തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടച്ചിടുമെന്നത് വ്യാജപ്രചരണമാണെന്ന് കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ. ഇത്തരക്കാർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ബിവറേജസ് കോർപ്പറേഷൻ വാർത്താ കുറിപ്പിൽ വ്യക്തമാക്കി.
മാർച്ച് 31 വരെ സംസ്ഥാനത്തെ ബിവറേജസ് ഔട്ട്‌ലെറ്റുകൾ അടച്ചിടുമെന്നായിരുന്നു സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ച സന്ദേശം. നിലവിൽ കൊവിഡ് 19 സ്ഥിരീകരിച്ച റാന്നി ഭാഗത്തെ ചില ബിവറേജസ് ഔട്ട്‌ലെറ്റുകൾ മാത്രമാണ് അടച്ചിട്ടിരിക്കുന്നത്. അതല്ലാതെ വ്യാപകമായി അടച്ചിടുമെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും അത്തരത്തിൽ ഒരു നിർദേശവും നൽകിയിട്ടില്ലെന്നും കേരള സ്റ്റേറ്റ് ബിവറേജസ് കോർപ്പറേഷൻ എം.ഡി സ്‌പർജൻ കുമാർ പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് ഇന്ന് മാത്രം ആറ് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചിരുന്നു. ഇറ്റലിയിൽ നിന്ന് വന്ന റാന്നിയിലെ കുടുംബവുമായി സമ്പർക്കം പുലർത്തിയവരാണ് ഇന്ന് രോഗം സ്ഥിരീകരിച്ച ആറ് പേരും. ഇറ്റലിയിൽ നിന്ന് എത്തിയ കുടുബത്തെ സ്വീകരിക്കാൻ എയർപോർട്ടിൽ പോയ രണ്ട് പേർക്കും, വീട്ടിലെ പ്രായമായ അച്ഛനും അമ്മക്കും, റാന്നിയിൽ തന്നെ കുടുംബവുമായി അടുത്തിടപഴകിയ മറ്റ് രണ്ട് പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |