കൊല്ലം: കൊറോണ നിരീക്ഷണത്തിലായിരുന്ന കൊല്ലം സബ് കളക്ടർ അനുപം മിശ്ര ആരുമറിയാതെ സ്വന്തം നാട്ടിലേക്ക് കടന്നു. സ്വന്തം വിവാഹത്തിനായി ഉത്തർപ്രദേശിലേക്ക് പോയ സബ് കളക്ടർ കഴിഞ്ഞ 18നാണ് കൊല്ലത്ത് തിരിച്ചെത്തി ഡ്യൂട്ടിയിൽ പ്രവേശിച്ചത്. മധുവിധുവിന് വിദേശത്ത് പോകാൻ ജില്ലാ കളക്ടറോട് നേരത്തെ അനുമതി ചോദിച്ചിരുന്നു. എന്നാൽ നിരീക്ഷണത്തിൽ കഴിയാൻ നിർദ്ദേശിക്കുകയായിരുന്നു. കൂടാതെ യാത്രയിൽ ഒപ്പമുണ്ടായിരുന്ന ഡ്രൈവറോടും ഗൺമാനോടും നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചിരുന്നു. കഴിഞ്ഞ ദിവസം ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ വസതിയിലെത്തിയപ്പോൾ മിശ്ര അവിടെ ഉണ്ടായിരുന്നില്ല.
അന്വേഷണത്തിനൊടുവിൽ ജില്ലാ കളക്ടർ മിശ്രയെ ഫോണിൽ ബന്ധപ്പെട്ടു. ബംഗളൂരുവിൽ പോയെന്നാണ് അറിയിച്ചതെന്ന് കളക്ടർ പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ ഔദ്യോഗിക നമ്പർ ഉത്തർപ്രദേശിലെ കാൺപൂരിലെ ടവർ ലൊക്കേഷനിലായിരുന്നു.
ഗൃഹനിരീക്ഷണത്തിൽ ഇരിക്കാതെ കറങ്ങിനടക്കുന്നവരെ അറസ്റ്റ് ചെയ്യാൻ ജില്ലാ ഭരണകൂടം ഓടിനടക്കുമ്പോഴാണ് അതിന്റെ ഭാഗമായ സബ് കളക്ടർ തന്നെ ഗുരുതര ചട്ടലംഘനം നടത്തിയത്. ഇത് സംബന്ധിച്ച് സർക്കാരിന് റിപ്പോർട്ട് നൽകിയതായും കളക്ടർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |