SignIn
Kerala Kaumudi Online
Friday, 29 May 2020 4.18 AM IST

ഗവർണർക്കെതിരെ പ്രമേയത്തിന് പ്രതിപക്ഷ നോട്ടീസ്: ഇറക്കാനും തുപ്പാനും വയ്യാതെ സർക്കാർ

arif-mohammad-khan

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ തിരിച്ചു വിളിക്കാൻ രാഷ്ട്രപതിയോട് അഭ്യർത്ഥിക്കുന്ന പ്രമേയം നിയമസഭയിൽ കൊണ്ടുവരാൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല സ്പീക്കർ പി. ശ്രീരാമകൃഷ്ണന് നോട്ടീസ് നൽകിയതോടെ സർക്കാരും സ്‌പീക്കറും വിഷമവൃത്തത്തിലായി. നോട്ടീസ് തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയിലാണ് സർക്കാർ.

ഗവർണറുമായി കൊമ്പുകോർത്ത് ഭരണഘടനാപ്രതിസന്ധിയുണ്ടാക്കാൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് പ്രതിപക്ഷത്തിന് അറിയാം. അതുകൊണ്ടു തന്നെയാണ് നിയമസഭാസമ്മേളനത്തിൽ സർക്കാരിനെ വെട്ടിലാക്കുന്ന നോട്ടീസ് നൽകിയത്.

പൗരത്വ നിയമത്തിനെതിരെ നിയമസഭ പാസാക്കിയ പ്രമേയത്തെ തള്ളിപ്പറഞ്ഞ ഗവർണർ സഭയുടെ അന്തസിനെയാണ് ചോദ്യം ചെയ്യുന്നതെന്നാണ് നോട്ടീസിൽ ആരോപിക്കുന്നത്. ഇതിനോട് വിയോജിക്കാൻ ഭരണകക്ഷിക്കോ സ്പീക്കർക്കോ കഴിയില്ല. ഇതിനോട് യോജിച്ച് ഗവർണറെ പ്രകോപിപ്പിക്കാനും വയ്യ. ഇതാണ് സർക്കാരിന്റെ പ്രതിസന്ധി.

നയപ്രഖ്യാപനത്തിലെ പൗരത്വഭേദഗതി നിയമവുമായി ബന്ധപ്പെട്ട പരാമർശങ്ങൾ ഒഴിവാക്കണമെന്ന ഗവർണറുടെ ആവശ്യം ഇതിന് പുറമെയും. ഇത് അംഗീകരിക്കാൻ സർക്കാരിനാവില്ലെന്നിരിക്കെ ഗവർണറുടെ തുടർനീക്കങ്ങളിൽ ആകാംക്ഷയേറി. പൗരത്വനിയമത്തിനെതിരെ സർക്കാർ സുപ്രീംകോടതിയിൽ പോയതിൽ അതൃപ്തിയുള്ള ഗവർണർ, ഇതിന്റെ ഫയലുകളും ചീഫ്സെക്രട്ടറിയോട് ആവശ്യപ്പെട്ടെന്നും അറിയുന്നു. തദ്ദേശവാർഡ് വിഭജന ഓർഡിനൻസിനോട് ഗവർണർ വിയോജിച്ചപ്പോൾ ബില്ല് കൊണ്ടുവരാനാണ് സർക്കാർ തീരുമാനിച്ചത്. ഗവർണറോട് നേരിട്ടേറ്റുമുട്ടുന്നത് ഒഴിവാക്കാനുള്ള തന്ത്രം കൂടിയായി ഇത്.

കോടതിയുടെ പരിഗണനയിലായതിനാലും സംസ്ഥാന വികസനവുമായി ബന്ധമില്ലാത്തതിനാലും പൗരത്വ നിയമം നയപ്രഖ്യാപനത്തിൽ പാടില്ലെന്നാണ് ഗവർണർ സർക്കാരിനെ അറിയിച്ചത്. ഗവർണറുടെ ആവശ്യം തള്ളി സർക്കാർ പ്രസംഗം തിരിച്ചയയ്‌ക്കാനാണ് സാദ്ധ്യത. കോടതിയുടെ പരിഗണനയിലായാലും കേസിന്റെ മെറിറ്റിലേക്ക് കടക്കാതെ പൊതുപരാമർശം നടത്തിയാൽ കോർട്ടലക്ഷ്യമാകില്ലെന്ന മുൻ സ്പീക്കർ എം.വിജയകുമാറിന്റെ റൂളിംഗ് സർക്കാരിന് പിൻബലമാക്കും. രണ്ടാമതും തിരിച്ചയച്ചാൽ ഗവർണർക്ക് അംഗീകരിക്കേണ്ടി വരും. പ്രസംഗം വായിക്കുക ഭരണഘടനാ ബാദ്ധ്യത ആയതിനാൽ ഗവർണർക്ക് ഒഴിവാക്കാനാവില്ല. എന്നാൽ, പ്രസംഗത്തിനിടെ ഗവർണർ പ്രതികരിക്കുമോ എന്ന് സർക്കാരിന് ആശങ്കയുണ്ട്. 29നാണ് സഭാസമ്മേളനം ആരംഭിക്കുന്നത്.

സർക്കാരിനെ ചട്ടത്തിൽ കുടുക്കി

നിയമസഭാ ചട്ടം 130 അനുസരിച്ചാണ് പ്രതിപക്ഷനേതാവ് സ്പീക്കർക്ക് നോട്ടീസ് നൽകിയത്. പൊതുതാല്പര്യമുള്ള വിഷയങ്ങളിൽ സഭയുടെ അനുമതിയോടെ ചർച്ച അനുവദിക്കാനുള്ള ചട്ടമാണിത്.

പൗരത്വനിയമത്തിനെതിരായ പ്രമേയം സഭയ്‌ക്ക് പൊതുതാല്പര്യമുള്ളതാണ്.

സ്പീക്കർക്ക് ഇത് അനുവദിക്കാതിരിക്കാൻ ആവില്ലെന്നാണ് പ്രതിപക്ഷ വാദം.

ഗവർണറാണ് ചട്ടം ലംഘിച്ചതെന്ന് സ്പീക്കറും പരസ്യമായി പറഞ്ഞിട്ടുണ്ട്.

എന്നാൽ, സർക്കാരിന് അനുകൂലമായ ഇടപെടലാവും സ്‌പീക്കറുടേത്

31ന് ചേരുന്ന കാര്യോപദേശകസമിതിക്ക് വിഷയം കൈമാറാനും മതി.


മുമ്പും ഗവർണർക്കെതിരെ സഭ

1989ൽ ഗവർണറായിരുന്ന രാംദുലാരി സിൻഹയെ സർവകലാശാല ചാൻസലർ എന്ന നിലയിൽ ശാസിക്കുന്ന പ്രമേയം നിയമസഭ അംഗീകരിച്ചിട്ടുണ്ട്. സർക്കാരിനെ മറിടകന്ന് കാലിക്കറ്റ് സർവ്വകലാശാലാ സിൻഡിക്കേറ്റിലേക്ക് ഗവർണർ ചില പേരുകൾ ഉൾപ്പെടുത്തിയതാണ് സർക്കാരിനെ പ്രകോപിപ്പിച്ചത്. സി.പി.എമ്മിലെ ഒ. ഭരതൻ ആണ് പ്രമേയം അവതരിപ്പിച്ചത്. പ്രതിപക്ഷം പ്രതിഷേധിച്ച് ഇറങ്ങിപ്പോയി. അന്നത്തെ സ്പീക്കർ വർക്കല രാധാകൃഷ്ണന്റെ റൂളിംഗാണ് ഇപ്പോൾ പ്രതിപക്ഷനേതാവ് ആയുധമാക്കിയത്. ഗവർണറെ നീക്കാൻ രാഷ്ട്രപതിയോട് അഭ്യർത്ഥിക്കാൻ സഭയ്‌ക്ക് പ്രമേയം കൊണ്ടുവരാമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ക്രമപ്രശ്നത്തിന് വർക്കലയുടെ റൂളിംഗ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: ARIF MOHAMMAD KHAN
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.