യോഗനാദം മാർച്ച് 1 ലക്കം മുഖപ്രസംഗം
മലയാള പത്രപ്രവർത്തനത്തിന് ആധുനിക മുഖം നൽകിയ കേരളകൗമുദി മുൻ ചീഫ് എഡിറ്ററും, ചെയർമാനും അതേപോലെ കലാകൗമുദിയുടെ സ്ഥാപകനും ചീഫ് എഡിറ്ററുമായ എം.എസ്.മണി മാദ്ധ്യമരംഗത്തെ വേറിട്ടൊരു വ്യക്തിത്വമായിരുന്നു. മാദ്ധ്യമപ്രവർത്തന രംഗത്ത് തന്നെ ഇന്ന് കാണുന്ന പരിവർത്തനങ്ങൾക്കെല്ലാം തുടക്കം കുറിച്ചത് എം.എസ്.മണിയായിരുന്നു എന്ന് പറഞ്ഞാൽ അതൊരിക്കലും അതിശയോക്തിയായിരിക്കില്ല. അദ്ദേഹത്തിന്റെ വേർപാട് മാദ്ധ്യമരംഗത്തുള്ളവർക്ക് മാത്രമല്ല പൊതുസമൂഹത്തിന് ആകെത്തന്നെ വേദനാജനകമാണ്. നിത്യതയിലേക്കുള്ള പ്രയാണം എല്ലാവർക്കും അനിവാര്യമാണെന്നുള്ളത് യാഥാർത്ഥ്യം തന്നെ. അദ്ദേഹത്തെ അടുത്തറിഞ്ഞ ഓരോരുത്തർക്കും അതൊരു നഷ്ടം തന്നെയാണ്.
ചേർത്ത് നിർത്തി ആശ്വസിപ്പിക്കാനും കൃത്യതയോടെയുള്ള ഉപദേശങ്ങൾ നൽകാനും കൃത്യനിർവഹണബോധം ഓർമ്മിപ്പിക്കാനും കൈയെത്തും ദൂരത്തുണ്ടായിരുന്ന ഒരു സുഹൃത്തിന്റെ നഷ്ടം വേദനാജനകം തന്നെയാണ്. ഇന്ന് കാണുന്ന പോസീറ്റീവ് ജേർണലിസവും, നെഗറ്റീവ് ജേർണലിസവും ഉടലെടുക്കുന്നതിന് മുൻപ് പത്രപ്രവർത്തനത്തിന്റെ വൈവിദ്ധ്യമാർന്ന സാദ്ധ്യതകളെ കണ്ടെത്താനുള്ള നിരന്തര പരിശ്രമമായിരുന്നു എം.എസ്.മണിക്ക് ഡൽഹിയിലെ സുപ്രധാന പത്രപ്രവർത്തകരുടെ ഇടയിൽ സ്വാധീനമുണ്ടാക്കിയത്. സാധാരണക്കാർക്ക് സാഹിത്യവും കലയുമൊക്കെ അപ്രാപ്യമായിരുന്ന കാലത്ത് മനുഷ്യരിലെ സർഗാത്മകത ഉണർത്തി നീതിബോധത്തിന്റെയും ഹൃദയ സൗകുമാര്യതയുടെയും സന്ദേശങ്ങൾ പ്രചരിക്കണമെങ്കിൽ ജനങ്ങളിൽ കലയും സാഹിത്യവും പരിചയപ്പെടണം എന്നുള്ള ഔന്നിത്യമായ ചിന്തയിൽ നിന്നാണ് പത്രപ്രവർത്തനത്തിന്റെ ശൈലിയിൽ ചില പരിവർത്തനങ്ങൾ വരുത്താൻ എംഎസ്.മണി തീരുമാനിച്ചത്.
പരിവർത്തന സിദ്ധാന്തത്തിന് ദാഹിക്കുന്ന പുതുതലമുറയുടെ മുന്നിലേക്ക്, പത്രത്താളുകളിൽ അധികാരരാഷ്ട്രീയ സംഭവ വികാസങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നതോടൊപ്പം കലയ്ക്കും സാഹിത്യ രചനകൾക്കും കഥയ്ക്കും കവിതയ്ക്കും കായിക വിനോദങ്ങൾക്കും, വിദ്യാഭ്യാസത്തിനും, കൃഷിക്കും പരിസ്ഥിതിയ്ക്കുമൊക്കെ മാദ്ധ്യമങ്ങളിൽ പ്രാധാന്യം വന്നപ്പോൾ അത് വായനക്കാർക്ക് ആസ്വാദ്യവും സാമൂഹ്യ പഠനവുമായിരുന്നു. ഇത്തരത്തിലുള്ള പത്രപ്രവർത്തനത്തിന് തുടക്കമിട്ടത് എം.എസ്. മണി ആയിരുന്നു എന്നത് മലയാളപത്ര പ്രവർത്തകർക്ക് അഭിമാനത്തോടും തെല്ല് അഹങ്കാരത്തോടും ഓർമ്മിക്കാം. വാർത്തയ്ക്കുള്ളിലെ വാർത്തകൾ തേടിയുള്ള നിരന്തര ഗവേഷണമാണ് ഇന്ന് കാണുന്ന അന്വേഷണത്മാക പത്രപ്രവർത്തനത്തിന്റെ തുടക്കം. സഹ്യപർവത നിരയിലെ വനം കൊള്ളയെപ്പറ്റിയുള്ള തന്റെ അന്വേഷണത്തിലെ കണ്ടെത്തെലുകളും ലഭ്യമായ തെളിവുകളും ചേർത്തുവച്ചുകൊണ്ട് എഴുതിയ '' കാട്ടുകള്ളൻ"" എന്ന കൃതി തെല്ലൊന്നുമല്ല ഭരണക്കൂടത്തെ പിടിച്ചു കുലുക്കിയത്. അന്ന് ആ പത്രാധിപർ കണ്ടെത്തിയ പാരിസ്ഥിതിക മൂല്യങ്ങൾ ഉൾക്കൊള്ളാതെ അത് കണ്ടെത്തിയവനെ തകർക്കാനുള്ള ശ്രമമാണ് ഉത്തരവാദിത്വപ്പെട്ടവരിൽ നിന്നുണ്ടായത്. അതിന്റെ ഫലമോ ഇപ്പോഴും കാടിന്റെ മക്കൾ പാടുന്നു. ''ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാദ്ധ്യമോ""അത്തരത്തിൽ നിരവധി വസ്തുതകളും അറിവുകളും പ്രപഞ്ച രഹസ്യങ്ങളുമൊക്കെ സാധാരണക്കാരെ പരിചയപ്പെടുത്താൻ എം.എസ്. മണിയുടെ ചിന്തയിലുണ്ടായതാണ് സൺഡേ മാഗസിൻ. സാമൂഹ്യ തിന്മകൾക്ക് എതിരെ ഒരു പോരാളിയുടെ വീര്യത്തോടെ പ്രതികരിച്ചപ്പോൾ അദ്ദേഹത്തിന് കേരളകൗമുദി വിടേണ്ടി വന്നു. എന്നാൽ തുടർന്ന് കലാകൗമുദിയിലൂടെ ശക്തമായ സാന്നിദ്ധ്യമാണ് പത്രാധിപർ കാഴ്ചവച്ചത്. മലയാള പത്രപ്രവർത്തനത്തിൽ സാഹിത്യത്തിനും മറ്റും ഇടം നൽകിയ പത്രാധിപർ എന്ന നിലയിൽ കലാകൗമുദി വാരികയിലൂടെ ഒട്ടനവധി നന്മകൾ സമൂഹത്തിന് വേണ്ടി ചെയ്യാൻ എം.എസ് മണിക്ക് കഴിഞ്ഞിട്ടുണ്ട്. എം.സുകുമാരന്റെ ''ശേഷക്രിയയും"" , എം.ടി.വാസുദേവൻ നായരുടെ ''രണ്ടാം മൂഴവും"" ഉൾപ്പടെ ഒട്ടനവധി രചനകൾ ആസ്വാദകരിൽ എത്തിക്കാൻ പത്രാധിപർക്ക് കഴിഞ്ഞിട്ടുണ്ട്. യാത്രാവിവരണങ്ങളും, നോവലുകളും, കവിതയും എല്ലാം കൊണ്ടും കലാകൗമുദി ഓരോരുത്തരിലും ഒരു അനുഭവമായി മാറുകയായിരുന്നു. അങ്ങനെ കലാകൗമുദി വാരിക സാഹിത്യകാരന്മാർക്കും അല്ലാത്തവർക്കും എല്ലാം തന്നെ സ്വീകാര്യമായിരുന്നു. കേരളത്തിലെ യുവാക്കളുടെ ഇടയിൽ കലാകൗമുദിക്ക് ഒരു വലിയ സ്വീകാര്യതയുണ്ടായിരുന്നു.
മഹാഗുരുവിന്റെ മഹാസമാധിയിൽ കേരളാ പൊലീസിന്റെ ബൂട്ടിന്റെ ശബ്ദം ശ്രവിച്ചപ്പോൾ എം.എസ്.മണി എന്ന പത്രാധിപർ എത്രമാത്രം ശക്തനും പോരാളിയുമാണെന്ന് കേരളം മനസിലാക്കി. ''ശിവഗിരിക്ക് മുകളിൽ തീമേഘങ്ങൾ"" എന്ന കൃതിയിലൂടെ മഹാഗുരുവിന്റെ പരിപാവനമായ മഹാസമാധി ഇന്നും കരുതലോടും വിശുദ്ധിയോടും കാത്തു സൂക്ഷിക്കാൻ ഗുരുഭക്തർക്ക് ധൈര്യം നൽകിയത് എം.എസ്. മണിയുടെ വിട്ടുവീഴ്ചയില്ലാത്ത ഇടപെടലായിരുന്നു. ഒരേസമയം പത്രവുടമയും റിപ്പോർട്ടറുമായി പ്രവർത്തിക്കാൻ കഴിഞ്ഞിട്ടുള്ളതുകൊണ്ട് ഏതൊരു വ്യക്തിയുടെയും അഭിപ്രായവും ന്യായമായ സംശയങ്ങളും അദ്ദേഹത്തിന് സ്വീകാര്യമായിരുന്നു. പിന്നാക്ക അധഃ സ്ഥിത ജനവിഭാഗങ്ങളുടെ സാമൂഹ്യനീതിക്കു വേണ്ടിയുള്ള പോരാട്ടത്തിൽ എന്നും നിലയ്ക്കാത്ത ശബ്ദമായി പത്രാധിപർ കെ.സുകുമാരനിൽ നിന്ന് തുടങ്ങി എം.എസ്. മണിയിലൂടെ അന്നും ഇന്നും എന്നും കാത്തുസൂക്ഷിക്കാനും കേരളകൗമുദി കുടുംബത്തിന് കഴിയുന്നുണ്ട്. മഹാനുഭാവനായ, ക്രാന്തദർശിയായ എം.എസ്. മണിയുടെ ജ്വലിക്കുന്ന സ്മരണയ്ക്കു മുന്നിൽ ഒരുപിടി പുഷ്പങ്ങൾ അർപ്പിച്ചുകൊണ്ട് നിത്യശാന്തി നേരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |