തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളിലെ വാർഡുകളുടെ എണ്ണം ഒന്ന് വീതം കൂട്ടിക്കൊണ്ടുള്ള പുനർവിഭജനം ജൂലായ് മാസത്തോടെ പൂർത്തിയായേക്കും. വാർഡ് പുനർവിഭജനത്തിനായി നിയമസഭ പാസ്സാക്കിയ പഞ്ചായത്തിരാജ്, മുനിസിപ്പാലിറ്റി ഭേദഗതി ബില്ലുകളിൽ ഗവർണർ കഴിഞ്ഞദിവസം ഒപ്പുവച്ചതോടെ, പുനർവിഭജനത്തിനുള്ള നടപടികൾ ഡീലിമിറ്റേഷൻ കമ്മിഷൻ വൈകാതെ ആരംഭിക്കും.
വാർഡ് വിഭജന നടപടികളിലേക്ക് കടക്കാൻ മറ്റ് തടസ്സങ്ങളൊന്നും ഇനി കമ്മിഷന് മുന്നിലില്ല. നടപടിക്രമങ്ങൾ പൂർത്തിയാക്കി അന്തിമ പട്ടികയിറക്കാൻ അഞ്ച് മാസമാണ് വേണ്ടി വരുക.
സെക്രട്ടറിയെയും അനുബന്ധ ജീവനക്കാരെയും നിയമിച്ചാലുടൻ പ്രവർത്തനം ആരംഭിക്കും. ഓരോ തദ്ദേശ സ്ഥാപനത്തിലെയും ജനസംഖ്യയ്ക്ക് ആനുപാതികമായിട്ടാവും വാർഡുകൾ പുന:ക്രമീകരിക്കുക. 2011ലെ സെൻസസിനെ അടിസ്ഥാനമാക്കിയാവും ഇത്. ഡീലിമിറ്റേഷൻ കമ്മിഷന്റെ മാർഗ്ഗനിർദ്ദേശങ്ങളുടെ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളുടെ സെക്രട്ടറിമാർ കരട് പട്ടിക പ്രസിദ്ധീകരിക്കും. ആക്ഷേപങ്ങളിലും , പരാതികളിലും ജില്ലാതല ഉദ്യോഗസ്ഥർ പരിശോധനയും ഹിയറിംഗും നടത്തി അന്തിമ തീരുമാനമെടുക്കും. അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷം വോട്ടർപട്ടിക പുതുക്കലിലേക്ക് കടക്കും.അതേ സമയം,ജനസംഖ്യ കാര്യമായി വർദ്ധിക്കാത്ത തദ്ദേശ സ്ഥാപനങ്ങളിൽ
നിലവിലെ വാർഡുകൾ തുടരും.
വാർുകളുടെഎണ്ണം കൂട്ടൽ
15,000 വരെ ജനസംഖ്യയുള്ള ഗ്രാമപഞ്ചായത്തിൽ കുറഞ്ഞ വാർഡുകളുടെ എണ്ണം 14.
പിന്നീടുള്ള ഓരോ 2500 പേർക്കും ഒന്ന് വീതം കൂടും. പരമാവധി 24.
ഒന്നര ലക്ഷം വരെ ജനസംഖ്യയുള്ള ബ്ലോക്ക് പഞ്ചായത്തിൽ കുറഞ്ഞ വാർഡുകൾ 14.
പിന്നീടുള്ള 25,000 പേർക്ക് വീതം ഓരോ വാർഡ് കൂടും. പരമാവധി 24.
10ലക്ഷം വരെ ജനസംഖ്യയുള്ള ജില്ലാ പഞ്ചായത്തിൽ കുറഞ്ഞ വാർഡുകൾ 17.
- പിന്നീടുള്ള ഓരോ ലക്ഷത്തിനും ഒന്ന് വീതം കൂടും. പരമാവധി 33.
20,000 വരെ ജനസംഖ്യയുള്ള മുനിസിപ്പാലിറ്റിയിൽ കുറഞ്ഞ വാർഡുകൾ 26.
പിന്നീടുള്ള ഓരോ 2500 പേർക്കും ഒന്ന് വീതം കൂടും. പരമാവധി 53.
നാല് ലക്ഷം വരെ ജനസംഖ്യയുള്ള കോർപ്പറേഷനുകളിൽ കുറഞ്ഞ വാർഡുകൾ 56.
പിന്നീടുള്ള ഓരോ പതിനായിരത്തിനും ഒന്ന് വീതം കൂടും. പരമാവധി 101.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |