കോട്ടയം: കേരള കോൺഗ്രസ് (എം) പിളർന്നതിന്റെ ക്ഷീണം മാറും മുമ്പ്, യു.ഡി.എഫിൽ അസ്വസ്ഥത പടർത്തി ജേക്കബ് വിഭാഗവും പിളർന്നു. പാർട്ടി ലീഡർ അനൂപ് ജേക്കബ്, ചെയർമാൻ ജോണി നെല്ലൂർ വിഭാഗങ്ങൾ ഇന്നലെ കോട്ടയത്ത് ഒരേ സമയം പ്രത്യേക യോഗം നടത്തി.
കെ.പി.എസ് മേനോൻ ഹാളിൽ ചേർന്ന ജോണിനെല്ലൂർ വിഭാഗം ഉന്നതാധികാരസമിതി ജോസഫ് വിഭാഗത്തിൽ ലയിക്കുന്ന പ്രമേയം പാസാക്കി 29ന് കൊച്ചിയിൽ ലയനസമ്മേളനം നടത്താനും തീരുമാനിച്ചു. കോട്ടയത്ത് ഒരു ഹോട്ടലിൽ തങ്ങിയിരുന്ന പി.ജെ.ജോസഫിനെ ജോണിനെല്ലൂർ പിന്നീട് ചെന്നു കണ്ട് കൈ കൊടുത്തു. ജേക്കബ് ഗ്രൂപ്പ് ഓഫീസിൽ ചേർന്ന അനൂപ് വിഭാഗം സംസ്ഥാന കമ്മിറ്റി ലയന നീക്കം തള്ളി. ജോണി നെല്ലൂർ അടക്കമുള്ള നേതാക്കൾക്കെതിരെ അച്ചടക്ക നടപടിയെടുക്കുന്നതിന് മൂന്നംഗ സമിതിയെ തിരഞ്ഞെടുത്തു.
പി.ജെ.ജോസഫ് മാണി ഗ്രൂപ്പ് പിളർത്തി എട്ട് മാസമെത്തുമ്പോഴാണ് ജോസഫ് ഗ്രൂപ്പിൽ ലയിക്കുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിൽ ജേക്കബ്ബ് ഗ്രൂപ്പ് പിളർന്നത്. 27 വർഷം മുമ്പ് മാണി ഗ്രൂപ്പ് പിളർത്തിയായിരുന്നു ടി.എം.ജേക്കബ്ബും ജോണിനെല്ലൂരും പുതിയ ഗ്രൂപ്പ് രൂപീകരിച്ചത്. പിന്നീട് കെ.കരുണാകരൻ രൂപീകരിച്ച ഡി.ഐ.സിയിൽ ലയിച്ചു..എൻ.സി.പിയിൽ ലയിക്കാൻ ഡി.ഐ.സി തീരുമാനിച്ചതോടെ ,ടി.എം.ജേക്കബ്ബ് തന്റെ ഗ്രൂപ്പ് പുനർജീവിപ്പിക്കുകയായിരുന്നു.
'ജേക്കബ്ബ് ഗ്രൂപ്പ് വ്യക്തിത്വം നിലനിറുത്തും. ഭൂരിപക്ഷം ജില്ലാ പ്രസിഡന്റുമാരും സംസ്ഥാന കമ്മിറ്റി അംഗങ്ങളും ഒപ്പമുണ്ട്. യു.ഡി.എഫ് സെക്രട്ടറി സ്ഥാനം ജോണി നെല്ലൂർ രാജി വക്കണം'.
-അനൂപ് ജേക്കബ്ബ്
'ജോസഫ് ഗ്രൂപ്പിൽ ലയിക്കാൻ ആദ്യം ചർച്ച നടത്തി .വില പേശലിൽ വിചാരിച്ച സ്ഥാനം കിട്ടാതെ വന്നതോടെ പാർട്ടിയെ ഭിന്നിപ്പിക്കാൻ അനൂപ് ജേക്കബ് അച്ചാരം വാങ്ങി.ചെറിയ പാർട്ടിയുടെ ചെയർമാനായി ഇരിക്കുന്നതിലും നല്ലത് വലിയ പാർട്ടിയുടെ ഭാഗമാകുന്നതാണ്.'
- ജോണി നെല്ലൂർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |