അപ്രതീക്ഷിതമായിരുന്നു 2018ലെ പ്രളയം. മൺസൂണിനെ വരവേറ്റ കേരളത്തിന് ആദ്യ ആഴ്ചകൾ സാധാരണനിലയിലായിരുന്നു. പെട്ടെന്നായിരുന്നു മഴ ശക്തിപ്രാപിച്ചത്. മഴവെളളപ്പൊക്കത്തിനൊപ്പം ഉരുൾപൊട്ടലുമുണ്ടായി. അണക്കെട്ടുകളിലെ ജലനിരപ്പ് ക്രമാതീതമായി വർദ്ധിച്ചതോടെ ഷട്ടറുകൾ തുറക്കേണ്ടിവന്നു. വർഷങ്ങൾക്ക് മുൻപ് കേരളത്തെ വിറപ്പിച്ച പ്രളയം (1924) കേട്ടുകേൾവി മാത്രമായിരുന്നു.
മനുഷ്യപക്ഷിമൃഗാദികളുടെ മരണവും മനുഷ്യരെ കാണാതാവലും വീടിനും സ്വത്തിനും സംഭവിച്ച നാശനഷ്ടവും ജനങ്ങളെ തളർത്തി. ഒരിറ്റുവെളളത്തിന് നെട്ടോട്ടമോടിയ സമയമായിരുന്നു അത്. പൊതുജനത്തിന്റെ കൃത്യമായ ഇടപെടലാണ് പ്രളയാഘാതത്തിൽ നിന്നും ദുരന്തബാധിതരെ മോചിപ്പിച്ചത്.
മഴ ശക്തിയായി, തുടർച്ചയായി പെയ്താൽ സംസ്ഥാനത്ത് വെളളപ്പൊക്കമുണ്ടാകുമെന്ന അനുഭവത്തിൽ നിന്നാണ് പ്രകൃതി ക്ഷോഭങ്ങളെ എങ്ങനെ പ്രതിരോധിക്കാമെന്ന ചോദ്യമുയർന്നത്. ലോകാരോഗ്യ സംഘടനകൾ, വിദഗ്ദ്ധർ, യൂണിസെഫ് തുടങ്ങി നിരവധി പേരാണ് കേരളത്തിലെ പ്രളയത്തെക്കുറിച്ച് പഠിച്ചത്. വിശദമായ അന്വേഷണങ്ങൾക്കൊടുവിൽ സംസ്ഥാന സർക്കാരിന് സമർപ്പിച്ച രേഖയിലാണ് കേരളത്തെ പുനർനിർമ്മിക്കാൻ ഒരു പദ്ധതി രൂപീകരിക്കാൻ നിർദ്ദേശം വന്നത്. ഇതെത്തുടർന്നാണ് റീബിൽഡ് കേരള ഇനീഷിയേറ്റീവ് ജനിച്ചത്.
റീബിൽഡ് കേരള ഇനീഷിയേറ്റീവ്
2018ലെ വെളളപ്പൊക്കം, ഉരുൾപൊട്ടൽ ദുരന്തങ്ങളിൽ തകർന്നവയെ റീബിൽഡ് കേരള ഇനീഷിയേറ്റീവിലൂടെ പുനർനിർമ്മിക്കാനുളള ശ്രമമാണ് കേരള സർക്കാർ നടപ്പാക്കുന്നത്. കേരള ജനതയെ തിരികെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുകയാണ് റീബിൽഡ് കേരള ഇനീഷിയേറ്റീവ്.
വെളളപ്പൊക്കത്തിലും ഉരുൾപൊട്ടലിലും തകർന്ന കേരളത്തെ പുനർജീവിപ്പിക്കാനുളള ശ്രമത്തിനിടയിലാണ് 2019ലെ മൺസൂണിൽ വീണ്ടുമൊരു ദുരന്തം വന്നെത്തിയത്. 2018ലെ അനുഭവംകൊണ്ട് വെളളപ്പൊക്ക സാദ്ധ്യത നിഴലിച്ചപ്പോൾ തന്നെ എല്ലാവിധ അലർട്ടുകളും നൽകി. 2018ൽ താഴ്ന്ന പ്രദേശങ്ങളെയാണ് പ്രധാനമായും പ്രകൃതി ദുരന്തം ബാധിച്ചതെങ്കിൽ 2019ൽ അത് മലമ്പ്രദേശത്താണ് സംഹാരതാണ്ഡവമാടിയത്.
നമ്മൾ നമുക്കായി
പ്രകൃതി ദുരന്തങ്ങൾ തുടരുന്ന സാഹചര്യത്തിൽ നവകേരളം പടുത്തുയർത്താൻ പഠന റിപ്പോർട്ടുകളും ചർച്ചകളും മാത്രം പോരെന്ന് വ്യക്തമായി. താഴെത്തട്ടിൽ നിന്നും കാര്യങ്ങൾ പഠിച്ചെടുക്കണം. ഒരു നാടിനെക്കുറിച്ച് പഠിക്കാൻ ആ നാട്ടിൽ പോയി താമസിച്ച് കാര്യങ്ങൾ മനസിലാക്കണമെന്ന് പറയും പോലെ, ഒരു ഗ്രാമത്തിലെ കാര്യങ്ങൾ ആ ഗ്രാമത്തിൽ ജീവിക്കുന്നവർക്കല്ലേ അറിയൂ. അവരിൽ നിന്നും കാര്യങ്ങൾ മനസിലാക്കണം, അതിനുവേണ്ടിയാണ് 'നമ്മൾ നമുക്കായി "കാമ്പയിൻ തയാറാക്കിയത്. നിയമസഭയുടെ പതിനാറാം സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ 'നമ്മൾ നമുക്കായി " പദ്ധതി നിയമസഭയിൽ അവതരിപ്പിച്ചു. പ്രകൃതി ദുരന്തങ്ങൾ വിവിധ തരത്തിലാണ് നമ്മളെ ബാധിച്ചത്. അതുകൊണ്ടുതന്നെ അവയെ പലതരത്തിലായി തിരിച്ചാണ് നമ്മൾ നമുക്കായി കാമ്പയിൻ .
ഭൂവിനിയോഗം
ജലപരിപാലനം
പ്രാദേശിക സമൂഹവും അതിജീവനവും
വനപരിപാലനം
ഗതാഗതം, സാങ്കേതികവിദ്യ
നമ്മൾ നമുക്കായി പരിപാടിയിലൂടെ രണ്ട് വിധത്തിലാണ് അഭിപ്രായശേഖരണം നടത്തുന്നത്. പ്രാദേശികതലത്തിൽ വിവരശേഖരണത്തിന്റെ ഭാഗമായി വാർഷിക പദ്ധതി തയ്യാറാക്കുന്നതിനൊപ്പം ഗ്രാമസഭകളിൽ ദുരന്തനിവാരണ / പ്രതിരോധ പദ്ധതികൾ തയ്യാറാക്കാൻ ചർച്ചകൾ നടത്തികഴിഞ്ഞു. കൂടാതെ തദ്ദേശസ്ഥാപനതലത്തിൽ വികസനസെമിനാറുകൾ നടന്നുവരികയാണ്. അതത് പ്രദേശത്തെ പ്രശ്നങ്ങൾ ജനങ്ങൾക്ക് ഗ്രാമസഭകളിൽ ഉന്നയിക്കാം. ജില്ലാതലത്തിൽ ആശയങ്ങൾ ക്രോഡീകരിച്ച് നമ്മൾ നമുക്കായി വെബ്പോർട്ടലിൽ അപ്ലോഡ് ചെയ്യും. കിലയാണ് തദ്ദേശ സ്വയംഭരണ സ്ഥാപനതലത്തിലെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്. മേൽപറഞ്ഞ വിഷയങ്ങൾക്ക് പുറമേ ജനങ്ങൾക്ക് ആശയങ്ങൾ സംവദിക്കാനുണ്ടെങ്കിൽ talktorebuild@kerala.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കാവുന്നതാണ്.
വെബ്പോർട്ടൽ
പ്രളയാനന്തര കേരളത്തെ പുനർനിർമ്മിക്കുന്നതിന്റെ ഭാഗമായി ആശയങ്ങൾ രേഖപ്പെടുത്തുന്നതിന് ആരംഭിച്ചതാണ് pcp.rebuild.kerala.gov.in എന്ന വെബ്പോർട്ടൽ. വിവിധ വിഷയങ്ങളിൽ ചോദ്യങ്ങൾ അതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇംഗ്ലീഷിലോ, മലയാളത്തിലോ അഭിപ്രായങ്ങൾ രേഖപ്പെടുത്താം. മൊബൈൽ ഫ്രണ്ട്ലിയാണ് സൈറ്റ്.
ഇന്നത്തെ ആശയം നാളത്തെ നിയമം
ജനങ്ങളിൽ നിന്നും വിദഗ്ദ്ധരിൽ നിന്നും ശേഖരിക്കുന്ന അഭിപ്രായങ്ങൾ/ ആശയങ്ങൾ സംക്ഷിപ്ത രൂപത്തിലാക്കി റീബിൽഡ് കേരള ഇനീഷിയേറ്റീവ് സർക്കാരിനു സമർപ്പിക്കും. നിലവിലെ നയങ്ങളിൽ, നിയമങ്ങളിൽ മാറ്റം വരുത്തണമെങ്കിൽ അത് സർക്കാർ നടപ്പിലാക്കും. പുതിയ നിയമം കൊണ്ടുവരണമെങ്കിൽ അതിനായി പ്രത്യേക നിയമസഭാ സമ്മേളനം വിളിക്കുമെന്ന ഉറപ്പും സർക്കാർ നൽകിയിട്ടുണ്ട്.വരൂ.. നമ്മൾ നമുക്കായി പരിപാടിയിൽ പങ്കാളികളാകൂ.പുതിയ കേരളം പടുത്തുയർത്താം.
( ലേഖകൻ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയും റീബിൽഡ് കേരള ഇനീഷിയേറ്റീവ് സി.ഇ.ഒയുമാണ്. )
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |