സെൻസെക്‌സ് 3,934 പോയിന്റും നിഫ്‌റ്റി 1,135 പോയിന്റും തകർന്നു
കൊച്ചി: ലോകത്തെ വിറപ്പിച്ച് ക്രൂരതാണ്ഡവമാടുന്ന കൊറോണ വൈറസ്, ഇന്ത്യൻ ഓഹരികളെ ഇന്നലെ ചോരക്കളമാക്കി. ഒറ്റദിവസത്തെ ഏറ്റവും വലിയ നഷ്‌ടം നേരിട്ട സെൻസെക്‌സ് തകർന്നടിഞ്ഞത് 4,000 പോയിന്റോളം. വ്യാപാരാന്ത്യം സെൻസെക്‌സ് 3,934 പോയിന്റിടിഞ്ഞ് 25,981ലും നിഫ്‌റ്റി 1,135 പോയിന്റ് നഷ്‌ടവുമായി 7,610ലുമാണുള്ളത്.
ഈമാസം 12ന് കുറിച്ച 2,919 പോയിന്റായിരുന്നു സെൻസെക്‌സിന്റെ ഇതിനുമുമ്പത്തെ റെക്കാഡ് ഏകദിന നഷ്‌ടം. ഇന്നലെ തുടക്കത്തിൽതന്നെ സെൻസെക്‌സ് 3,000 പോയിന്റോളവും നിഫ്‌റ്റി 850 പോയിന്റോളവും ഇടിഞ്ഞതിനാൽ, 45 മിനുട്ട് നേരം വ്യാപാരം നിറുത്തിവച്ചിരുന്നു. 10.57ഓടെ വ്യാപാരം പുനരാരംഭിച്ചെങ്കിലും ഓഹരിത്തകർച്ച രൂക്ഷമായി.
ആക്‌സിസ് ബാങ്ക്, ബജാജ് ഫിനാൻസ്, ഇൻഡസ് ഇൻഡ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, മാരുതി സുസുക്കി, ടെക് മഹീന്ദ്ര, ടി.സി.എസ്., ഹിന്ദുസ്ഥാൻ യൂണിലിവർ, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, റിലയൻസ് ഇൻഡസ്‌ട്രീസ്, ഏഷ്യൻ പെയിന്റ്‌സ്, എസ്.ബി.ഐ എന്നിവയാണ് കൊറോണയുടെ കുത്ത് ഏറ്റവുമധികം ഏറ്റുവാങ്ങിയത്. ആക്‌സിസ് ബാങ്കിന് 28 ശതമാനവും ഇൻഡസ് ഇൻഡ് ബാങ്കിന് 23 ശതമാനവും മുറിവേറ്റു. ആഗോളതലത്തിൽ നിക്ഷേപകർ ഓഹരികൾ കൂട്ടത്തോടെ വിറ്റൊഴിയുകയാണ്. ഈമാസം 20വരെ മാത്രം 52,000 കോടി രൂപയുടെ ഇന്ത്യൻ ഓഹരികൾ വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞു.
ഇടവേള ഏശിയില്ല
ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തിൽ തന്നെ സെൻസെക്‌സും നിഫ്‌റ്റിയും ലോവർ സർക്യൂട്ട് ഭേദിച്ചതിനാൽ 45 മിനുട്ട് വ്യാപാരം നിറുത്തിവച്ചു. വ്യാപാരം പുനരാരംഭിച്ചെങ്കിലും ഇടിവ് തുടർന്നു. ഈമാസം 13നും വ്യാപാരം 45 മിനുട്ട് നിറുത്തിവച്ചിരുന്നു.
സർക്യൂട്ട് ബ്രേക്കർ?
ഓഹരി വിപണിയിലെ കനത്ത ഇടിവോ പരിധിയിലധികം കുതിപ്പോ തടയാനുള്ള ഓട്ടോമാറ്റിക് മെക്കാനിസമാണിത്. ലോവർ സർക്യൂട്ടും അപ്പർ സർക്യൂട്ടുമുണ്ട്. 10%, 15%, 20% എന്നിങ്ങനെയാണ് സർക്യൂട്ട് ബ്രേക്കറുകൾ. ഉച്ചയ്ക്ക് ഒരുമണിക്ക് മുമ്പും ശേഷവുമുള്ള ഇടിവിന്റെ ആഘാതം നോക്കിയാണ് ഇടവേള നിർണയം. ഉച്ചയ്ക്ക് ഒന്നിന് മുമ്പ് 10 ശതമാനമാണ് ഇടിവെങ്കിൽ ഇടവേള 45 മിനുട്ട്. 20 ശതമാനമാണ് ഇടിവെങ്കിൽ അന്നത്തെ വ്യാപാരം ഉപേക്ഷിക്കും.
മോദിയുഗത്തിലെ
നേട്ടം ഒലിച്ചുപോയി
നരേന്ദ്ര മോദി പ്രധാനമന്ത്രി പദത്തിലേറിയതു മുതൽ നേടിയ നേട്ടത്തിന്റെ മുഖ്യപങ്കും ഇന്നലെയോടെ ഓഹരികളിൽ നിന്ന് ഒലിച്ചുപോയി. മോദി 2014ൽ അധികാരത്തിൽ എത്തുമ്പോൾ സെൻസെക്‌സ് 24,717ലും നിഫ്‌റ്റി 7,359ലുമായിരുന്നു. ഈവർഷം ജനുവരി 16ന് സെൻസെക്‌സ് 42,000 പോയിന്റുകളും നിഫ്‌റ്റി 12,360 പോയിന്റും ഭേദിച്ചിരുന്നു.
സെൻസെക്‌സിന്റെ
വൻ വീഴ്‌ചകൾ
ഇടിവിന് പിന്നിൽ
കൊറോണഭീതി മൂലമുള്ള ലോക്ക്ഡൗൺ
അമേരിക്ക ഒരുലക്ഷം കോടി ഡോളർ രക്ഷാപാക്കേജ് പ്രഖ്യാപിച്ചെങ്കിലും സെനറ്രിന്റെ അനുമതി വൈകുന്നത്
അമേരിക്ക, യൂറോപ്പ്, ഏഷ്യൻ ഓഹരികളിലുണ്ടായ തകർച്ച
ഇന്ത്യയിൽ രക്ഷാപാക്കേജ് വൈകുന്നത്
രൂപയുടെ തകർച്ചയും വിദേശനിക്ഷേപത്തിലെ ഇടിവും
രൂപ 78ലേക്ക്
ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ റെക്കാഡ് താഴ്‌ചയായ 76.20 വരെയെത്തി. ഓഹരി വിപണികളിൽ നിന്ന് വിദേശനിക്ഷേപം വൻതോതിൽ കൊഴിയുന്നതിനാൽ രൂപ ആഴ്‌ചകൾക്കകം 78ലേക്ക് കൂപ്പുകുത്താനിടയുണ്ട്.
₹14.22 ലക്ഷം കോടി
സെൻസെക്‌സിന്റെ മൂല്യത്തിൽ നിന്ന് ഇന്നലെ കൊഴിഞ്ഞുപോയ തുക.
₹58.70 ലക്ഷം കോടി
സെൻസെക്‌സിന്റെ മൂല്യത്തിൽ 2020 ജനുവരി 17 മുതൽ ഇതുവരെയുണ്ടായ നഷ്‌ടം.
₹101.86 ലക്ഷം കോടി
സെൻസെക്‌സിന്റെ മൂല്യം ഇന്നലെ വ്യാപാരാന്ത്യം 101.86 ലക്ഷം കോടി രൂപ. ഇക്കഴിഞ്ഞ ജനുവരി 17ന് 160.57 ലക്ഷം കോടി രൂപ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |