SignIn
Kerala Kaumudi Online
Wednesday, 18 February 2026 11.27 PM IST

ഓസ്കറിൽ ചരിത്രം കുറിച്ച് പാരസൈറ്റ്, മികച്ച നടൻ വാക്വീൻ ഫീനിക്‌സ്,​​ റെനി സെൽവഗർ മികച്ച നടി,​ സംവിധായകൻ ബോങ് ജൂ ഹോ

Increase Font Size Decrease Font Size Print Page
oscar

ലോസാഞ്ചലസ്: ലോകം ഉറ്റുനോക്കുന്ന 92മത് ഓസ്‌കർ അവാർഡുകൾ പ്രഖ്യാപിച്ചു. ഡോൾബി തീയേറ്ററിൽ വെച്ച് നടന്ന ചടങ്ങിൽ കൊറിയൻ സിനിമയായ പാരസൈറ്റിനെ മികച്ച ചിത്രമായി തിരഞ്ഞെടുത്തു. ഈ ചിത്രത്തിന്റെ സംവിധായകനായ ബോങ് ജൂ ഹോയെയാണ് മികച്ച സംവിധായകനായി തിരഞ്ഞെടുത്തത്. നാല് പുരസ്കാരങ്ങളാണ് ഈ സിനിമയ്ക്ക് ലഭിച്ചിരിക്കുന്നത്. ആദ്യമായിട്ടാണ് ഒരു ഏഷ്യൻ ചിത്രം ഓസ്കർ വേദിയിൽ ഇത്തരമൊരു നേട്ടം കൈവരിക്കുന്നത്.

ജോക്കർ,​ ദ ഐറിഷ് മാൻ,1917, വണ്‍സ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ് എന്നിങ്ങനെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കാൻ ഒമ്പത് ചിത്രങ്ങളാണ് ഇത്തവണ മത്സരിച്ചത്. റെനി സെൽവഗറെയാണ്(ജൂഡി)​ മികച്ച നടിയായി തിരഞ്ഞെടുത്തത്. ജോക്കറിലെ അഭിനയത്തിന് വാക്വീൻ ഫീനിക്‌സിനാണ്​ മികച്ച നടനുള്ള പുരസ്കാരം. മാര്യേജ് സ്റ്റോറി'യിലെ അഭിനയത്തിന് ആദം ഡ്രൈവർ, 'വൺസ് അപ്പോൺ എ ടൈം ഇൻ ഹോളിവുഡ്' എന്ന ചിത്രത്തിലെ ലിയനാർഡോ ഡികാപ്രിയോ, 'പെയിൻ ആൻഡ് ഗ്ലോറി'യിലെ അന്റോണിയോ ബന്റിറാസ്, 'ദി ടു പോപ്പ്സിലെ" ജോനാഥന്‍ പ്രൈസി എന്നിവരെ പിന്തള്ളിയാണ് വാക്വീൻ ഫീനിക്‌സ് മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കിയത്.

മികച്ച സഹനടനുളള പുരസ്‌കാരം ബ്രാഡ് പിറ്റ് നേടി. വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഹോളിവുഡ് എന്ന ചിത്രത്തിലെ അഭിനയത്തിനാണ് പുരസ്കാരം. മാര്യേജ് സ്റ്റോറിയിലെ അഭിനയത്തിന് ലോറ ഡേണിനെ മികച്ച സഹനടിയായി തെരഞ്ഞെടുത്തു.

ബോങ് ജൂ ഹോ സംവിധാനം ചെയ്ത പാരസൈറ്റിനാണ് മികച്ച തിരക്കഥയ്ക്കുള്ള പുരസ്കാരം. ബോങ് ജൂ ഹോയും ഹാന്‍ ജിന്‍ വോണും ചേര്‍ന്ന് പുരസ്‍കാരം ഏറ്റുവാങ്ങി. ഇതോടെ ഈ അവാർഡ് നേടുന്ന ആദ്യ കൊറിയൻ ചിത്രമെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് പാരസൈറ്റ്. മികച്ച വിദേശ ഭാഷ ചിത്രമായും തിരഞ്ഞെടുത്തത് പാരസൈറ്റിനെയാണ്. തായ്‍ക വൈറ്റിറ്റി തിരക്കഥയെഴുതിയ ജോ ജോ റാബിറ്റിനാണ് മികച്ച അവലംബിത തിരക്കഥയ്‍ക്കുള്ള പുരസ്‍കാരം.

മികച്ച ആനിമേറ്റഡ് ചിത്രമായി 'ടോയ് സ്‍റ്റോറി 4' തിരഞ്ഞെടുത്തു. ഹെയർ ലവാണ് ആണ് മികച്ച ആനിമേറ്റഡ് ഹ്രസ്വചിത്രം. ദ നെയ്‍ബേഴ്‍സ് വിന്‍ഡോയാണ് മികച്ച ലൈവ് ആക്ഷന്‍ ഷോര്‍ട് ഫിലിമായി തിരഞ്ഞെടുത്തത്. മികച്ച വസ്ത്രാലങ്കരത്തിനുള്ള പുരസ്കാരം ലിറ്റില്‍ വിമൻ സ്വന്തമാക്കി. ജാക്വിലിന്‍ ഡുറാന്‍ അവാർഡ് ഏറ്റുവാങ്ങി.

വണ്‍സ് അപോണ്‍ എ ടൈം ഇന്‍ ഹോളിവുഡിനാണ് മികച്ച പ്രൊഡക്ഷന്‍ ഡിസൈന്‍ പുരസ്കാരം. ഫോര്‍ഡ് V ഫെറാറിക്കാണ് മികച്ച ശബ്ദലേഖനത്തിനുള്ള അവാര്‍ഡ്. ഫോര്‍ഡ് V ഫെറാറിയുടെ എഡിറ്റിങ്ങിന് ആന്‍ഡ്രൂ ബക്ക്ലാന്‍ഡിന് പുരസ്‍കാരം.

ഒന്നാം ലോകമഹായുദ്ധം പശ്ചാത്തലമാക്കി നിർമിച്ച 1917നാണ് മികച്ച ശബ്ദമിശ്രണത്തിനുള്ള അവാര്‍ഡ്. ഇതേ ചിത്രത്തിന് റോജര്‍ ഡീകിന്‍സിനാണ് മികച്ച ഛായാഗ്രഹണണത്തിനുള്ള പുരസ്കാരം ലഭിച്ചത്. മികച്ച വിഷ്വൽ എഫക്ടിനുള്ള പുരസ്കാരവും 1917നാണ്. 10 നോമിനേഷനുകളുമായാണ് ഈ ചിത്രം ഓസ്‍കര്‍ പുരസ്‍കാര വേദിയിലേക്ക് എത്തിയത്.

മികച്ച മേക്കപ്പിനും കേശാലങ്കാരത്തിനുമുള്ള പുരസ്കാരം ബോബ് ഷെൽ എന്ന ചിത്രത്തിനാണ്. ഫിൽദർ ഗുദനോത്തിത്ത‌റിനാണ്(ജോക്കർ)​ മികച്ച സംഗീതത്തിനുള്ള പുരസ്കാരം. മികച്ച ഗാനത്തിനുള്ള പുരസ്കാരം റോക്കറ്റ്മാൻ(ലവ് മി എഗെയ്‌ൻ)​ നേടി.

TAGS: NEWS 360, WORLD, WORLD NEWS, OSCAR AWARD 2020, BEST ACTOR, BEST ACTRESS, DIRECTOR, MOVIE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY