മലയാള വിമർശലോകത്ത് പ്രൊഫ.കെ. എം.ഡാനിയൽ വൈയാകരണൻ, നിരൂപകൻ എന്നീ നിലകളിൽ ആർജ്ജിച്ച സിദ്ധിസാധന അന്യാദൃശമായിരുന്നു. അദ്ധ്യാപകനെന്ന നിലയിൽ എക്കാലത്തെയും മാതൃകയാവുകയും ചെയ്തു.
ആറന്മുള മഹാക്ഷേത്രത്തിന് ഒരു കിലോമീറ്റർ പടിഞ്ഞാറ് കന്നുംപുരത്ത് ഭവനത്തിൽ 1920 ഫെബ്രുവരിമാസം (മകരം പൂയം നക്ഷത്രത്തിൽ) എട്ടിന് അദ്ദേഹം ജനിച്ചു. പിതാവ് കെ.വി.മത്തായി. മാതാവ് റാഹേലമ്മ. മഹാകവി കെ.വി.സൈമൺ പിതൃസഹോദരൻ. കുടുംബം ഒരു പഴയ സംസ്കൃതഗുരുകുലം.. മാതാപിതാക്കളുടെ ശിക്ഷണവും കുലപതിയായ സൈമണിന്റെ സംസ്കൃതാഭ്യസനവും നന്നേ ചെറുപ്പത്തിലേ ഭാഷാസിദ്ധിക്ക് നല്ല അടിത്തറയേകി. ഇടയാറന്മുള എന്ന സദ്ഗുണഗ്രാമത്താൽ അദ്ദേഹം വളരെ അനുഗ്രഹിക്കപ്പെട്ടിരുന്നു.
ബാല്യത്തിൽത്തന്നെ രഘുവംശം മഹാകാവ്യം വരെ മനഃപാഠമാക്കാൻ ഒരു പ്രയാസവും ഉണ്ടായില്ല. ഗണിതത്തിലുള്ള താത്പര്യം മൂലമാകാം സംസ്കൃതവ്യാകരണം നന്നായി പഠിച്ചിരുന്നു. എസ്. ബി. കോളജിൽനിന്നും ഇന്റർ മിഡിയറ്റ് പാസായി.പിന്നീട് പിതൃവ്യൻ പറഞ്ഞതനുസരിച്ച് ബി.എ ഓണേഴ്സിനു തിരുവനന്തപുരം മഹാരാജാസ് കോളജിൽ ചേർന്നു. കൂടെ ചങ്ങമ്പുഴയും ഉണ്ടായിരുന്നു. പെരുന്ന കെ. എൻ. നായരും സഹപാഠിയായിരുന്നു. ഡോ.ഗോദവർമ്മ ഡിപ്പാർട്ടുമെന്റ് മേധാവിയായിരുന്നു.
ബി.എ ഓണേഴ്സിന് വാചാപരീക്ഷ നടത്തിയത് ഉള്ളൂരായിരുന്നു. ഡാനിയേലിന്റെ പാണ്ഡിത്യവും ഉച്ചാരണശുദ്ധിയും ഉള്ളൂരിനെ ആകർഷിച്ചു. സംസ്കൃതസാഹിത്യത്തിൽ നിന്നും വളരെ പ്രയാസമുള്ള ചോദ്യങ്ങൾ ചോദിച്ചു. അപ്പോൾ നിങ്ങളുടെ ദേശമെവിടെ എന്ന് ഉള്ളൂർ ചോദിച്ചതിന് ഇടയാറന്മുള എന്നു കേട്ടപ്പോൾ സൈമണിന്റെ ആര് എന്നു ഉള്ളൂർ ചോദിച്ചു. സഹോദരപുത്രൻ എന്നു പറഞ്ഞപ്പോൾ സൈമണിന്റെ പ്രതിഭാവിലാസങ്ങൾ നിങ്ങളിലും കാണുന്നല്ലോ എന്ന് ഉള്ളൂർ പറഞ്ഞു.
വാചാപരീക്ഷയിൽ ഡാനിയലിനെ പ്രശംസിച്ച കാര്യം കേട്ടു പിതൃവ്യൻ സംതൃപ്തനായിത്തീർന്നു. പിതൃവ്യന്റെ നിർദ്ദേശമനുസരിച്ച് വീണ്ടും ഉള്ളൂരിനെ ചെന്നുകണ്ടു. ഡാനിയൽ പണ്ഡിതനാണെന്നും അദ്ദേഹത്തിന്റെ പ്രതിഭ പ്രോത്സാഹിക്കപ്പെടേണ്ടതാണെന്നും പറഞ്ഞ് ഒരു ടെസ്റ്റിമോണിയൽ ഉള്ളൂർ എഴുതിക്കൊടുത്തു.
ചങ്ങമ്പുഴയും
ഡാനിയേലും പട്ടാളത്തിൽ
രണ്ടാം ലോകമഹായുദ്ധം സമ്മാനിച്ചത് പട്ടിണിയായിരുന്നു. ജോലി കിട്ടാതെ വന്നപ്പോൾ ചങ്ങമ്പുഴയും ഡാനിയേലും പട്ടാളത്തിൽ ചേർന്നു. ഡാനിയേൽ സഞ്ചരിച്ചിരുന്ന ട്രക്ക് ആഴത്തിലേക്ക് മറിഞ്ഞ് തലക്ക് മുറിവേറ്റ് മാസങ്ങളോളം അബോധാവസ്ഥയിൽ കിടക്കേണ്ടിവന്നു. ഇതോടുകൂടി പട്ടാളസേവനം അവസാനിപ്പിച്ച് നാട്ടിൽ തിരിച്ചെത്തി. ആദ്യം പാളയംകോട്ടും പിന്നെ യു.സി കോളജിലും പഠിപ്പിച്ചു. താമസിയാതെ കോട്ടയം സി.എം.എസിലേക്ക് പോയി. ഗവൺമെന്റ് കോളജിലേക്ക് ജോലിക്ക് അപേക്ഷ അയച്ചുകൊടുത്തെങ്കിലും ഡാനിയേലിനെ പരിഗണിച്ചില്ല. എന്തോ കാരണത്താൽ അപേക്ഷകൾ കാണാൻ ആവശ്യപ്പെട്ട ചാൻസലർ ഉള്ളൂരിന്റെ ടെസ്റ്റിമോണിയൽ കണ്ട് Why can't you select this candidate? എന്ന് കുറിപ്പിട്ടു. അതുകൊണ്ട് ഡാനിയലിനെയും ഉൾപ്പെടുത്തി. മെമ്മോ കിട്ടാഞ്ഞതുകൊണ്ട് ജോലിയിൽ പ്രവേശിക്കാൻ കറച്ചു താമസിച്ചു പോയെങ്കിലും തിരുവനന്തപുരം ആർട്സ് കോളജിൽ ജോലിക്കു ചേരാൻ സാധിച്ചു. 1957-ൽ യൂണിവേഴ്സിറ്റി കോളജിലേക്ക് സ്ഥലംമാറ്റം കിട്ടി. 1975-ൽ വിരമിക്കുന്നതുവരെ അവിടെത്തന്നെ തുടർന്നു. പിന്നീട് Professor of emiratus എന്ന പദവിലേക്ക് അപേക്ഷിക്കുകയും അതു കിട്ടുകയും ചെയ്തു. വീണ്ടും പ്രൊഫസറായി തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജിൽത്തന്നെ തുടർന്നു. ഒരു വീരയോദ്ധാവിനെപ്പോലെയാണ് വിദ്യാർത്ഥികൾ അദ്ദേഹത്തെ സ്വീകരിച്ചിരുന്നത്.
ഭാരതീയ കാവ്യവിമർശന ശാസ്ത്രത്തിന്റെ മാതൃക
അദ്ദേഹത്തിന്റെ വിമർശകൃതികൾ ഭാരതീയ വിമർശന ശാസ്ത്രത്തിന്റെ ഉത്തമ മാതൃകകളാണ്. 1984-ൽ തൃശ്ശൂർ സഹൃദയവേദി പ്രവർത്തകർ ആവശ്യപ്പെട്ടതുകൊണ്ടാണ് വേദവിഹാര പഠനങ്ങൾ എഴുതിയത്. വിമർശനം സിദ്ധാന്തവും പ്രയോഗവും എന്ന കൃതി എഴുതിയത് മരണക്കിടക്കയിൽവച്ചാണ്.
വ്യാകരണത്തിലാണെങ്കിൽ ലീലാതിലകത്തിലെ പ്രമാണങ്ങൾ അദ്ദേഹത്തിനു സർവപ്രധാനമായിരുന്നു. ഭാരതീയ കാവ്യമീമാംസ പഠിപ്പിക്കുമ്പോൾ പുസ്തകത്തിന്റെ സഹായം അദ്ദേഹത്തിന് ആവശ്യമില്ലായിരുന്നു.അദ്ദേഹത്തിനെല്ലാം മനഃപാഠമായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |