അപൂർവരാഗങ്ങൾ" എന്ന ആദ്യ സിനിമയിൽ ഇരുമ്പ് ഗേറ്റ് തള്ളിത്തുറന്ന് നെഞ്ചുവിരിച്ച് നടന്നു വരുന്ന സീനിലാണ് രജനി ആദ്യം അഭിനയിച്ചത്. വില്ലൻ ടച്ചുള്ള ആ കഥാപാത്രം അവതരിപ്പിച്ച ആളിനെ തമിഴ് ജനത ഹൃദയത്തിന്റെ ഗേറ്റ് തള്ളിത്തുറന്നിട്ട് സ്വീകരിച്ചു.ദളപതിയായും തലൈവരായുമൊക്കെ.
2021 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കഴിഞ്ഞ തിരഞ്ഞെടുപ്പിനു മുമ്പു തന്നെ രജനി പ്രഖ്യാപിച്ചതാണ് . 2021 മേയിലാണ് തിരഞ്ഞെടുപ്പ് വരിക. അതുകൊണ്ടു തന്നെ പാർട്ടി പ്രഖ്യാപനം ആസന്നമായി. ഇതുവരെയുള്ള രാഷ്ട്രീയ സമവാക്യങ്ങൾക്ക് ഒരു പൊളിച്ചെഴുത്ത് രജനിയുടെ വരവോടെ ഉണ്ടാകും.
ഡി.എം.കെ, അണ്ണാ ഡി.എം.കെ, കോൺഗ്രസ്, ബി.ജെ.പി എന്നീ പാർട്ടികളിൽ നിന്നും അണികൾ മാത്രമല്ല, നേതാക്കന്മാരും രജനിപാർട്ടിയിലേക്ക് ഒഴുകിയെത്തുമെന്നാണ് സൂചന. ഇതിനായുള്ള അണിയറ നീക്കങ്ങൾ രഹസ്യമായി നടക്കുന്നുണ്ട്. ജയലളിതയുടെ മരണത്തോടെ താരപദവിയുള്ള നേതാവിനെ നഷ്ടപ്പെട്ട അണ്ണാ ഡി.എം.കെയേയും ഡി.എം.കെയുമായി തെറ്റി നിൽക്കുന്ന തമിഴ്നാട്ടിലെ കോൺഗ്രസിനേയും പിളർത്തി ഒപ്പം ചേർക്കുന്നതിനുമൊപ്പം ചെറുപാർട്ടികളുമായി സംഖ്യം രൂപികരിക്കാനുമാണ് രജനിയുടെ പദ്ധതി.
രജനി മക്കൾ മൺട്രം ആണ് ഇപ്പോഴും രാഷ്ട്രീയ നീക്കങ്ങൾ നടത്തുന്നത്. മുൻ മന്ത്രിയും അണ്ണാ ഡി.എം.കെ നേതാവുമായ കെ.സി പളനിസ്വാമി, ഡി.എം.കെ വിട്ട മുൻ എം.എൽ.എയും നടനുമായ പഴാ കറുപ്പയ്യാ തുടങ്ങിയവർ രജനിയുമായി അടുത്ത് പ്രവർത്തിച്ചു തുടങ്ങി.ഡി.എം.കെയെ വിമർശിച്ചതിന്റെ പേരിൽ കോൺഗ്രസിൽ നിന്നും പുറത്താക്കപ്പെട്ട ചെന്നൈയിലെ മുൻ ഡെപ്യൂട്ടി മേയർ കാരട്ടെ ത്യാഗരാജൻ ഇപ്പോൾ തന്നെ രജനിയുടെ പാർട്ടിക്കു വേണ്ടി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഡി.എം.കെയുമായി ഇടഞ്ഞു നിൽക്കുന്ന കോൺഗ്രസ് നേതാക്കളെ രജനിയുടെ പാളയത്തിലെത്തിക്കാൻ ചരടുവലിക്കുന്നതും ഇദ്ദേഹമാണ്.
കേന്ദ്രം ഭരിക്കുന്ന പാർട്ടിയായിട്ടും തമിഴ്നാട്ടിൽ നേട്ടമുണ്ടാക്കാൻ കഴിയാത്തതിൽ സംസ്ഥാനത്തെ ബി.ജെ.പി നേതാക്കളിലും അസംതൃപ്തിയുണ്ട്. അവരിലും ഒരു വിഭാഗം രജനി ക്യാമ്പിലെത്തിയേക്കും.
സ്റ്റാലിൻ ഭയക്കണം
രജനിയുടെ വരവിനെ ഡി.എം.കെ നേതൃത്വം പേടിക്കുന്നുണ്ട്. കരുണാനിധിയുടെ മരണ ശേഷം സ്റ്റാലിനു കീഴിൽ നല്ല കെട്ടുറപ്പിലല്ല ഡി.എം.കെ പോകുന്നത്. നേതാക്കൾ വേറെ നിവർത്തിയില്ലാതെ സ്റ്റാലിനെ അംഗീകരിച്ചു പോകുന്നുവെന്നേ ഉള്ളൂ. മകൻ ഉദയനിധി സ്റ്റാലിനെ അടുത്ത നേതാവാക്കാൻ സ്റ്റാലിൻ ശ്രമിക്കുന്നതിനോട് കടുത്ത വിയോജിപ്പുള്ളവരാണ് സീനിയർ നേതാക്കളിൽ പലരും.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ നേടിയ വൻ വിജയം നിയമസഭ പിടിക്കുന്നതിന്റെ മുന്നോടിയാണെന്ന് കണക്കു കൂട്ടുന്നതുകൊണ്ടാണ് പൊട്ടിത്തെറി ഉണ്ടാകാത്തത്.
എം.ജി.ആറിനെ പോലെ
ജാതിപ്പോരിന് ഒരു കുറവുമില്ലാത്ത തമിഴ്നാട്ടിൽ ജാതികൾക്ക് അതീതനായി വളരാൻ കഴിഞ്ഞുവെന്നതാണ് കർണാടകത്തിൽ വളർന്ന മറാത്തിയായ രജനികാന്തിന്റെ പ്ലസ് പോയിന്റ്. താരപദവിയിലേക്ക് വളർന്നവരെ തമിഴ്ജനത സ്നേഹിക്കുന്നത് ജാതി നോക്കിയല്ല. എം.ജി.ആറിനെ പോലെ തെക്കൻ തമിഴ്നാടിലൂടെ മുന്നേറാനാണ് രജിയുടെയും ശ്രമം.
എം.ജി.ആർ വന്നപ്പോഴും ഏറ്റവും കൂടുതൽ വോട്ടു കിട്ടിയത് തെക്കൻ ജില്ലകളിൽ നിന്നാണ്. ചെന്നൈ ഉൾപ്പെടുന്ന വടക്കൻ തമിഴ്നാട്ടിൽ ഡി.എം.കെയ്ക്കാണ് സ്വാധീനം കൂടുതൽ . തെക്കൻ ജില്ലകളിലാണ് താരാരാധനയും കൂടുതലുളളത്.
ജന്മംകൊണ്ട് തമിഴ്നാട്ടുകാരല്ലാത്ത എം.ജി. രാമചന്ദ്രന്റെയും ജയലളിതയുടെയും പാതയാണ് രജനികാന്തിന് മുന്നിലുള്ളത്. പൊതുവെ എല്ലാ സമുദായ അംഗങ്ങളുടേയും പ്രീതി പിടിച്ചു പറ്റിയ എം.ജി.ആറിന് തേവർ സമുദായം അളവറ്റ പിന്തുണ നൽകിയിരുന്നു. തെക്കൻ തമിഴ്നാട്ടിൽ ഏറ്റവും പ്രബലം തേവർ സമുദായമാണ്.കൂടാതെ രജനിക്ക് പിന്നാക്കക്കാരുടേയും ദളിതരുടേയും പിന്തുണയും നേടാനും കഴിഞ്ഞിട്ടുണ്ട്. പാർട്ടിയുടെ പേര് പ്രഖ്യാപിച്ചില്ലെങ്കിലും രാഷ്ട്രീയ ലക്ഷ്യത്തോടെ മൺട്രങ്ങളിലൂടെയുള്ള ജില്ലാ കമ്മിറ്റി രൂപീകരണം പൂർത്തിയായി.
കമലഹാസന്റെ നിലപാട്
രജനികാന്ത് പാർട്ടി പ്രഖ്യാപിച്ചാൽ കമലഹാസന്റെ നിലപാട് എന്താകും? രജനിയുടെ പാർട്ടിയിൽ കമലിന്റെ മക്കൾ നീതി മയ്യം ലയിക്കുമോ അതോ സഖ്യകക്ഷിയാകുമോ? ലോക്സഭാ തിരഞ്ഞെടുപ്പിൽ കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാൻ കമലിനു കഴിഞ്ഞിരുന്നില്ല. എന്തായാലും കമലിനെ ഒപ്പം നിറുത്താനുള്ള ചർച്ചകളിലാണ് തലൈവർ.
രജനിയുമായി സഖ്യത്തിനു തയ്യാറാണെന്ന സൂചന നേരത്തെ പലതവണ കമല ഹാസൻ നൽകിയിരുന്നു. എന്നാൽ, അടിസ്ഥാന ആശയങ്ങളിൽ വിരുദ്ധ ധ്രുവങ്ങളിൽ നിൽക്കുന്ന ഇരുവരും തമ്മിൽ സഖ്യം സാദ്ധ്യമാകുമോയെന്ന ആശയക്കുഴപ്പം രാഷ്ട്രീയ നിരീക്ഷകർക്കിടയിലുണ്ട്. ദ്രാവിഡ രാഷ്ട്രീയത്തിന്റെ പിന്തുടർച്ചക്കാരനായി കമൽ തന്നെ വിശേഷിപ്പിക്കുമ്പോൾ,ദ്രാവിഡത്തിൽ നിന്നു മാറി ആത്മീയ രാഷ്ട്രീയമാണു തന്റെ വഴിയെന്നു രജനി പ്രഖ്യാപിച്ചു കഴിഞ്ഞു.
കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കൽ, പൗരത്വ നിയമം തുടങ്ങിയ വിഷയങ്ങളിലും കമലും രജനിയും വ്യത്യസ്ത ചേരിയിലാണ്. എന്നാൽ, ബി.ജെ.പിയുമായി രജനി ഏതെങ്കിലും രീതിയിലുള്ള ധാരണയുണ്ടാക്കിയാൽ കമൽ അതിന്റെ ഭാഗമാകില്ല.
ഒരു സിനിമ കൂടി
രാഷ്ട്രീയ സഖ്യം സംബന്ധിച്ച സൂചനകൾക്കിടെ, മൂന്നു പതിറ്റാണ്ടിനു ശേഷം രജനിയും കമലും സിനിമയിൽ വീണ്ടും ഒരുമിച്ചു അഭിനയിക്കുമെന്നുറപ്പായി. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന സിനിമ കമൽ ഹാസന്റെ കമ്പനിയായ രാജ് കമൽ ഫിലിംസ് ഇന്റർനാഷനൽ നിർമിക്കുമെന്നാണു സൂചന. രാഷ്ട്രീയ പാർട്ടി രൂപീകരണത്തിനു മുമ്പ് രജനിയുടെ അവസാന ചിത്രമായിരിക്കും ഇത്. രജനികാന്തിന്റെ കരിയറിന്റെ ആദ്യഘട്ടത്തിൽ കമലുമായി ഒട്ടേറെ സിനിമകളിൽ ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |