കൊല്ലം: കേരളം മതഭീകരവാദികളുടെ താവളമായി മാറുന്നുവെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ പറഞ്ഞു. ബി.ജെ.പി ജില്ലാ കമ്മിറ്റി കൊല്ലം ജവഹർ ബാലഭവനിൽ ഒരുക്കിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യസുരക്ഷയെ ബാധിക്കുന്ന വിഷയങ്ങൾ കേരള പൊലീസ് ഗൗരവമായി അന്വേഷിക്കാത്തതുകൊണ്ടാണ് എൻ.ഐ.എക്ക് വരേണ്ടി വരുന്നത്. കേരള പൊലീസ് ഖജനാവ് കൊള്ളയടിക്കുകയാണ്. കുളത്തൂപ്പുഴയിൽ വെടിയുണ്ടകൾ കണ്ടെത്തിയത് യാദൃച്ഛികമല്ല. കോയമ്പത്തൂരിൽ അദ്വാനിയെ ബോംബ് സ്ഫോടനത്തിൽ വധിക്കാൻ ശ്രമിച്ചവർ കുളത്തുപ്പുഴയിൽ താമസിച്ചിട്ടുണ്ട്. സംസ്ഥാന പൊലീസിന്റെ 25 തോക്കും 12,000 ഉണ്ടകളും നഷ്ടപ്പെട്ടത് ഇതുമായി കുട്ടിച്ചേർക്കണം. നഷ്ടപ്പെട്ട ഉണ്ടകൾ കൊല്ലന്റെ ആലയിൽ നിർമ്മിച്ച് കണക്ക് ഉണ്ടാക്കാൻ ശ്രമിക്കുന്നു.
കൊല്ലം ജില്ലയിലെ ചില സ്ഥലങ്ങളിൽ തീവ്രവാദ പ്രവർത്തനം നടത്തുന്നവർക്ക് ഒരു സമൻസ് പോലും കൊടുക്കാൻ പൊലീസ് ഭയപ്പെടുന്നു. പകൽ ചെഗുവേരയും രാത്രിയിൽ എസ്.ഡി.പി.ഐയുമായി മാറുന്ന രാഷ്ട്രീയ സാഹചര്യം കേരളത്തിൽ നിലനിൽക്കുന്നു. 'എല്ലാം ശരിയാക്കി' നാലു വർഷം കഴിഞ്ഞു.കേന്ദ്രം കൊടുക്കുന്ന പണം ഉള്ളതുകൊണ്ട് ട്രഷറികൾ പൂട്ടുന്നില്ല. കേരളത്തിൽ രണ്ടു മുന്നണികൾക്കും ബദലായി ബി.ജെ.പി വരണമെന്ന് ആഗ്രഹിക്കുന്നവരുടെ എണ്ണം ഉയരുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ബി.ബി. ഗോപകുമാർ അദ്ധ്യക്ഷത വഹിച്ചു. മുൻ ജില്ലാ പ്രസിഡന്റ് ജി. ഗോപിനാഥ്, സംസ്ഥാന ട്രഷറർ എം.എസ്. ശ്യാകുമാർ, സംസ്ഥാന സെക്രട്ടറി രാജി പ്രസാദ്, എൻ.ഡി.എ കൺവീനർ വനജ വിദ്യാധരൻ, മുൻ ബി.ജെ.പി ജില്ലാ പ്രസിഡന്റുമാരായ കെ. ശിവദാസ്, കിഴക്കനേല സുധാകരൻ, തുരുത്തിക്കര രാമകൃഷ്ണപിള്ള, പട്ടത്താനം രാധാകൃഷ്ണൻ, ആർ.എസ്.എസ് വിഭാഗ് കാര്യവാഹക് വി. മുരളീധരൻ, ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി വെള്ളിമൺ ദിലീപ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |