ചേർത്തല:എൻ.ഡി.എയിലുള്ളത് തുഷാർ വെളളാപ്പള്ളി നയിക്കുന്ന ബി.ഡി.ജെ.എസാണെന്ന് കേന്ദ്രമന്ത്റി വി.മുരളീധരൻ പറഞ്ഞു.എസ്.എൻ.ഡി.പി.യോഗം ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശനെ കണിച്ചുകുളങ്ങരയിലെ വസതിയിൽ സന്ദർശിച്ച ശേഷം മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എൻ.ഡി.എ അധികാരത്തിൽ വന്ന ശേഷം ബി.ഡി.ജെ.എസിന് അർഹമായ സ്ഥാനങ്ങൾ ലഭിച്ചില്ലെന്ന പരാതി പരിഹരിക്കുന്നതിന് ഇടപെടും.കേരളത്തിലെ റെയിൽവേ വികസനത്തിന് തടസം റെയിൽപ്പാതകളില്ലാത്തതാണ്.പുതുതായി ട്രെയിനുകൾ അനുവദിക്കാനാവാത്ത അവസ്ഥയാണുള്ളത്.പാത ഇരിട്ടിപ്പിക്കലോ, എലിവേറ്റഡ് പാതയോ മാത്രമാണ് പരിഹാരം.ഭൂമി ഏറ്റെടുക്കുന്നതാണ് പ്രധാന തടസം.അതിവേഗ റെയിൽപ്പാത കേന്ദ്രം തത്വത്തിൽ അംഗീകരിച്ചിട്ടുണ്ട്.തുടർ നടപടികൾ വേഗത്തിലാക്കും.ദേശിയപാത വികസനത്തിൽ കേരളവും കേന്ദ്രവും ഒറ്റക്കെട്ടായാണ് നീങ്ങുന്നത്.കേന്ദ്രമന്ത്റി നിധിൻ ഗഡ്കരി മുഖ്യമന്ത്റി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ചകളിൽ താനും പങ്കാളിയായിട്ടുണ്ട്.ആലപ്പുഴ ബൈപാസ് നിർമ്മാണത്തിലെ തടസങ്ങൾ മാറി.ഉടൻ തന്നെ യാഥാർത്ഥ്യമാകും.കേരളത്തിലെ റെയിൽവേ വികസനകാര്യങ്ങൾ ചർച്ച ചെയ്യാൻ റെയിൽവേ സഹമന്ത്റി സുരേഷ് അഞ്ചാടി ഏപ്രിലിൽ തിരുവനന്തപുരത്തും എറണാകുളത്തും ഉന്നതതലയോഗം വിളിക്കും.
സി.എ.ജി റിപ്പോർട്ടിലെ ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയേണ്ടതുണ്ടോയെന്ന ചോദ്യത്തിന് ,വെള്ളാപ്പള്ളിയുടെ സാന്നിദ്ധ്യത്തിൽ താൻ സർക്കാരിനെ വിമർശിക്കുന്നില്ലെന്നായിരുന്നു വി.മുരളീധരന്റെ മറുപടി.ബി.ഡി.ജെ.എസ് പ്രസിഡന്റ് തുഷാർ വെളളാപ്പളളിയും ചർച്ചയിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |