കണ്ണൂർ: ഒന്നര വയസുകാരനെ കടൽഭിത്തിയിലെറിഞ്ഞു കൊന്ന കേസിൽ അറസ്റ്റിലായ അമ്മ ശരണ്യ പൊലീസ് കസ്റ്റഡിയിൽ കഴിയുമ്പോഴും കാമുകന്റെ ഫോണിൽ നിന്നെത്തിയത് 17 മിസ്ഡ് കാളുകൾ. അതേസമയം ശരണ്യയുടെ ഫോൺ പരിശോധിച്ച പൊലീസിന് കാമുകനൊപ്പം ജീവിക്കാനുള്ള ആഗ്രഹത്താലാണ് ശരണ്യ സ്വന്തം മകനെ കൊലപ്പെടുത്തിയതെന്ന് സൂചിപ്പിക്കുന്ന തെളിവുകളും ലഭിച്ചിരുന്നു. ഭർത്താവിന്റെ സുഹൃത്തും വാരം സ്വദേശിയുമായ കാമുകനുമായി ശരണ്യ നടത്തിയ ഓൺലൈൻ ചാറ്റുകളാണ് കേസന്വേഷണത്തിൽ നിർണായകമായത്. ശരണ്യ ഗർഭിണിയായ ശേഷം ഭർത്താവ് പ്രണവ് ഒരു വർഷം ഗൾഫിൽ ജോലിക്ക് പോയിരുന്നു. പിന്നീട് തിരിച്ചെത്തിയപ്പോഴാണ് ഇരുവരുടെയും ദാമ്പത്യത്തിൽ വിള്ളലുകളുണ്ടായത്. ഈ അവസരത്തിലാണ് ഭർത്താവിന്റെ സുഹൃത്തുകൂടിയായ യുവാവിനോട് ശരണ്യ അടുക്കുന്നത്. ഫേസ്ബുക്ക് ചാറ്റിംഗിലൂടെ പ്രണയത്തിലായ ശരണ്യയെ വിവാഹം കഴിക്കാമെന്ന് കാമുകൻ വാഗ്ദാനം നൽകിയിരുന്നെങ്കിലും മകനെ ഉപേക്ഷിക്കാൻ ഇയാൾ നിർബന്ധിച്ചില്ലെന്നാണ് പൊലീസ് പറയുന്നത്. കാമുകന് കൊലപാതകത്തിൽ പങ്കില്ലെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തലെങ്കിലും ഇയാളെ വിശദമായി ചോദ്യം ചെയ്യാനാണ് തീരുമാനം.
കൊല നടത്തിയത് തനിച്ചെന്ന് പൊലീസ്
കണ്ണൂർ: കുഞ്ഞിനെ കൊലപ്പെടുത്തിയത് ശരണ്യ തനിച്ചാണെന്ന് പൊലീസ് പറഞ്ഞു. കൊല നടത്തുന്നതിലും ആസൂത്രണം ചെയ്യുന്നതിലും ആരുടെയും സഹായം ലഭിച്ചിരുന്നില്ലെന്ന് കണ്ണൂർ സിറ്റി സി.ഐ പി.കെ.സതീശൻ പറഞ്ഞു. ഭർത്താവിനോ കാമുകനോ കൊലയിൽ പങ്കില്ല. കുഞ്ഞിനെ കൊലപ്പെടുത്തി കാമുകനൊപ്പം സുഖമായി കഴിയാൻ ശരണ്യ തന്നെ തയ്യാറാക്കിയതാണ് ഈ തിരക്കഥ. കൊലയ്ക്ക് ശേഷം വീട്ടിലെ ഹാളിൽ കിടന്നുറങ്ങിയ ശരണ്യ മറ്റുള്ളവർക്കൊപ്പം കുഞ്ഞിനെ തെരയാനും ഇറങ്ങി. കുഞ്ഞിനെ എറിഞ്ഞ സ്ഥലത്തെ തെരച്ചിൽ ശരണ്യ സ്വയം ഏറ്റെടുക്കുകയായിരുന്നുവെന്നും ദൃക്‌സാക്ഷികൾ പൊലീസിനോടു പറഞ്ഞു. വൈകിട്ട് കോടതിയിൽ ഹാജരാക്കിയ ശരണ്യയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |