തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം തടയുന്നതിന് നൽകിയ മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മാർഗ നിർദ്ദേശങ്ങൾ ലംഘിക്കുന്ന സ്ഥിതി ഇനിയും ഉണ്ടായാൽ നിരോധനാജ്ഞ ഉൾപ്പെടെയുളള കർശന നിയന്ത്രണങ്ങൾ സ്വീകരിക്കാൻ സർക്കാർ നിർബന്ധിതരാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പ്രതിരോധ പ്രവർത്തനങ്ങളെ ആരും തുരങ്കം വയ്ക്കരുത്. സംസ്ഥാനത്തെ സംരക്ഷിക്കാൻ ഒരുവിഭാഗം ഉറക്കമൊഴിച്ചിരിക്കുകയാണ്. എല്ലാവരും ചേർന്ന് ഈ പ്രതിസന്ധിഘട്ടത്തെ മറികടക്കാൻ ശ്രമിക്കുകയാണ്. ചിലർക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല. അവർക്ക് കൂടിയാണ് ഈ ക്രമീകരണം എന്നോർക്കണം. തങ്ങൾക്ക് രോഗം വരില്ലെന്ന നിലപാടിലാണ് ചിലർ. അങ്ങനെ വരുമ്പോൾ നിരോധനാജ്ഞ ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോകേണ്ടിവരും. നാടിന്റെ നന്മയ്ക്കായി സർക്കാരിന് നിലപാട് കടുപ്പിക്കേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
നിർദേശങ്ങൾ ലംഘിച്ചാൽ പൊലീസ് ഇടപെടും. എസ്.പിമാർക്ക് പ്രത്യേക ചുമതല നൽകുമെന്നും അദ്ദേഹം പറഞ്ഞു. സമൂഹത്തെ വഞ്ചിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും.നിരുത്തരവാദിത്തത്തിന്റെ ഉദാഹരണമാണ് കാസർകോട് സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |