കോഴിക്കോട്: അലനും താഹയും മാവോയിസ്റ്റുകൾ തന്നെയാണെന്നും ഇരുവരെയും പാർട്ടി പുറത്താക്കിയെന്നും സി.പി.എം സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തീർത്തുപറഞ്ഞതോടെ, ജില്ലാ നേതൃത്വം ഇതുവരെ കൈക്കൊണ്ട നിലപാടിനെച്ചൊല്ലി അണികളിൽ ആശയക്കുഴപ്പം ബാക്കി.
അലൻ - താഹ വിഷയത്തിൽ അനുഭാവം പ്രകടിപ്പിച്ച് പാർട്ടി ജില്ലാ സെക്രട്ടറി പി.മോഹനൻ രംഗത്ത് വരുകയും എൻ.ഐ.എ ഏറ്റെടുത്ത കേസ് കേരള പൊലീസിന് തിരികെ വിടണമെന്ന് മുഖ്യമന്ത്രി കേന്ദ്ര ആഭ്യന്തര മന്ത്രിക്ക് കത്തയക്കുകയും ചെയ്തതോടെ സി.പി.എം നിലപാട് മയപ്പെടുത്തിയതായി വ്യാഖ്യാനിക്കപ്പെട്ടിരുന്നു. എന്നാൽ, കോടിയേരിയുടെ പ്രഖ്യാപനം വന്നതോടെ അത് അടഞ്ഞ അദ്ധ്യായമായി. ഇരുവര്‍ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് സംസ്ഥാന കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറി റിപ്പോർട്ട് ചെയ്തതായാണ് വിവരം. എന്നാൽ, കേസ് എൻ.ഐ.എ ഏറ്റെടുത്തത് ശരിയായില്ലെന്ന നിലപാട് തുടരുന്നുമുണ്ട്. ഏതായാലും ഇനി അലൻ - താഹമാരെ പാർട്ടി അംഗങ്ങൾ പിന്തുണച്ചാൽ അവർക്കെതിരെ സംഘടനാവിരുദ്ധ പ്രവർത്തനത്തിന് നടപടി വരുമെന്ന് ഉറപ്പായി..
പുറത്താക്കൽ നടപടി അറിഞ്ഞപ്പോൾ, തന്റെ മകനു പറയാനുള്ളതു കേൾക്കാതെയാണ് നടപടിയെന്നായിരുന്നു താഹയുടെ ഉമ്മ ജമീല പ്രതികരിച്ചത്. ഇങ്ങനെയൊരു നടപടി തങ്ങളെയാരും അറിയിച്ചിട്ടില്ല. കഴിഞ്ഞ ദിവസവും പാർട്ടി നേതാക്കളെ കണ്ടിരുന്നു. അവരും പറഞ്ഞില്ല. ഏറെ വിഷമമുണ്ട്. ചെറുപ്പം മുതൽ കുട്ടികൾ വിശ്വസിച്ച പാർട്ടിയാണ് പിന്നിൽ നിന്ന് കുത്തിയതെന്നും ജമീല പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |