ലക്നൗ : ഇന്ത്യയെ പുരോഗതിയുടെ പുതുവഴിയിലേക്ക് നയിക്കാനുതകുന്ന ഒരു കണ്ടെത്തൽ നടത്തിയിരിക്കുകയാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ. മൂവായിരം ടൺ ശേഷിയുള്ള അമൂല്യ ലോഹമായ സ്വർണത്തിന്റെ വലിയൊരു ഖനി കണ്ടെത്തി. ഉത്തർ പ്രദേശിലെ സോനഭദ്രയിലാണ് രാജ്യത്തിന്റെ തലവര വരെ മാറ്റാൻ ശേഷിയുള്ള അമൂല്യ ശേഖരം കണ്ടെത്തിയിരിക്കുന്നത്.
സോനഭദ്രി ജില്ലയിലെ സോന പഹാഡി, ഹാർദി എന്നീ ബ്ലോക്കുകളിലായാണ് അമൂല്യ ലോഹത്തിന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ജിയോളജി വകുപ്പിന്റ റിപ്പോർട്ട് പ്രകാരം 2,943.26 ടൺ സ്വർണം പഹാഡി ബ്ലോക്കിലും 646.15 കിലോ ഗ്രാം സ്വർണം ഹാർദി ബ്ലോക്കിലുമുണ്ട്. അറുന്നൂറ്റി ഇരുപത്തിയാറ് ടണ്ണാണ് ഇന്ത്യയുടെ സ്വർണ ശേഖരത്തിലുള്ളത്. അതിനേക്കാൾ അഞ്ച് മടങ്ങ് സ്വർണമാണ് യു.പിയിൽ ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.
ബ്രിട്ടീഷുകാർ ഇന്ത്യയെ ഭരിച്ചിരുന്ന കാലത്ത് തന്നെ സ്വർണത്തിന്റെ സാന്നിദ്ധ്യം ഇവിടെ കണ്ടെത്തിയിരുന്നു. എന്നാൽ തൊണ്ണൂറുകളുടെ ആരംഭകാലത്താണ് ഇവിടെ സ്വർണ നിക്ഷേപമുണ്ടെന്ന് കരുതി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ പഠനങ്ങൾ ആരംഭിച്ചിരുന്നു. നീണ്ട കാലത്തെ പഠന പരീക്ഷണങ്ങൾ ഫലവത്തായി എന്ന വാർത്തയാണ് ഇപ്പോൾ അവർ നൽകുന്നത്.
സ്വർണ ഖനിയെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചപ്പോൾ തന്നെ പ്രദേശത്തെ ജിയോ ടാഗിംഗ് ഉൾപ്പടെയുള്ള കാര്യങ്ങൾ പൂർത്തീകരിക്കാൻ സർക്കാർ ഉദ്യോഗസ്ഥരെ നിയോഗിച്ചു കഴിഞ്ഞു. ഖനിയുടെ ലേലത്തിനായുള്ള നടപടികളും ഉടൻ ആരംഭിക്കുമെന്ന് അറിയുന്നു. പന്ത്രണ്ട് ലക്ഷം കോടിയുടെ മൂല്യമുള്ള ഖനിയാണ് കണ്ടെത്തിയിട്ടുള്ളതെന്നാണ് പറയപ്പെടുന്നത്.
എന്നാൽ വാർത്ത പുറത്ത് വന്ന് മണിക്കൂറുകൾ കഴിഞ്ഞ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഈ വിവരം തെറ്റാണെന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നു. 160 കിലോ സ്വർണം മാത്രമാണ് ഇവിടെ നിന്നും കണ്ടെടുത്തതെന്നാണ് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ ഇപ്പോൾ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |