തിരുവനന്തപുരം: കാട്ടുകള്ളൻ വീരപ്പൻ തിരിച്ചുവന്നാൽ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ കാൽ തൊട്ടുവന്ദിക്കുമെന്ന് കെ.മുരളീധരൻ എം.പി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. വീരപ്പനെ വെല്ലുന്ന കൊള്ളക്കാരനാണ് ബെഹ്‌റ. ചീഫ് സെക്രട്ടറിക്ക് കാറു വാങ്ങിക്കൊടുക്കൻ ബെഹ്‌റ ആരാണ്?, ഫണ്ട് തിരിമറി നടത്തി വില്ലപണിഞ്ഞാലും കാറു വാങ്ങിയാലും ചോദിക്കാനും പറയാനും ആരുമില്ല. 151കോടിയുടെ പൊലീസ് പരിഷ്‌കരണം നടത്തിയെന്നു പറയുന്നു.
രണ്ടു കാലു പോയവർ മൂക്കിൽ പഞ്ഞിയും വച്ചു വരുന്നതാണോ പരിഷ്കരണം. എത്ര ഉണ്ട ആരൊക്കെ വിഴുങ്ങിയെന്നും മുക്കിയെന്നും അന്വേഷിച്ച് കണ്ടുപിടിക്കട്ടെ.1956 മുതൽ അന്വേഷിക്കണം, എല്ലാം യു.ഡി.എഫ് സ്വാഗതം ചെയ്യുന്നു. മുൻപ് സി.എ.ജി റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിറ്റേന്ന് വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചവരാണ് ഇപ്പോൾ സി.എ.ജിയെ തള്ളിപ്പറയുന്നത്. ആരോപണങ്ങൾ തെളിയിക്കേണ്ട ബാദ്ധ്യത സർക്കാരിനുണ്ട്. അതിനാൽ ഹൈക്കോടതി സിറ്റിംഗ് ജഡ്‌ജിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്നും മെല്ലെപ്പോക്കുനയം തുടരാനാണ് ഭാവമെങ്കിൽ നിയമനടപടികളിലേക്ക് യു.ഡി.എഫ് നീങ്ങുമെന്നും മുരളീധരൻ അറിയിച്ചു.
തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമം
സർക്കാരും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനും ചേർന്ന് തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അട്ടിമറിക്കാൻ ശ്രമിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് നടക്കാൻ മുഖ്യമന്ത്രി മുൻകൈയെടുക്കണം. ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ തീരുമാനം അംഗീകരിക്കണം. അപ്പീൽ പോകാനുള്ള നീക്കം ഉപേക്ഷിക്കണം- മുരളീധരൻ പറഞ്ഞു.
ബി.ജെ.പിക്ക് പരിഹാസം
ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായി കെ.സുരേന്ദ്രനെ തിരഞ്ഞെടുത്തതിനെ കേരളത്തിൽ ബി.ജെ.പിയുടെ സ്ഥിതി, പണ്ടേ ദുർബല, ഇപ്പോൾ ഗർഭിണിയും എന്ന സ്ഥിതിയിലാണെന്നും മുരളീധരൻ പരിഹസിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |