തന്റെ അതീവ നിലവാരമുള്ള ഇംഗ്‌ളീഷ് ഭാഷാ ഉപയോഗത്തെക്കുറിച്ച് നിരവധി ഹാസ്യ രൂപേണയുള്ള വിമർശനങ്ങളും ട്രോളുകളും നേരിടേണ്ടി വന്നയാളാണ് നടനും സംവിധായകനും നിർമാതാവുമായ പൃഥ്വിരാജ്. പൃഥ്വിയുടെ ഇംഗ്ളീഷിലുള്ള ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം പോസ്റ്റുകൾക്ക് താഴെ വന്ന് 'കുറച്ചുകൂടി സിംപിളായി പറഞ്ഞുകൂടേ' എന്ന് നിരന്തരം അഭ്യർത്ഥിക്കുന്ന ആരാധകരുടെ എണ്ണത്തിൽ ഇനിയും കുറവുണ്ടായിട്ടില്ലെന്നാണ് വിവരം.
തന്റെ ഇംഗ്ളീഷിനെ ട്രോളുന്നവരോട് എപ്പോഴും സഹൃദയത്തോട് തന്നെയാണ് പൃഥ്വി പ്രതികരിച്ചിട്ടുള്ളതും. എന്നാൽ ആരാധകർ മാത്രമല്ല പൃഥ്വിയുടെ ഇംഗ്ളീഷ് ഉപയോഗത്തെ ട്രോളുന്നവരുടെ കൂട്ടത്തിൽ സിനിമാതാരങ്ങൾ കൂടി ഉണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് നടൻ ജയസൂര്യ.
ഏഷ്യാനെറ്റ് അവാർഡ് ദാന ചടങ്ങിൽ വച്ച് പൃഥ്വിക്ക് മികച്ച സംവിധായകനുള്ള അവാർഡ് കൈമാറിയത് ജയസൂര്യയായിരുന്നു.
ഇതിന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു ജയസൂര്യയുടെ ട്രോൾ. താൻ പൃഥ്വിക്ക് നൽകുന്ന പുരസ്കാരം ഒരു അവാർഡിനേക്കാൾ മുകളിലാണെന്നും അത് തന്റെ ഹൃദയം നിറഞ്ഞുള്ള സ്നേഹമാണെന്നും ചിത്രത്തിനോടൊപ്പം ജയസൂര്യ കുറിച്ചു. എന്നാൽ അതിന് താഴെയായി 'ഇനി നിനക്ക് മനസിലാകാൻ' എന്ന് പറഞ്ഞുകൊണ്ട് കടിച്ചാൽ പൊട്ടാത്ത ഏതാനും ഇംഗ്ലീഷ് വാക്കുകൾ ഉൾപ്പെടുത്തിക്കൊണ്ട് മറ്റൊരു കുറിപ്പ് കൂടി ജയസൂര്യ എഴുതി ചേർക്കുകയായിരുന്നു.
ഇതുനുള്ള പൃഥ്വിയുടെ മറുപടിയായിരുന്നു രസകരം. 'സർഗം' എന്ന സിനിമയിലെ, ട്രോളന്മാർക്കിടയിൽ പ്രശസ്തമായ, നടൻ നെടുമുടി വേണുവിന്റെ കഥാപാത്രം പറയുന്ന ആ വാചകം ആയിരുന്നു ജയസൂര്യയെ തിരിച്ചു ട്രോളാനായി പൃഥ്വി ഉപയോഗപ്പെടുത്തിയത്. ഇക്കാര്യം താൻ 'അറിഞ്ഞില്ല, ആരും പറഞ്ഞില്ല' എന്നായിരുന്നു പൃഥ്വിയുടെ ജയസൂര്യയ്ക്കുള്ള മറുപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |