാണ് ഇന്ത്യയിൽ വിറ്റഴിക്കുന്നത്. അമേരിക്ക,യൂറോപ്പ്, ആസ്ട്രേലിയ, ന്യൂസിലാന്റ്, ജപ്പാൻ എന്നിവിടങ്ങളിലെല്ലാം ഈ മലയാളി വ്യവസായിക്ക് അടുത്ത ബന്ധമുളള ഇടപാടുകാരുണ്ട്. അഗ്രികൾച്ചർ മേഖലയിലെ ഗ്രീൻപോളി ഹൗസിനായുളള ഇരുപത് ഉത്പന്നങ്ങളും ഇപ്പോൾ ഋഷി ഗ്രൂപ്പിൽ നിന്ന് പുറത്ത് വരുന്നു. ലോകത്ത് തന്നെ ഇതേവരെ ആരും തന്നെ ചെയ്യാത്ത കാര്യമാണിതെന്നും ജോസഫ് ഫ്രാൻസീസ് അവകാശപ്പെടുന്നു.ജോളി ജോസഫാണ് ഭാര്യ. ഷാജി, ഷേർളി, ട്രസി , ഷിൽജി എന്നിവർ സഹോദരങ്ങളാണ്. 28 വർഷം മുമ്പ് ഒരു കമ്പനിയിൽ ചെന്നപ്പോൾ അതിന്റെ എം.ഡി. പറഞ്ഞ വാക്കുകളുണ്ട്. എന്തും സ്വന്തമായി കണ്ട് കൊണ്ടുളള ആത്മാർത്ഥമായ പ്രവർത്തനം. ആ വാക്കുകളാണ് ജോസഫ് ജീവിതത്തിൽ പകർത്തിവച്ചിരിക്കുന്നത്. തന്റെ സമ്പാദ്യത്തിന്റെ നാലിലൊരു ഭാഗം സേവനപ്രവർത്തനങ്ങൾക്കു വേണ്ടിയാണ് മാറ്റി വച്ചിരിക്കുന്നത്. പാവങ്ങളോടുളള കടമയാണ് ഈശ്വരനോടുളള കടമയെന്ന് ഇദ്ദേഹം വിശ്വസിക്കുന്നു. വീടുകൾ നഷ്ടപ്പെട്ട പത്ത് പേർക്ക് ഭൂമിയും വീടും നൽകാൻ മുന്നിട്ടിറങ്ങി. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് ഇനിയും സഹായം ചെയ്യുമെന്നും ഇദ്ദേഹം പറഞ്ഞു. കർണാടകയിലെ കുടകിലും വീടില്ലാത്തവർക്ക് വേണ്ടി തണലൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.
ജൈവകൃഷി വ്യാപിപ്പിക്കും
പോളി ഹൗസിനുളള പ്രൊഡക്ട് വരുന്നത് ഇസ്രായേലിൽ നിന്നാണ്. ഇരുപതോളം പ്രൊഡക്ടുകൾ ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്നുണ്ട്. മൈസൂറിൽ വലിയൊരു ഫാക്ടറി തുറന്നിട്ടുണ്ട്. മൂന്ന് ലക്ഷം സ്ക്വയർ ഫീറ്റിലാണ് അടുത്ത ഫാക്ടറി തുറക്കുക. ഇവിടെ നിന്ന് ഗുണനിലവാരമുളള ഉൽപ്പന്നങ്ങൾ ഉണ്ടാക്കി വിദേശ രാജ്യങ്ങളിലേക്ക് കയറ്റി അയക്കും. ലോകത്ത് തന്നെ ഇത് ആദ്യത്തെതായിരിക്കും. ജീവിത ശൈലി ഇപ്പോൾ ആകെ മാറി.പണ്ടൊന്നും കാൻസർ ഇവിടെ ഇല്ലായിരുന്നു.ഇപ്പോൾ കാൻസർ പടർന്ന് പന്തലിച്ചിരിക്കുന്നു.ഇത് തടയണം.അതിനാണ് രാസവളം ഉപയോഗിക്കാതെ ചാകണവും ജൈവവളവും ഉപയോഗിച്ചുളള കൃഷി രീതി വ്യാപിപ്പിക്കാൻ ഉദ്ദേശിക്കുന്നത്.ഒരു വർഷത്തിനുളളിൽ മൈസൂറിൽ ഒരു മോഡൽ ഫാം ഇതിനായി ഉയരും. ഇന്ത്യയിലെ കർഷകരെ വരുത്തി അവർക്ക് പരിശീലനം നൽകും.തന്റെ രണ്ടു മക്കളെയും ഉപയോഗപ്പെടുത്തിയായിരിക്കും ഈ ഓർഗാനിക്ക് കൃഷിക്കായി പതിനഞ്ച് ഏക്കർ ഭൂമി മൈസൂറിൽ വാങ്ങിയിട്ടുണ്ട്.
നേതൃത്വം കൂട്ടായ് മയിലൂടെ
ബുദ്ധിമാന്മാർക്ക് പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും; പ്രശ്നങ്ങൾ ഒഴിവാക്കാനാവുന്നത് പ്രതിഭകൾക്ക് മാത്രം. ഋഷിയുടെ സിദ്ധാന്തമാണിത്. 'നമുക്ക് കഴിയും" ; ഇതാണ് സ്ഥാപനത്തിന്റെ മുദ്രാവാക്യം.
മാനേജ്മെന്റ് വൈദഗ്ധ്യമെന്ന പോലെ ദീർഘവീക്ഷണവും ഋഷി സാരഥികളുടെ മുതൽകൂട്ടാണ്. അരവിന്ദ് നോപാനിയാണ് സ്ഥാപനത്തിന്റെ മാനേജിംഗ് ഡയറക്ടർ. ജോസഫ് ഫ്രാൻസിസ് എക്സിക്യൂട്ടിവ് ഡയറക്ടറും സി ഇ ഒ യും. അസാധാരണമായ കൃത്യങ്ങളിലൂടെയല്ല പഴുതടച്ച കൃത്യത കൈവരിക്കാനാവുന്നത്. മറിച്ച്, അസാധാരണ മികവോടെ കാര്യങ്ങൾ ചെയ്യുമ്പോഴാണ്. തുടക്കം നന്നായാൽ പാതി വിജയിച്ചു എന്ന സങ്കല്പമാണ് മുറുകെ പിടിക്കുന്നത്. ഉപഭോക്താവിന്റെ ആവശ്യമെന്തെന്ന് കൃത്യമായി മനസിലാക്കുന്നതിന് അതുകൊണ്ടുതന്നെ പരമാവധി ഊന്നൽ നൽകുന്നുണ്ട്. ഓരോ കക്ഷിയുടെയും ആവശ്യം പിഴവില്ലാതെ ഉൾക്കൊള്ളുന്നതിനും തീർത്തും ഉചിതമായ പാക്കേജിംഗ് പരിഹാരം നിർണയിക്കാനും അതിനനുസരിച്ച് ഡിസൈൻ രൂപപ്പെടുത്താനും കഴിയുന്നു. ഗവേഷണമികവിൽ പിന്നെ പിറവികൊള്ളുന്നത് ആഗോളവിപണിയിൽ കിടപിടിക്കാനാവുന്ന ഉത്പന്നമായിരിക്കും. കണ്ടക്ടിവ് ബാഗ്, കോട്ടഡ് ബാഗ്, ആസ്ബസ്റ്റോസ് ബാഗ്, ലൂപ്പ് ബാഗ്, ഡിസിപ്പേറ്റിവ് ബാഗ്, അൺകോട്ടഡ് സർക്കുലർ ബാഗ്, പാനൽ ബാഗ്, ബാഫിൽ ലൈനർ, ബാഫിൽ / ക്യു ബാഗ്. യു പാനൽ ബാഗ്, സിംഗിൾ ലൂപ്പ് ബാഗ് പീനട്സ് ബാഗ് തുടങ്ങിയവയാണ് ഉത്പന്നങ്ങൾ. വ്യാവസായിക പാക്കേജിംഗ് രംഗത്ത് ആഗോളതലത്തിൽ ഉപഭോക്താക്കൾ എപ്പോഴും പ്രതീക്ഷിക്കുന്നത് അന്തർദ്ദേശീയ നിലവാരത്തിലുള്ള മികച്ച ഉത്പന്നങ്ങളും സേവനങ്ങളുമാണ്. പോളി മെറിക് അസംസ്കൃതവസ്തു മുതൽ അന്തിമോത്പന്നമായ എഫ്.ഐ.ബി. സി വരെ നിർമ്മാണത്തിന്റെ ഓരോ നിമിഷത്തിലും ഓരോ അണുവിലുമെന്ന പോലെ ശ്രദ്ധ പതിയുന്നുണ്ട്. ഒന്നാംകിട സാങ്കേതികവിദ്യയുടെ പിൻബലത്തിൽ നൂറു ശതമാനവും ശുചിത്വം പാലിക്കപ്പെടുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |