തിരുവനന്തപുരം: നൂറും കടന്ന് മേല്പോട്ടുയർന്ന ഭാരവാഹിപ്പട്ടികയ്ക്ക് ഹൈക്കമാൻഡ് തടയിട്ടതോടെ കുഴഞ്ഞുമറിഞ്ഞ് കെ.പി.സി.സി പുനഃ:സംഘടന. ഇരുപത് പാർലമെന്റ് മണ്ഡലം മാത്രമുള്ള കേരളം പോലൊരു കൊച്ചുസംസ്ഥാനത്ത് ആറ് വർക്കിംഗ് പ്രസിഡന്റുമാർ എന്തിനെന്ന് കോൺഗ്രസ് അദ്ധ്യക്ഷ സോണിയാഗാന്ധി കേരള നേതൃത്വത്തോട് ചോദിച്ചതായാണ് സൂചന.
വർക്കിംഗ് പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കപ്പെട്ട വി.ഡി. സതീശനും വൈസ് പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കപ്പെട്ട ടി.എൻ. പ്രതാപനും എ.പി. അനിൽകുമാറും ജംബോ പട്ടികയിൽ താത്പര്യമില്ലാത്തതിനാൽ തങ്ങളെ ഒഴിവാക്കണമെന്ന് അഭ്യർത്ഥിച്ച് ഇന്നലെ ഹൈക്കമാൻഡിന് കത്ത് നൽകിയതോടെ സംസ്ഥാന നേതൃത്വം കൂടുതൽ സമ്മർദ്ദത്തിലായി. ഒടുവിൽ, ഏതാനും പേരുകൾ ഒഴിവാക്കിയും പുതിയ വർക്കിംഗ് പ്രസിഡന്റുമാരെ വേണ്ടെന്ന് വച്ചുമുള്ള അമ്പതോളം പേരുടെ ചുരുക്കപ്പട്ടിക ഹൈക്കമാൻഡിന് സമർപ്പിച്ച് പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്നലെ രാത്രിയോടെ തിരുവനന്തപുരത്തേക്ക് മടങ്ങി. ഇതിൽ 30- 35 പേരടങ്ങുന്ന ജനറൽ സെക്രട്ടറിമാരിൽ പത്ത് വീതം എ, ഐ ഗ്രൂപ്പുകളുടെ പേരുണ്ട്. സെക്രട്ടറിമാരെ ആദ്യ ഘട്ടത്തിൽ പ്രഖ്യാപിക്കില്ല.
ഒരാൾക്ക് ഒരു പദവി, സ്ഥിരം മുഖങ്ങൾക്ക് പകരം പുതിയ മുഖങ്ങൾ, പ്രവർത്തനക്ഷമമായ കമ്മിറ്റി എന്നീ നിർദ്ദേശങ്ങൾ മുന്നോട്ടുവച്ച കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെ അപ്രസക്തനാക്കും വിധമുള്ള നീക്കങ്ങളാണ് ഡൽഹി ചർച്ചകളിലുടനീളം നടന്നത്. എം.പിമാരെയും എം.എൽ.എമാരെയും പട്ടികയിൽ ഉൾപ്പെടുത്തിയാണ് ആറ് വർക്കിംഗ് പ്രസിഡന്റുമാരും പതിമ്മൂന്ന് വൈസ് പ്രസിഡന്റുമാരും അമ്പതിൽപ്പരം ജനറൽ സെക്രട്ടറിമാരുമടങ്ങുന്ന മഹാ ജംബോ പട്ടികയ്ക്ക് രൂപം നൽകിയത്. ഈ പട്ടികയെച്ചൊല്ലിയും തർക്കങ്ങളുയർന്നതോടെയാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയെയും എ.ഐ.സി.സി ജനറൽസെക്രട്ടറി ഉമ്മൻ ചാണ്ടിയെയും കഴിഞ്ഞദിവസം വീണ്ടും ഡൽഹിക്ക് വിളിപ്പിച്ചത്.
ജംബോ പട്ടിക കെ.പി.സി.സിയെ പരിഹാസ്യമാക്കുമെന്നായിരുന്നു വി.ഡി.സതീശന്റെ നിലപാട്. നിലവിലെ വർക്കിംഗ് പ്രസിഡന്റുമാരായ കൊടിക്കുന്നിൽ സുരേഷിനും കെ. സുധാകരനും പുറമേ സതീശനെയും വർക്കിംഗ് പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുമെന്ന സൂചനയായിരുന്നു തുടക്കത്തിൽ . മറ്റ് ചില പേരുകൾ തിരുകിക്കയറ്റി വർക്കിംഗ് പ്രസിഡന്റ് പദവി അപ്രസക്തമാക്കുന്നുവെന്ന തോന്നൽ സതീശനുണ്ടായി. ഇതോടെ, എ.പി. അനിൽകുമാറും പിൻവാങ്ങി. ഹൈക്കമാൻഡിന്റെ നേരിട്ടുള്ള പരിഗണന ലഭിച്ച ടി.എൻ. പ്രതാപനും ജംബോ പട്ടികയിലുള്ള നീരസമാണ് പ്രകടിപ്പിച്ചത്. സംസ്ഥാനതലത്തിൽ പ്രവർത്തിക്കാൻ കഴിവും പ്രാപ്തിയുമുള്ളവരെയാണ് ഭാരവാഹികളായി പരിഗണിക്കേണ്ടതെന്ന് പ്രതാപൻ ഹൈക്കമാൻഡിന് നൽകിയ കത്തിൽ പറഞ്ഞു. ജനപ്രതിനിധികളെ ഒഴിവാക്കണമെന്ന മുല്ലപ്പള്ളിയുടെ വാദത്തിന് ആദ്യം വിലങ്ങുതടിയായത് കൊടിക്കുന്നിലും കെ.സുധാകരനുമാണ്. ഹൈക്കമാൻഡ് മാറ്റട്ടെയെന്നായിരുന്നു അവരുടെ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |