മുപ്പതുലക്ഷത്തോളം ഇന്ത്യക്കാർ ജോലി ചെയ്യുന്ന യു.എ.ഇയിൽ സാമ്പത്തികത്തട്ടിപ്പ് നടത്തി ഇന്ത്യയിലേക്ക് മടങ്ങുന്ന വ്യക്തികളിൽ നിന്ന് പണം തിരിച്ചുപിടിക്കാനുള്ള സാദ്ധ്യതകൾ തുറന്നുകൊണ്ട് ജനുവരി 17 ന് കേന്ദ്ര നിയമമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനം ഇന്ത്യൻ നീതിന്യായ കോടതികളിൽ ശ്രദ്ധേയമായ ഒട്ടേറെ പുതിയ വ്യവഹാരങ്ങൾക്ക് വഴിതെളിക്കും. ഗൾഫ് രാജ്യങ്ങളിൽ ബാങ്കുകളിൽ നിന്ന വൻതുക ലോൺ എടുത്തശേഷം തിരിച്ചടയ്ക്കാതെ നാട്ടിലേക്ക് മുങ്ങുന്നവരുടെ എണ്ണം കൂടിവരുന്ന ഇക്കാലത്ത് ഇൗ നീക്കം വലിയ ഗുണം ചെയ്യുമെന്ന് നിയമവിദഗ്ദ്ധർ അഭിപ്രായപ്പെടുന്നു.
പരസ്പര ബന്ധമുള്ള രാജ്യം
വിദേശങ്ങളിലെ കോടതി വിധികൾ നമ്മുടെ രാജ്യത്ത് നടപ്പാക്കുന്നതിന് ചില വ്യവസ്ഥകൾ നിലവിലുണ്ട്. സിവിൽ നടപടി ചട്ടത്തിലെ 44 എ പ്രകാരം പരസ്പര ബന്ധമുള്ള രാജ്യമാണെന്ന് (റെസിപ്രോക്കൽ ടെറിട്ടറി) കേന്ദ്രസർക്കാർ വിജ്ഞാപനം ചെയ്ത രാജ്യങ്ങളിലെ സിവിൽ കേസ് വിധികൾ ഒരു പരിധി വരെ ഇവിടെ നടപ്പാക്കാൻ കഴിയും. സിംഗപ്പൂർ, ബംഗ്ളാദേശ്, യു.കെ, മലേഷ്യ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളെ കേന്ദ്ര സർക്കാർ വിജ്ഞാപനത്തിലൂടെ റെസിപ്രോക്കൽ ടെറിട്ടറിയായി നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇൗ പട്ടികയിലേക്ക് ഏറ്റവും ഒടുവിൽ യു.എ.ഇയെക്കൂടി ഉൾപ്പെടുത്തിയാണ് 17 ന് വിജ്ഞാപനം ഇറക്കിയത്.
വിധി നടപ്പാക്കുമ്പോൾ
റെസിപ്രോക്കൽ ടെറിട്ടറിയാണെന്ന് വിജ്ഞാപനം ചെയ്ത രാജ്യങ്ങളിലെ ഉയർന്ന കോടതികളുടെ സിവിൽ കേസിലെ വിധികൾ ജില്ലാ കോടതിയിൽ ഹാജരാക്കിയാൽ ഇന്ത്യയിലെ ഒരു ജില്ലാ കോടതിയുടെ വിധിയെന്നപോലെ പരിഗണിച്ച് നടപ്പാക്കണം എന്നാണ് ഇന്ത്യൻ സിവിൽ നടപടി ചട്ടത്തിലെ 44 എ പറയുന്നത്. വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് ഇതിനായി ഹാജരാക്കണം. ഇങ്ങനെ ഹാജരാക്കുന്ന വിധി സിവിൽ നടപടി ചട്ടത്തിലെ 13 പ്രകാരം നടപ്പാക്കാനാവുന്നതായിരിക്കണം. അതായത് ഇൗ വിധി നമ്മുടെ രാജ്യത്ത് നിലവിലുള്ള നിയമത്തെ നിഷേധിക്കുന്ന തരത്തിലുള്ള വിധിയായിരിക്കരുത്. പ്രതി നൽകാനുള്ള പണം നികുതി, പിഴ തുടങ്ങിയ ഇനങ്ങളിലാവരുതെന്നും നിർദ്ദേശിച്ചിട്ടുണ്ട്. ഇങ്ങനെ വിധി നടപ്പാക്കാനാവുന്ന വിദേശരാജ്യങ്ങളുടെ പട്ടികയിലേക്കാണ് യു.എ.ഇ യെ കേന്ദ്രസർക്കാർ ഉൾപ്പെടുത്തിയത്.
സ്വീകാര്യമായ
യു.എ.ഇ കോടതികൾ
യു.എ.ഇയിലെ ഫെഡറൽ കോടതികളും പ്രാദേശിക കോടതികളും സിവിൽ കേസുകളിൽ നൽകുന്ന വിധി നടപ്പാക്കാനാണ് ഇവിടുത്തെ ജില്ലാകോടതികളെ സമീപിക്കേണ്ടത്. ഫെഡറൽ കോടതികളിൽ ഫെഡറൽ സുപ്രീംകോടതി, അബുദാബി, ഷാർജ, അജ്മാൻ, ഫുജൈറ എന്നിവിടങ്ങളിലെ കോടതികൾ, അപ്പീൽ കോടതികൾ എന്നിവയും പ്രാദേശിക കോടതികളിൽ അബുദാബിയിലെ ജുഡിഷ്യൽ ഡിപ്പാർട്ട്മെന്റ്, ദുബായ് കോടതികൾ, റാസൽഖൈമയിലെ ജുഡിഷ്യൽ വകുപ്പ്, അബുദാബി ഗ്ളോബൽ മാർക്കറ്റ് കോടതികൾ, ദുബായ് ഇന്റർനാഷണൽ ഫിനാൻഷ്യൽ സെന്റർ കോടതികൾ എന്നിവയുമാണ് കേന്ദ്ര സർക്കാരിന്റെ വിജ്ഞാപനത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
വിജ്ഞാപനം കരാറിന്റെ ഭാഗം
1999 ൽ ഇന്ത്യയും യു.എ.ഇയും തമ്മിലുണ്ടാക്കിയ കരാറിന്റെ ഭാഗമാണ് ഇൗ വിജ്ഞാപനമെന്ന് ഇന്ത്യൻ നയതന്ത്ര വിഭാഗം ചൂണ്ടിക്കാട്ടുന്നു. ഇരു രാജ്യങ്ങളിലെയും സിവിൽ - വാണിജ്യ വിഷയങ്ങളിലുള്ള സഹകരണമാണ് ഇതിലൂടെ ഉറപ്പാക്കുന്നത്. ഗൾഫ് നാടുകളിൽ സാമ്പത്തിക തട്ടിപ്പോ വായ്പാ തട്ടിപ്പോ നടത്തി നാട്ടിലേക്ക് മുങ്ങുന്ന കുറ്റവാളികളെ കണ്ടെത്തി ഇവരിൽ നിന്ന് പണം ഇൗടാക്കി നൽകാൻ പുതിയ നീക്കത്തിലൂടെ കഴിയുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഗൾഫിൽ നിന്ന് വൻതുക ലോണെടുത്ത ശേഷം തിരിച്ചടയ്ക്കാതെ ഒളിവിൽ പോയവർ, സാമ്പത്തിക കരാറുകൾ ലംഘിച്ച് പണവുമായി മുങ്ങിയവർ ഇങ്ങനെ ഒട്ടേറെ കേസുകളിൽ ഫലപ്രദമായി ഇടപെടാൻ പുതിയ നീക്കം വഴിയൊരുക്കും. തട്ടിപ്പു നടത്തി നാട്ടിലേക്ക് മുങ്ങിയവരിൽ നിന്ന് പണം തിരിച്ചുപിടിക്കാൻ യു.എ.ഇയിലെ ഉചിതമായ കോടതിയിൽ നിന്നു വിധി സമ്പാദിച്ചവർക്ക് ഇവിടെ ബന്ധപ്പെട്ട ജില്ലാ കോടതിയെ വിധി നടപ്പാക്കി കിട്ടാൻ സമീപിക്കാം. ഇത്തരമൊരു വിധിയിൽ നമ്മുടെ രാജ്യത്തെ വ്യവസ്ഥകൾക്ക് വിരുദ്ധമായതൊന്നുമില്ലെങ്കിൽ, സിവിൽ നടപടി ചട്ടത്തിലെ 13 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നവയാണെങ്കിൽ ജില്ലാ കോടതിക്ക് നടപ്പാക്കി നൽകാനാവും. ഇത്തരമൊരു ആവശ്യം യു.എ.ഇയിലെ നിയമ - സാമ്പത്തിക മേഖലയിലുള്ളവർ ദീർഘകാലമായി ഉന്നയിച്ചിരുന്നു. നേരത്തെ ഇത്തരം കേസുകളിൽ നാട്ടിലെ ഗുണ്ടാ സംഘങ്ങളെയും ക്വട്ടേഷൻ ടീമുകളെയുമൊക്കെയാണ് പണം തിരിച്ചുപിടിക്കാനായി ചുമതലപ്പെടുത്തിയിരുന്നത്. നിയമവിരുദ്ധമായ നടപടികളിലൂടെ പണം തിരിച്ചു പിടിക്കാനുള്ള നീക്കങ്ങൾ പലപ്പോഴും പുതിയ ക്രിമിനൽ കേസുകൾക്ക് വഴിയൊരുക്കിയിരുന്നു. .
സ്വത്തില്ലെങ്കിൽ പ്രശ്നമില്ല
യു.എ.ഇ കോടതികളുടെ സിവിൽ കേസിലെ വിധികൾ നടപ്പാക്കാൻ കഴിയുന്ന സ്ഥിതി ഒരുങ്ങിയെങ്കിലും ചില വസ്തുതകൾ കൂടി ഇതിനൊപ്പം കൂട്ടിവായിക്കണം. രണ്ടു കക്ഷികൾ തമ്മിലുള്ള സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട കേസുകൾക്കാണ് ഇതു ബാധകമാകുന്നത്. പ്രതിയുടെ പേരിലുള്ള സ്വത്ത് ജപ്തിചെയ്ത് ലേലത്തിൽ വിൽക്കുക, അറസ്റ്റ് ചെയ്തു തടവിലാക്കുക എന്നിവയാണ് ഇത്തരം കേസുകളിൽ ചെയ്യാൻ കഴിയുന്നത്. ഇതിൽ തടവിലാക്കുന്നത് പല കേസുകളിലും അനുവദിക്കാറില്ല.
വിദേശരാജ്യങ്ങളിൽ തട്ടിപ്പു നടത്തി നാട്ടിലേക്ക് മുങ്ങുന്ന ഒരാളുടെ പേരിൽ ഇവിടെ സ്വത്തുണ്ടെങ്കിലേ ജപ്തിചെയ്ത് പണം ഇൗടാക്കി നൽകാൻ കഴിയൂ. തട്ടിപ്പു നടത്തിയ പണവുമായി മുങ്ങിയ വിരുതൻ നാട്ടിൽ സ്വന്തം പേരിൽ വസ്തുവോ നിക്ഷേപമോ നിലനിറുത്തുമോ എന്നൊരു ചോദ്യം കൂടി ഇതിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |