SignIn
Kerala Kaumudi Online
Monday, 14 September 2026 10.42 AM IST

"ശ്രുതിയും താളവും തെറ്റിയാൽ അതു മനസിലാക്കാൻ കഴിവില്ലാത്ത ബുദ്ധിജീവികളാണ് വലിയ സംഗീതജ്ഞരുടേയും രാഗങ്ങളുടെയൊക്കെ പേരുകൾ പറഞ്ഞ് വിരട്ടുന്നത്"

balachandran-chullikkad

സിനിമാപ്പാട്ടിനേയും യേശുദാസിനെയും പുച്ഛിക്കുക ബുദ്ധിജീവി ലക്ഷണമായിരുന്നെന്ന് കവി ബാലചന്ദ്രൻ ചുള്ളിക്കാട്. മലയാളികളുടെ ബുദ്ധിജീവി നാട്യത്തെ പരിഹസിച്ചു കൊണ്ടാണ് കവിയുടെ കുറിപ്പ്. കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദാണ് തന്റെ ഫേസ്ബുക്കിൽ ചുള്ളിക്കാടെഴുതിയ കുറിപ്പ് പങ്കുവച്ചത്.

ശ്രുതിയും താളവും തെറ്റിയാൽ മനസ്സിലാക്കാൻ കഴിവില്ലാത്ത, സ്വരമോ താളമോ തിരിച്ചറിയാൻ പോലും കഴിവില്ലാത്ത ബുദ്ധിജീവികൾ വലിയ സംഗീതജ്ഞരുടെയും രാഗങ്ങളുടെയും ഒക്കെ പേരുകൾ പറഞ്ഞ് അറിവില്ലാത്തവരെ വിരട്ടി വലിയ സംഗീതാസ്വാദകരായി ഭാവിക്കുമെന്നും ചുള്ളിക്കാട് പറയുന്നു. എന്നാൽ,​ പാശ്ചാത്യ സർവകലാശാലകളിൽ ജനപ്രിയ കല പഠനവിഷയമായതോടെ നമ്മുടെ ബുദ്ധിജീവികളും കുരങ്ങന്മാരെപ്പോലെ ആ വഴിക്ക് നീങ്ങാൻ തുടങ്ങി എന്നും കവി പരിഹസിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പ്രിയ കവി ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഒരു കുറിപ്പ്. ഇവിടെ പോസ്റ്റാതിരിക്കാൻ തോന്നുന്നില്ല.
oo
റഫീക്ക് അഹമ്മദിന്റെ ഒരു ആരാധകൻ. ബാലചന്ദ്രൻ ചുള്ളിക്കാട്. ശരാശരി മലയാളി ബുദ്ധിജീവിയാണ്. ഞാൻ ബുദ്ധിജീവിയല്ല. വികാരജീവിയാണ്. വൈകാരികലോകത്തെ സ്പർശിക്കുന്ന കവിതകളാണ് എനിക്കിഷ്ടം. അതിനാൽ റഫീക്ക് അഹമ്മദിന്റെ കവിതകൾ എനിക്ക് എന്നും ഇഷ്ടമായിരുന്നു. എന്നാൽ റഫീക്ക് സിനിമാപ്പാട്ട് എഴുതിയതോടെയാണ് ഞാൻ അദ്ദേഹത്തിന്റെ ആരാധകനായി മാറിയത്. സിനിമാപ്പാട്ട് എഴുതാൻ പല വട്ടം ശ്രമിച്ച് ദയനീയമായി പരാജയപ്പെട്ട എനിക്ക് റഫീക്ക് അഹമ്മദിനോട് ആരാധന തോന്നിയതിൽ അത്ഭുതമില്ല. സിനിമാപ്പാട്ടിനേയും യേശുദാസിനെയും പുച്ഛിക്കുക ബുദ്ധിജീവി ലക്ഷണമായിരുന്നു.

ശ്രുതിയും താളവും തെറ്റിയാൽ അതു മനസ്സിലാക്കാൻ കഴിവില്ലാത്ത, ഒരു സ്വരമോ താളമോ തിരിച്ചറിയാൻ പോലും കഴിവില്ലാത്ത ബുദ്ധിജീവികൾ വലിയ സംഗീതജ്ഞരുടെയും രാഗങ്ങളുടെയും ഒക്കെ പേരുകൾ പറഞ്ഞ് അറിവില്ലാത്തവരെ വിരട്ടി വലിയ സംഗീതാസ്വാദകരായി ഭാവിക്കും. (പാശ്ചാത്യ സർവ്വകലാശാലകളിൽ ജനപ്രിയകല പഠനവിഷയമായതോടെ നമ്മുടെ ബുദ്ധിജീവികളും വാനരത്വേന ആവഴിക്ക് നീങ്ങാൻ തുടങ്ങി.) എന്തായാലും കുട്ടിക്കാലം മുതൽ സിനിമാപ്പാട്ടുകളെയും യേശുദാസിനെയും നിർഭയം നിർലജ്ജം ഞാൻ ആരാധിച്ചുപോരുന്നു. വയലാറിന്റെയും പി.ഭാസ്കരന്റെയും ഒ.എൻ.വിയുടെയും കവിതകളെക്കുറിച്ച് എനിക്ക് എന്ത് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ഞാൻ അവരുടെ ഗാനപ്രപഞ്ചത്തെ ആരാധിക്കുന്നു. സ്വാഭാവികമായും ഞാൻ റഫീക്ക് അഹമ്മദിനെയും ആരാധിക്കുന്നു. പ്രിയസുഹൃത്തേ, ഇനിയുമിനിയും എന്റെ നരകങ്ങളെ ഗാനസാന്ദ്രമാക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: ART, ART NEWS, POET RAFEEQ AHMED, SHARES, FACEBOOK POST, BALACHANDRAN CHULLIKKAD, YESUDAS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY