നവോത്ഥാന നായകന്മാരിൽ ശ്രീകുമാര ഗുരുദേവനെ ചിരസ്മരണീയനും ആരാധ്യനുമാക്കുന്നത് ഭാരതത്തിന്റെ ആദ്ധ്യാത്മിക ദർശനത്തിനും ജാതിരഹിത സാമൂഹ്യഘടനയ്ക്കും ദാർശനികമാനം നൽകിയ മഹാത്മാവെന്ന നിലയിലാണ്.
ക്രൈസ്തവമതത്തിലെ ഇതര വിഭാഗങ്ങളിലും ഹിന്ദുമതത്തിലും ജാതിവ്യത്യാസം ശ്വാസംമുട്ടിക്കുന്ന സാമൂഹ്യ ചുറ്റുപാടുകളോട് പൊരുത്തപ്പെടാൻ കഴിയാതെ മതങ്ങളിൽ നിന്നും മതങ്ങളിലേക്ക് കൂടുമാറി അവസാനം തന്റേതായ ഒരു മതത്തിന് രൂപം നൽകുകയായിരുന്നു അദ്ദേഹം. പാർശ്വവത്കരിക്കപ്പെട്ടവരും അധഃകൃതരും, അസ്പൃശ്യരും ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളവരുമായ ഇരുപത്തിനാലോളം കീഴാളജാതികളെ ഒന്നായി ചേർത്ത് അവർക്ക് 'പ്രത്യക്ഷരക്ഷാ ദൈവസഭ " എന്ന ഒരു സ്വതന്ത്ര മതം സ്ഥാപിക്കുകയായിരുന്നു അദ്ദേഹം.
1910ലാണ് ശ്രീകുമാര ഗുരുദേവൻ 'പ്രത്യക്ഷരക്ഷാ ദൈവസഭ - സ്ഥാപിച്ചത്. നേരത്തേ ഹൈന്ദവ ക്ഷേത്ര ശ്രീകോവിലുകൾ കീഴാളനു മുമ്പിൽ കൊട്ടിയടക്കപ്പെട്ടതിനെതിരെ പഴയ തിരുവിതാംകൂർ രാജ്യത്ത് അങ്ങോളമിങ്ങോളം കാൽനടയായി സഞ്ചരിച്ച് ജനങ്ങളെ വിളിച്ചുകൂട്ടി അവർക്ക് മണ്ണും ഭവനവും തൊഴിലും തൊഴിലിടങ്ങളും സൃഷ്ടിച്ച് ഒരു ജനസമൂഹത്തെ അടിമ ചങ്ങലയിൽ നിന്നും മോചിപ്പിക്കാൻ അദ്ദേഹം യത്നിച്ചു. ആ ദൗത്യം ശ്രമകരമായിരുന്നു, പ്രതിബന്ധങ്ങളും പ്രതിഷേധങ്ങളും വളരെയേറെ നേരിടേണ്ടിവന്നു. അക്കാലത്ത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ശ്രീമൂലം പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. പത്തുവർഷത്തോളം (കൊല്ലവർഷം 1096 മുതൽ 1106 വരെ) പ്രജാസഭാംഗമായി .
1939 ജൂൺ 29ന് മഹാപരിനിർവാണം പ്രാപിച്ചു. ശ്രീകുമാരഗുരുദേവന്റെ ദർശനങ്ങൾ ഭാരതത്തിലെ അധഃസ്ഥിത പിന്നാക്കവർഗങ്ങളുടെ വിമോചന ദൈവശാസ്ത്രമായി മാറിക്കഴിഞ്ഞിരിക്കുകയാണ്. കേരളത്തിനകത്തും പുറത്തുമായി നൂറ്റിഅമ്പതിലധികം ആരാധനാലയങ്ങൾ - വിദ്യാഭ്യാസ സ്ഥാപനങ്ങൾ - ലക്ഷോപലക്ഷം വിശ്വാസികൾ - ഇതെല്ലാം ശ്രീകുമാരഗുരുദേവന്റെ ആദ്ധ്യാത്മിക പ്രഭാവവും ദിവ്യത്വവും വ്യക്തമാക്കുന്നു .
(റിട്ട. ജഡ്ജിയാണ് ലേഖകൻ)
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |