മനുഷ്യരെ നല്ലശീലം പഠിപ്പിക്കാനായി ഉണ്ടാക്കപ്പെട്ടവയാണ് ജയിലുകൾ. ചെയ്തുപോയ ദുഷ്പ്രവർത്തികളെക്കുറിച്ച് പശ്ചാത്തപിക്കാനും സ്വയം നവീകരിക്കാനുമുള്ള അവസരം ഉണ്ടാകുമെന്നതാണ് ജയിലുകളുടെ പ്രത്യേകത.
ഇവിടെ, ഇതാ, ലോകത്തിലെ ഭൂരിഭാഗം മനുഷ്യരും നാലുചുവരുകൾക്കുള്ളിലായിരിക്കുന്നു. പേര് ജയിൽ എന്നല്ല എന്നൊരു വ്യത്യാസം മാത്രം.സ്വന്തം താമസസ്ഥലങ്ങളിലാണ് ഈ ദിവസങ്ങളിൽ അടച്ചിടപ്പെടുന്നത്.
വീട് എന്നും സ്ത്രീക്ക് വിധിച്ചതായിരുന്നു. ഏറിയപങ്കും സ്ത്രീകൾക്കും വീട് അവരുടെ ജോലിസ്ഥലം (വർക്ക് പ്ലെയിസ്) കൂടിയാണ്. എന്നാൽ, മിക്കവാറും പുരുഷന്മാരെ സംബന്ധിച്ചടത്തോളം വീട് രാത്രിയാവുമ്പോൾ വന്നുചേരാനും രാവിലെ പുറപ്പെട്ടുപോകാനുള്ള ഇടമാണ്. ഇവിടെയാണ് കൊറോണ, ഒരു ടെലിവിഷൻ റിയാലിറ്റി ഷോപോലെ മനുഷ്യരെ പുറത്തുപോകാൻ സമ്മതിക്കാതെ ഒരുമിച്ച് പൂട്ടുന്നത്. ഒരുവീട്ടിൽ താമസിച്ചിട്ടുപോലും അപരിചിതരെപോലെ കഴിഞ്ഞിരുന്ന ഒരുപാട് പേർ ഈ കൊറോണ ഹൗസിൽ അറസ്റ്റിൽപ്പെട്ടിട്ടുണ്ടാകാം.
ഇതിനുള്ളിൽ വൃദ്ധരുണ്ട്, മദ്ധ്യവയസ്കരായ മാതാപിതാക്കളുണ്ട്, യുവ മിഥുനങ്ങളുണ്ട്, മക്കളും മരുമക്കളും കൊച്ചുമക്കളുമുണ്ട് .
സ്വാഭാവികമായും വീട്ടിലെ സ്ത്രീയുടെ പുറത്തുവന്നുചേരുന്നത് ചെറിയ സമ്മർദ്ദമല്ല, പുറത്തുനിന്നുള്ള ഭക്ഷണം ഇല്ലാതാവുന്നു. മദ്യപാനികൾക്ക് മദ്യം കിട്ടുന്നില്ല,പോരേ പൂരം. ചൈനയിൽ ലോക്ക് ഡൗൺ കഴിഞ്ഞ് കോടതികൾ നിറഞ്ഞുകവിഞ്ഞത്രേ - വിവാഹമോചനക്കേസുകൾ കാരണം.ലോക്ക് ഡൗൺ നടക്കുന്ന മിക്ക രാജ്യങ്ങളിലും ഗാർഹിക പീഡനം വർദ്ധിക്കുന്നുവെന്നും വികസിത രാജ്യങ്ങളിൽ കൗൺസലിംഗ് സൗകര്യങ്ങൾ ഉണ്ടാക്കുന്നുവെന്നും വായിച്ചു.
സ്ത്രീകളുടെ മേലാണ് ഇവിടെ ഉത്തരവാദിത്വങ്ങൾ എല്ലാം വന്നുചേരുന്നത്.വീട്ടുപണിയിലും പാചകത്തിലും കൂടുതൽ സമയം ചെലവഴിക്കേണ്ടിവരുന്ന സ്ത്രീകൾക്ക് വീട്ടിനകത്തുണ്ടാകുന്ന സംഘർഷങ്ങൾ താങ്ങേണ്ടിവരുന്നത് സുഖമുള്ള കാര്യമല്ല. പുരുഷന്മാരുടെ സാന്നിദ്ധ്യം ക്രിയാത്മകമായ പങ്കാളിത്തമായി മാറുന്നതിലൂടെ മാത്രമേ സ്ത്രീകൾക്ക് ഈ അവസ്ഥ തരണം ചെയ്യാനാകൂ.
പുരുഷന്മാർ ടി.വി.കാണുകയും പത്രവും പുസ്തകവും വായിക്കുകയും പാട്ടുകേൾക്കുകയുമൊക്കെ ചെയ്യുമ്പോൾ സ്ത്രീകൾ തൂത്തും തുടച്ചും ആഹാരം ഉണ്ടാക്കിയും പാത്രം കഴുകിയും ചെയ്തുകൊണ്ട് വീട്ടുകാര്യങ്ങൾ നോക്കുകയും പിന്നെ, വീടൊരു സിനിമ ശാലയും / സിനിമാ ശാലയാക്കിയ പുരുഷന്റെ അന്തമില്ലാത്ത ആവശ്യങ്ങൾ നിവർത്തിച്ചു കൊടുക്കാനുള്ള ഒരാളും കൂടി ആകേണ്ടിവരുമ്പോൾ മാനസിക സംഘർഷം സ്വാഭാവികം.
ജയിലുകൾക്ക് വ്യക്തികളിൽ മാനസാന്തരം വരുത്താൻ കഴിയുമെന്ന തിയറി വച്ചുനോക്കുമ്പോൾ ഈ ലോക്ക് ഡൗൺ കാലം നമ്മുടെ കുടുംബഘടനയിൽ മാറ്റങ്ങൾ വരുത്തുന്നതിന് സഹായകമാകണം. പുരുഷന്മാർ വീട്ടുകാര്യങ്ങൾ പങ്കിടാൻ പഠിക്കണം. ആൺകുട്ടികളും പാചകം ചെയ്യാനും വീട് വൃത്തിയാക്കാനുമൊക്കെ ശീലിക്കാനുള്ള 21 ദിവസങ്ങൾ ആയി ഇക്കാലത്തെ ഏറ്റെടുക്കണം. വീട് എന്നത് എല്ലാവർക്കും പങ്കാളിത്തമുള്ള ഒരു ഇടമായി മാറണം. പുരുഷന്മാരുടെ മനസ്, കാഴ്ചപ്പാടുകൾ ഒക്കെ മാറണം. എല്ലാവർക്കുമൊത്ത് വീട് വൃത്തിയാക്കാം, പച്ചക്കറി നടാം,എല്ലാവരും ചേർന്നിരുന്ന് പാടാം. വേണമെങ്കിൽ നൃത്തം ചെയ്യുകയുമാവാം. ഒരാളിൽ നിന്ന് എല്ലാവരിലേക്കും നീളുന്ന ഗാർഹിക ഉത്തരവാദിത്തങ്ങൾ - ഇക്കാലം അതിനുള്ളതാകണം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |