തിരുവനന്തപുരം: ട്രെയിനുകളിൽ വൻകവർച്ചകൾക്ക് വഴിയൊരുക്കുന്നത് റെയിൽവേ അധികാരികളും ഉദ്യോഗസ്ഥരുമാണെന്ന് പൊലീസ്! വെറും ആരോപണമല്ല. ജനറൽ ടിക്കറ്റുമായി എ.സി കോച്ചിലെത്തി, അധികപണം നൽകി ടിക്കറ്റ് മാറ്റിവാങ്ങുന്നവരുടെ തിരിച്ചറിയൽ രേഖ വാങ്ങണമെന്ന് പൊലീസ് നിരന്തരം ആവശ്യപ്പെട്ടിട്ടും റെയിൽവേ ചെവിക്കൊള്ളുന്നില്ല. തിരിച്ചറിൽ രേഖയുടെ പകർപ്പ് വാങ്ങാനായില്ലെങ്കിൽ ആധാർ, പാൻകാർഡ് നമ്പരുകൾ എഴുതി സൂക്ഷിക്കുകയോ യഥാർത്ഥ രേഖകൾ ടിക്കറ്റ് പരിശോധകർ കണ്ട് ബോദ്ധ്യപ്പെടുകയോ വേണമെന്ന ആവശ്യവും തള്ളി. എ.സി.കോച്ചുകളിൽ പൊലീസിന്റെ പട്രോളിംഗും ടി.ടി.ഇമാർ വിലക്കുന്നു. ഫലമോ കൊള്ളസംഘങ്ങൾ ജനറൽടിക്കറ്റ് തരംമാറ്റി എ.സി കോച്ചുകളിൽ കയറിക്കൂടി കവർച്ച തുടരുന്നു.
മലബാർ, ചെന്നൈ-മംഗളൂരു ട്രെയിനുകളിലെ കവർച്ചയ്ക്കു പിന്നിൽ ഇത്തരത്തിൽ ടിക്കറ്റ് തരംമാറ്റി എ.സി.കോച്ചിൽ കയറിക്കൂടിയ രണ്ട് സ്ത്രീകളെ സംശയിക്കുന്നതായി പൊലീസ് മേധാവി ലോക്നാഥ്ബെഹ്‌റ 'കേരളകൗമുദി'യോട് പറഞ്ഞു. ഒരു പരിശോധനയുമില്ലാതെ എ.സി.ടിക്കറ്റ് തരംമാറ്റുന്നതിലൂടെ റെയിൽവേക്ക് വരുമാനമുണ്ടാകുമെങ്കിലും ഇത് വൻസുരക്ഷാഭീഷണിയാണ്. മാസങ്ങളായി എ.സി കോച്ചുകളിലെ കവർച്ചകളെക്കുറിച്ച് അന്വേഷിച്ച പൊലീസിന് ഒരു തുമ്പുമുണ്ടാക്കാനായിട്ടില്ല. യാത്രക്കാരുടെ പട്ടികയും ഫോൺവിളി വിവരങ്ങളുമെല്ലാം ചികഞ്ഞെങ്കിലും ഫലമുണ്ടായില്ല. രേഖകളിൽ ഇല്ലാത്ത 'യാത്രക്കാരാണ്' എല്ലായിടത്തും കൊള്ള നടത്തിയതെന്നാണ് റെയിൽവേ പൊലീസിന്റെ നിഗമനം.
എട്ടു ലക്ഷത്തിലേറെ യാത്രക്കാരുമായി 291ട്രെയിനുകൾ ദിവസേന തലങ്ങുംവിലങ്ങുമോടുന്ന കേരളത്തിൽ ആകെയുള്ളത് 721 റെയിൽവേ പൊലീസ് മാത്രമാണ്. അവധി,പരിശീലനം,വിശ്രമം എന്നിവയ്ക്കു പുറമേ മൂന്നു ഷിഫ്റ്റ് ഡ്യൂട്ടികൂടിയാകുമ്പോൾ ഒരുദിവസം ഡ്യൂട്ടിക്ക് 200 പേർ മാത്രം. മൂന്നരലക്ഷത്തിലേറെ വനിതായാത്രക്കാർക്ക് സുരക്ഷയൊരുക്കുന്നത് 30 വനിതാപൊലീസ്. 13 റെയിൽവേ പൊലീസ് സ്റ്റേഷനുകളിലെ സ്ഥിതിയാണിത്. ട്രെയിനിലെ സുരക്ഷയ്ക്ക് പൊലീസിന്റെ എണ്ണംകൂട്ടണമെന്ന് റെയിൽവേയോട് പലതവണ ആവശ്യപ്പെട്ടിട്ടും ഫലമില്ല. റെയിൽവേ പൊലീസിൽ 200 പൊലീസുകാരെ അധികമായി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചെങ്കിലും റെയിൽവേ അംഗീകരിച്ചില്ല. ഡെപ്യൂട്ടേഷനിൽ നിയമിക്കുന്നവരുടെ ശമ്പളമടക്കമുള്ള ചെലവുകളുടെ പകുതി തുക റെയിൽവേയാണ് വഹിക്കുന്നതെന്നതിനാൽ റെയിൽവേ ബോർഡിന്റെ അനുമതിയില്ലാതെ കൂടുതൽ പൊലീസുകാരെ നിയോഗിക്കാനാവില്ല. 208 പൊലീസുകാരെ അടിയന്തരമായി അയയ്ക്കണമെന്ന് റെയിൽവേ എസ്.പി മഞ്ജുനാഥ് സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. വനിതാകമ്പാർട്ടുമെന്റുകളിൽ സുരക്ഷയൊരുക്കാൻ റെയിൽവേയോട് പൊലീസ് ആവശ്യപ്പെട്ട 128 യാത്രാപാസ് ഇതുവരെ നൽകിയിട്ടില്ല. ടിക്കറ്റെടുത്ത് ട്രെയിനിൽ കയറി സുരക്ഷയൊരുക്കുമെന്ന് മുഖ്യമന്ത്റി പ്രഖ്യാപിച്ചിരുന്നെങ്കിലും ടിക്കറ്റും പാസുമില്ലാതെയാണ് ഇപ്പോഴും റെയിൽവേ പൊലീസിന്റെ യാത്ര.
രണ്ടുതരം സുരക്ഷ
റെയിൽവേ സംരക്ഷണസേന: റെയിൽവേ സ്വത്തുക്കളുടെയും വസ്തുവകകളുടെ സംരക്ഷണം
റെയിൽവേ പൊലീസ്: റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും സുരക്ഷാചുമതല, ക്രമസമാധാനപാലനം
സായുധസുരക്ഷ
മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കമുള്ള വി.ഐ.പി യാത്രക്കാരുണ്ടെങ്കിലേ ട്രെയിനുകളിൽ പൊലീസിന്റെ സായുധസുരക്ഷയുള്ളൂ. അല്ലാത്തപ്പോൾ ലാത്തിയും ടോർച്ചുമാണ് ആയുധം. വനിതാകമ്പാർട്ടുമെന്റിൽ സായുധരായ രണ്ട് വനിതാപോലീസുകാരെ നിയോഗിക്കണമെന്നാണ് ഹൈക്കോടതി നിർദ്ദേശം.
കൺട്രോറൂം ഉടൻ
റെയിൽവേ പൊലീസിന്റെ കൺട്രോൾറൂം തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ ഉടൻ തുറക്കും. എല്ലാ സ്റ്റേഷനുകളിലെയും സി.സി.ടി.വി ദൃശ്യങ്ങളും ഉദ്യോഗസ്ഥരുടെ ഏകോപനവുമെല്ലാം ഇവിടെ സാദ്ധ്യമാവും. യാത്രക്കാരുടെ പരാതികൾക്ക് മിന്നൽവേഗത്തിൽ പരിഹാരമുണ്ടാക്കും.
''ജനറൽടിക്കറ്റ് എ.സി ടിക്കറ്റാക്കി തരംമാറ്റുന്നവരുടെ തിരിച്ചറിയൽരേഖ ശേഖരിക്കണമെന്ന് റെയിൽവേക്ക് കത്തുനൽകും. രാത്രികാല ട്രെയിനുകളിലെ പട്രോളിഗും പരിശോധനയും കർശനമാക്കും. സ്റ്റേഷനുകളിലെ സി.സി.ടി.വി നിരീക്ഷണം കൂട്ടണം
-ലോക്നാഥ് ബെഹ്‌റ,
പൊലീസ് മേധാവി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |